ആലപ്പുഴ : പാര്‍ട്ടി ഏതെങ്കിലും വ്യക്തിയുടേതല്ലെന്നും ജനങ്ങളുടെ പൊതുസ്വത്താണെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു നേതാവോ വ്യക്തിയോ പാര്‍ട്ടിക്കതീതനല്ലെന്ന് പുതിയ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിരട്ടലും വിലപേശലും പാര്‍ട്ടിയോടു വേണ്ടെന്ന് മുന്‍ സെക്രട്ടറി പിണറായി വിജയന്‍.
സി.പി.എം. സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ നേതാക്കള്‍ വി.എസ്. എടുത്ത നിലപാടുകളെ നിശിതമായി വിമര്‍ശിച്ചു. ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്.
ഈ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കാത്തത് നിരാശപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. വി.എസ്. സമ്മേളനത്തിന്റെ രണ്ടാംനാള്‍ ഇറങ്ങിപ്പോയി. താന്‍ നേരിട്ട് ഫോണില്‍വിളിച്ച് അദ്ദേഹത്തോട് മടങ്ങിവരാന്‍ അഭ്യര്‍ത്ഥിച്ചതാണ്. കമ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുത്തതില്‍ വി.എസ്സിന്റെ സംഭാവനകള്‍ അനുസ്മരിച്ച കാരാട്ട്, അദ്ദേഹം പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും പറഞ്ഞു. പാര്‍ട്ടിയുടെ തുടര്‍ന്നുള്ള പോരാട്ടങ്ങളില്‍ വി.എസ്. പാര്‍ട്ടി അച്ചടക്കത്തിന് വിധേയമായി തിരിച്ചുവരുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. കൂട്ടായ ഉത്തരവാദിത്വത്തിന്റെ ഫലമാണ് പാര്‍ട്ടി. എല്ലാവരെയും കൂട്ടിക്കൊണ്ടു പോകുമെന്നും ആരെയും പിന്തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇത് വ്യക്തികേന്ദ്രീകൃത പാര്‍ട്ടിയല്ലെന്ന് വ്യക്തമാക്കി. 1985ല്‍ എം.വി.രാഘവന്‍ പാര്‍ട്ടി വിട്ടുപോയപ്പോള്‍ എല്ലാം പോയി എന്നായിരുന്നു പ്രചാരണം. 87ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ സി.പി.എം. അധികാരത്തില്‍ എത്തിയാണ് കരുത്തുകാട്ടിയത്. ആലപ്പുഴയില്‍ കെ.ആര്‍. ഗൗരിയമ്മയും പാര്‍ട്ടിയെ വെല്ലുവിളിച്ചു. തിരുവിതാംകൂറില്‍ പാര്‍ട്ടി തകര്‍ന്നുവെന്നായിരുന്നു പ്രചാരണം. 2006ല്‍ വീണ്ടും പാര്‍ട്ടി അധികാരത്തിലെത്തി. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന തത്ത്വങ്ങള്‍ക്ക് പിന്നിലാണ് ജനങ്ങള്‍ അണി നിരക്കേണ്ടത്.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന്‍ പിള്ള, സീതാറാം െയച്ചൂരി, ബൃന്ദാ കാരാട്ട്, പിണറായി വിജയന്‍, എ.കെ. പത്മനാഭന്‍, എം.എ. ബേബി, കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ സ്വാഗതം പറഞ്ഞു.