ഒഴിഞ്ഞത് പിണറായി; തിരശ്ശീല വീണത് വി.എസ്.യുഗത്തിന്

ആര്‍. ഹരികുമാര്‍ Posted on: 24 Feb 2015


ആലപ്പുഴ:
സി.പി.എമ്മിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടന്ന ആലപ്പുഴയില്‍ അഞ്ചുപതിറ്റാണ്ടിന് ശേഷം നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന സമിതിക്ക് ഒരു പ്രത്യേകതയുണ്ട്. പാര്‍ട്ടിയുടെ സ്ഥാപകരില്‍ ജീവിച്ചിരിക്കുന്ന കേരളത്തിലെ ഏക നേതാവായ വി.എസ്. അച്യുതാനന്ദനില്ലാത്ത ആദ്യ സംസ്ഥാന സമിതിയാണിത്.

ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം സി.പി.എമ്മിന്റെ അമരക്കാരനായിരുന്ന പിണറായി വിജയന്‍ സ്ഥാനമൊഴിയുമ്പോള്‍ തിരശ്ശീല വീഴുന്നത് പിണറായി യുഗത്തിനല്ല. മറിച്ച് രൂപവത്കരണകാലം മുതല്‍ ഇന്നോളം പാര്‍ട്ടിയില്‍ നിര്‍ണ്ണായക ശക്തിയായിരുന്ന വി.എസ്. ഘടകത്തിനാണ്.

1980 ല്‍ ഇ.കെ. നായനാരില്‍നിന്ന് സംസ്ഥാന സെക്രട്ടറിപദം ഏറ്റെടുത്തതുമുതല്‍ ഇന്നുവരെ സി.പി.എമ്മിലെ ഒന്നാമത്തെ താരം വി.എസ്സായിരുന്നു. അഖിലേന്ത്യാ നേതൃത്വത്തില്‍ ഇ.എം.എസ്സും ഭരണനേതൃത്വത്തില്‍ ഇ.കെ.നായനാരും ആദ്യ ഘട്ടങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നെങ്കിലും വി.എസ്സിന്റെ മേധാവിത്വത്തിന് ഇടിവുണ്ടായിരുന്നില്ല. പാര്‍ട്ടിയില്‍ അക്കാലങ്ങളില്‍ അരങ്ങേറിയ എല്ലാ സംഭവവികാസങ്ങളിലും ഏതെങ്കിലും ഒരുചേരിയില്‍ വി.എസ്. ഉണ്ടായിരുന്നു. സംസ്ഥാന സമിതിയില്‍നിന്ന് വി.എസ്. ഒഴിവാക്കപ്പെട്ടതോടെ പാര്‍ട്ടിയുടെ കേന്ദ്രസ്ഥാനത്ത് പിണറായി- കോടിയേരി ദ്വന്ദ്വത്തിന്റെ ആധിപത്യമാണ് പ്രതിഷ്ഠിക്കപ്പെടുന്നത്.

പാര്‍ട്ടിക്ക് തീരാശാപമായി മാറിയിരുന്ന വിഭാഗീയതക്ക് വിരാമമിട്ടെന്ന പ്രഖ്യാപനത്തോടെയാണ് ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളിലേക്ക് സി.പി.എം. കടന്നത്. എന്നാല്‍, ആ പ്രഖ്യാപനത്തെ അപ്രസക്തമാക്കി വിഭാഗീയതയും അതുമായ ബന്ധപ്പെട്ട വിവാദങ്ങളും പടലപ്പിണക്കങ്ങളും പാരമ്യത്തിലെത്തുന്നതാണ് സമ്മേളനത്തില്‍ കണ്ടത്. സി.പി.എമ്മിന്റെ സംഘടനാ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്ക് ഉന്നതനേതാക്കള്‍തന്നെ തുടക്കം കുറിച്ചു. സമ്മേളനത്തിന് മൂന്നുദിവസം മുന്‍പ് പാര്‍ട്ടിയുടെ ഉന്നതനേതാവായ വി.എസ്. കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതേത്തുടര്‍ന്ന് സമ്മേളനത്തലേന്ന് തിരക്കിട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറ്ിയറ്റ് യോഗം പാര്‍ട്ടിയുടെ സ്ഥാപകനേതാവായ വി.എസ്സിനെ പാര്‍ട്ടിവിരുദ്ധനെന്ന് വിലയിരുത്തി. അതിനുശേഷം പാര്‍ട്ടിവിരുദ്ധനെന്ന് പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ വിശേഷിപ്പിച്ച വി.എസ്സിനെക്കൊണ്ടുതന്നെ സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള പതാക ഉയര്‍ത്തിച്ചു. ഇതിനുശേഷം സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്രനേതാക്കളെയും പ്രതിനിധികളെയും അമ്പരിപ്പിച്ച് വി.എസ്. സമ്മേളനനഗരിയില്‍നിന്ന് ആരോടും പറയാതെ ഇറങ്ങിപ്പോയി. പീന്നീട് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം സമ്മേളന നഗരിയായിരുന്നില്ല, വി.എസ്സിന്റെ പുന്നപ്രയിലെ വസതിയായ വേലിക്കകത്ത് വീടായിരുന്നു.
ഈ ഇറങ്ങിപ്പോക്ക് സി.പി.എം. നേതൃത്വത്തിന് വലിയ ആഘാതമായി. എന്നാല്‍ 'ആരെയും അകറ്റാത്ത' കോടിയേരി ബാലകൃഷ്ണന്റെ സംഘടനാ ശേഷികൊണ്ട് ഈ മുറിവ് ഉണക്കാമെന്ന വിശ്വാസത്തിലാണ് സി.പി.എം. നേതൃത്വം. 1991ല്‍ കോഴിക്കോട് സംസ്ഥാന സമ്മേളനത്തില്‍ ആരംഭിച്ച പാര്‍ട്ടിവിഭാഗീയത വി.എസ്സിന്റെ ഇറങ്ങിപ്പോക്കോടെ കത്തിത്തീര്‍ന്നെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം നേതൃത്വത്തിന്റെ ഈ കണക്കുകൂട്ടല്‍ യാഥാര്‍ഥ്യമാകുമോ എന്ന് വരുംദിവസങ്ങളിലെ വ്യക്തമാകുകയുള്ളു. എന്തായാലും ഒരുകാര്യം വ്യക്തമാണ്. ഇനിമുതല്‍ വി.എസ്സിനെ സംസ്ഥാന നേതൃത്വം കാര്യമായി പരിഗണിക്കുകയില്ല. ഇക്കാര്യം അവരവരുടേതായ രീതിയില്‍ പ്രകാശ് കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവര്‍ ആലപ്പുഴയില്‍ പൊതുസമ്മേളനത്തില്‍ പാര്‍ട്ടി അണികളോട് പ്രഖ്യാപിയ്ക്കുകയും ചെയ്തു.
വി.എസ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ഇപ്പോഴും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമാണ്. കേരള നിയമസഭയിലെ പ്രതിപക്ഷനേതാവും സി.പി.എം. നിയമസഭാകക്ഷി നേതാവുമാണ്. ബാര്‍കോഴ വിവാദം ആയുധമാക്കി സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭത്തിന് തീരുമാനമെടുത്തുകൊണ്ടാണ് സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയത്.
പാര്‍ട്ടിവിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ട പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ എത്രത്തോളം ഫലപ്രദമായി സംസ്ഥാന സര്‍ക്കാരിനെതിരെ സഭക്ക് അകത്തും പുറത്തും സമരം നടത്താനാകുമെന്ന ചോദ്യത്തിന് പാര്‍ട്ടി ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രതിനിധിസമ്മേളനത്തില്‍ നടന്ന ചര്‍ച്ചയുടെ ദിശതന്നെ വി.എസ്സിനെതിരായ വിമര്‍ശനമായിരുന്നു. ദേശീയരംഗത്ത് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി മറികടക്കുന്നതിന് അവലംബിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചൊന്നും കാര്യമായ ആലോചന നടന്നതായി സൂചനയില്ല.
സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ പിണറായി വിജയന്‍ പാര്‍ലമെന്ററി രംഗത്ത് കേന്ദ്രീകരിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലൂടെയായിരിക്കും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി രംഗപ്രവേശം. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരുവര്‍ഷത്തിലേറെ സമയം ബാക്കിയുണ്ട്. അത്രയുംകാലം പിണറായി വിജയന്‍ പോളിറ്റ്ബ്യൂറോ അംഗം മാത്രമായി സി.പി.എം. സംഘടനാരാഷ്ട്രീയത്തില്‍ തുടരേണ്ടിവരും.



Photogallery

 

ga