സി.പി.എമ്മിന്റെ 'തല'സ്ഥാനം വീണ്ടും കണ്ണൂര്‍

Posted on: 24 Feb 2015

ഇതുവരെയുള്ള എട്ടു സംസ്ഥാന സെക്രട്ടറിമാരില്‍ ആറുപേര്‍ കണ്ണൂരില്‍നിന്ന്


കണ്ണൂര്‍:
പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ കണ്ണൂര്‍ ജില്ല വീണ്ടും സി.പി.എം. എന്ന പാര്‍ട്ടിയുടെ 'തല'സ്ഥാനമായി ചരിത്രം സൃഷ്ടിക്കുന്നു. നാലുതവണ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ ഒഴിഞ്ഞതിനുശേഷം വിണ്ടും ഒരു കണ്ണൂര്‍ക്കാരന്‍തന്നെ ആ സ്ഥാനത്തെത്തുകയാണ്. അതും പിണറായിയില്‍നിന്ന് പത്തുകിലോമീറ്റര്‍ മാത്രം ദൂരമുള്ള കോടിയേരിയിലെ കോടിയേരി ബാലകൃഷ്ണന്‍. 1964 മുതല്‍ 2015 വരെ 51 വര്‍ഷങ്ങള്‍ക്കിടെ 37 വര്‍ഷവും കണ്ണൂര്‍ ജില്ലക്കാരന്‍ തന്നെ പാര്‍ട്ടി സെക്രട്ടറിസ്ഥാനത്തിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.
1964-ല്‍ സി.പി.എം. രൂപംകൊണ്ട ശേഷം വന്ന ഇതുവരെയുള്ള എട്ടു സംസ്ഥാന സെക്രട്ടറിമാരില്‍ ആറുപേരും കണ്ണൂര്‍ക്കാരായത് ജില്ലയുടെ വിപ്ലവക്കരുത്താണ് കാണിക്കുന്നത്. എ.കെ.ജി., സി.എച്ച്.കണാരന്‍, ഇ.കെ.നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണനുമാണ് കണ്ണൂര്‍ ജില്ലക്കാര്‍. ഇ.എം.എസ്., വി.എസ്.അച്യുതാനന്ദന്‍ എന്നീ രണ്ടുപേര്‍ മാത്രമാണ് കണ്ണൂര്‍ക്കാരല്ലാത്തവര്‍.
16 വര്‍ഷം പിണറായി വിജയനും എട്ടു വര്‍ഷം നായനാരും രണ്ടു ഘട്ടങ്ങളിലായി അഞ്ചുവര്‍ഷം സി.എച്ച്.കണാരനും രണ്ടുവര്‍ഷം ചടയന്‍ ഗോവിന്ദനും ഒന്നരവര്‍ഷം എ.കെ.ജി.യും പാര്‍ട്ടി സെക്രട്ടറിമാരായി. അതുകൊണ്ടു തന്നെ പാര്‍ട്ടിയില്‍ കണ്ണൂരിന്റെ മേല്‍ക്കോയ്മ എന്നും നിറഞ്ഞുനിന്നു. കണ്ണൂരില്‍ നിന്ന് മൂന്ന് പി.ബി. അംഗങ്ങളും ഉണ്ടായി. പിണറായി, കോടിയേരി, എ.കെ.പദ്മനാഭന്‍ എന്നിവര്‍. എ.കെ.പദ്മനാഭന്‍ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയാണെങ്കിലും തമിഴ്‌നാടിന്റെ പ്രതിനിധിയായാണ് പി.ബി.യിലെത്തിയത് സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കെ.കെ.ശൈലജ, പി.കെ.ശ്രീമതി, ഇ.പി.ജയരാജന്‍ എന്നീ മൂന്നു കേന്ദ്രകമ്മിറ്റി അംഗങ്ങളും കണ്ണൂര്‍ക്കാരാണ്.
സി.പി.എമ്മിന്റെ ആദ്യ പാര്‍ട്ടി സെക്രട്ടറിയായ സി.എച്ച്.കണാരന്‍ 1964 ഒക്ടോബര്‍ 18 മുതല്‍ 1968 ജനവരി ഏഴുവരെയാണ് തുടര്‍ന്നത്. തലശ്ശേരി പൂന്നോല്‍ സ്വദേശിയാണ്. പിന്നീട് 1969 നവംബര്‍ 13 മുതല്‍ 1971 ഡിസംബര്‍ 12 വരെ ഇ.എം.എസ്സും സെക്രട്ടറിയായി. ഒരുവര്‍ഷം വീണ്ടും സി.എച്ച്.കണാരന്‍ സെക്രട്ടറിയായി. പിന്നീട് 1972 മുതല്‍ 1980 വരെ തുടര്‍ച്ചയായി എട്ടുവര്‍ഷം നായനാര്‍ സെക്രട്ടറിയായി. പിന്നീട് 11 വര്‍ഷം വി.എസ്.അച്യുതാനന്ദനും. തുടര്‍ന്ന് നായനാര്‍ ഒരിക്കല്‍ക്കൂടി സെക്രട്ടറിയായി. പിന്നീട് ചടയന്‍ ഗോവിന്ദനും പിണറായിയും വന്നു. ഇതില്‍ കൂടുതല്‍ കാലം സെക്രട്ടറിയായത് പിണറായിയാണ്. ഇക്കുറി കൂടുതല്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളും കണ്ണൂരില്‍നിന്നുതന്നെ. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായ ഡോ. വി.ശിവദാസന്‍ പുതുതായി സംസ്ഥാനകമ്മിറ്റിയിലെത്തിയിട്ടുണ്ട്. പാര്‍ട്ടി കണ്‍ട്രോള്‍കമ്മീഷന്‍ ചെയര്‍മാന്‍ ടി.കൃഷ്ണനും കണ്ണൂര്‍ മുഴക്കുന്ന് സ്വദേശിയാണ്.
സി.പി.എമ്മിന്റെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരില്‍ നിന്നാണ് വലിയ നേതാക്കള്‍ പാര്‍ട്ടിയെ നിയന്ത്രിച്ചത്. പാര്‍ട്ടിയില്‍ അവസാനകാലത്ത് വിഭാഗീയത കത്തിപ്പടര്‍ന്നപ്പോഴും കണ്ണൂര്‍ ഔദ്യോഗിക പക്ഷത്തോടൊപ്പം നിന്നതിന്റെ പ്രധാനകാരണം കണ്ണൂരിന്റെ സംഘടനാ ശക്തിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും ശക്തനായ കമ്യൂണിസ്റ്റു നേതാവായിരുന്നു എ.കെ.ജി.. ഒരവസരത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിച്ച അദ്ദേഹം കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരി സ്വദേശിയാണ്.
പാര്‍ട്ടിയുടെ കണ്ണൂര്‍ സ്വാധീനം തന്നെയാണ് മാധ്യമങ്ങളിലും മറ്റും വരുന്ന കണ്ണൂര്‍ ലോബി എന്ന പരാമര്‍ശങ്ങള്‍ക്കുകാരണം. നിലവില്‍ പാര്‍ട്ടിയുടെ പ്രധാന പോഷകസംഘടനകളുടെ തലപ്പത്ത് കണ്ണൂര്‍ക്കാരാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് എം.എല്‍.എ., ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.ശൈലജ, എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി.ശിവദാസന്‍, കെ.എസ്.കെ.ടി.യും സംസ്ഥാന പ്രസിഡന്റ് എം.വി.ഗോവിന്ദന്‍, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് ഇ.പി.ജയരാജന്‍ എന്നിവരും കണ്ണൂരിന്റെ പ്രതിനിധികളാണ്.



Photogallery

 

ga