അച്യുതാനന്ദന്‍ പാര്‍ട്ടിയെയും പാര്‍ട്ടി അച്യുതാനന്ദനെയും അംഗീകരിക്കാത്തത് സി.പി.എം. പ്രതിസന്ധിക്ക് കാരണം-വെള്ളാപ്പള്ളി നടേശന്‍

Posted on: 24 Feb 2015

ശാസ്താംകോട്ട: വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിയെയും പാര്‍ട്ടി അച്യുതാനന്ദനെയും അംഗീകരിക്കാത്തതാണ് സി.പി.എം. ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരാളെ വേദിയിലിരുത്തി 56 പേര്‍ മുഖത്ത് നോക്കി സഹിക്കാത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഇറങ്ങിപ്പോയില്ലെങ്കിലേ അതിശയമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. ഇന്ന് പരിക്കേറ്റ് കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്താംകോട്ടയില്‍ പൊതു ചടങ്ങിനെത്തിയ വെള്ളാപ്പള്ളി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു.
സി.പി.എമ്മിനുവേണ്ടി കടുത്ത ത്യാഗവും പീഡനവും സഹിച്ച ഏറ്റവും മുതിര്‍ന്ന നേതാവായ അദ്ദേഹത്തെ വിമര്‍ശിച്ചവരില്‍ ഏറെയും ചെങ്കൊടി എന്താണെന്നുപോലും അറിയാത്തവരും പിക്‌നിക് മാത്രം കണ്ട് ശീലിച്ചവരുമാണ്. വി.എസ്സിനെ വെട്ടിനുറുക്കണമെന്നൊക്കെ പറയുന്ന ഇത്തരക്കാര്‍ ത്യാഗത്തിന്റെ വില അറിയാത്തവരും കമ്മ്യൂണിസ്റ്റല്ലാത്തവരുമാണ്. അച്യുതാനന്ദന്റെ ത്യാഗമറിയാവുന്നവര്‍ ഇത്തരത്തില്‍ വൃത്തികെട്ട വിമര്‍ശം നടത്തില്ലായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അച്യുതാനന്ദന്റെ ഇന്നത്തെ സ്ഥിതി കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ലിന് സമാനമാണ്. 1963 മുതല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന തനിക്ക് വി.എസ്സിന്റെ സ്വഭാവം നല്ലതുപോലെ അറിയാം. ഒപ്പം നിന്ന എം.വി.രാഘവനെയും ഗൗരിയമ്മയെയും വെട്ടിനിരത്തിയ ചരിത്രവുമുണ്ട്. വി.എസ്സിനെ ഒതുക്കാന്‍ പിണറായി മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിടിച്ചടക്കി. സീനിയറായ പലരെയും വെട്ടിനിരത്തി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വി.എസ്സിന്റെ ഫ്ലൂക്‌സെങ്കിലുമില്ലാതെ ജയിക്കില്ലെന്ന തോന്നല്‍ സി.പി.എമ്മിനുണ്ടായി. ഇത് നേതാക്കളില്ലെങ്കിലും പാവപ്പെട്ട അണികള്‍ വി.എസ്സിനൊപ്പമാണെന്നതിന്റെ തെളിവാണ്. ഇന്ന് ആദര്‍ശ രാഷ്ട്രീയം മരിച്ചെന്നും അവസരവാദ രാഷ്ട്രീയമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സി.പി.എം.സെക്രട്ടറിയായ കോടിയേരിക്കുമുന്നില്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടെന്നും പിണറായി വിജയനെക്കാള്‍ നല്ല സെക്രട്ടറിയാകാന്‍ കോടിയേരിക്ക് കഴിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ സരസമായ പെരുമാറ്റവും പിണറായിയില്‍നിന്ന് വേറിട്ടുള്ള ശൈലിയും പാര്‍ട്ടിക്ക് ഗുണം ചെയ്യും. മാണിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ പ്രത്യേക നിലപാടില്ലെന്നും മീഡിയ മാനിയ ബാധിച്ചവരാണ് എന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും രാഷ്ട്രീയത്തില്‍ എല്ലാവരും കാശ് വാങ്ങുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Photogallery

 

ga