വി.എസ്സിനെ തള്ളി സമ്മേളനം കൊടിയിറങ്ങി

Posted on: 24 Feb 2015


യെച്ചൂരിയും ബൃന്ദയും ബേബിയും വി.എസ്.വിഷയം പരാമര്‍ശിച്ചില്ല


ആലപ്പുഴ :
വി.എസ്സിനോട് ഇനി വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സി.പി.എം. സംസ്ഥാന സമ്മേളനത്തിന് കൊടിയിറക്കം. പാര്‍ട്ടിക്ക് വിധേയനാകുമെങ്കില്‍ വി.എസ്സിന് തിരികെവരാമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞപ്പോള്‍ പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്ഥാനമൊഴിഞ്ഞ സെക്രട്ടറി പിണറായി വിജയനും വി.എസ്സിനോട് ഒരു ദയയും കാട്ടിയില്ല.
അതേസമയം പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്, എം.എ. ബേബി തുടങ്ങിയവര്‍ ഈവിഷയം പരാമര്‍ശിച്ചതേയില്ല.

പ്രസംഗത്തിന്റെ അവസാനമാണ് കാരാട്ട് വി.എസ്.വിഷയം സംസാരിച്ചത്. മുതിര്‍ന്നനേതാവ് എന്ന നിലയില്‍ വി.എസ്സിന്റെ സംഭാവനകളെ അനുസ്മരിച്ച അദ്ദേഹം വി.എസ്. പിണങ്ങിപ്പോയതിലുള്ള നൈരാശ്യം മറച്ചുവെച്ചില്ല. നിലപാടുമാറ്റി പാര്‍ട്ടിഅച്ചടക്കം പാലിച്ച് പാര്‍ട്ടിക്കൊപ്പം കൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വി.എസ്. മടങ്ങിയെത്തണമെന്ന താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തയ്യാറാണെങ്കിലും ആരെയും പിന്തുടരില്ല എന്ന മുന്നറിയിപ്പും നല്‍കിയാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.
കോടിയേരിയുടേയും പിണറായിയുടേയും പ്രസംഗം വി.എസ്സിനുള്ള മുന്നറിയിപ്പുതന്നെയായിരുന്നു. ആലപ്പുഴയില്‍ കെ.ആര്‍. ഗൗരിയമ്മയും കണ്ണൂരില്‍ എം.വി.രാഘവനും പാര്‍ട്ടിയെ വെല്ലുവിളിച്ച ഭൂതകാലം ഓര്‍മ്മിപ്പിച്ച കോടിയേരി, വി.എസ്. പാര്‍ട്ടിവിട്ടാലും ഒന്നും സംഭവിക്കില്ലെന്നാണ് വ്യക്തമാക്കിയത്.
ഒരു നേതാവും വ്യക്തിയും പാര്‍ട്ടിക്ക് അതീതമല്ലെന്നായിരുന്നു സംസാരത്തിന്റെ കാതല്‍.
തനിക്കെതിരെ വി.എസ്. നടത്തിയ നീക്കങ്ങള്‍ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു പിണറായിയുടെ പ്രസംഗം. ആരുടെയും വിരട്ടലും വിലപേശലും ഈ പാര്‍ട്ടിയോടു വേണ്ടെന്നുള്ള പിണറായിയുടെ താക്കീതും വി.എസ്സിനുതന്നെയെന്ന് വ്യക്തം.
വളരെ മയെപ്പടുത്തിയാണ് സംസാരിച്ചതെങ്കിലും പാര്‍ട്ടിചട്ടങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് സംഘടനയില്‍ സ്ഥാനമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും വ്യക്തമാക്കി. യെച്ചൂരിയും ബൃന്ദയും വി.എസ്സിനോടു മൃദു സമീപനമുള്ളവരായിട്ടാണ് വിലയിരുത്തുന്നത്. വി.എസ്സിനെ വിമര്‍ശിക്കാന്‍ മത്സരം നടന്ന സമ്മേളനത്തില്‍ മുന്‍ ആലപ്പുഴ സെക്രട്ടറി കൂടിയായ എം.എ. ബേബി ഒന്നും പറയാത്തതും ശ്രദ്ധിക്കപ്പെട്ടു.



Photogallery

 

ga