ആലപ്പുഴ: നാലുനാള്‍ മുമ്പ് സി.പി.എം. സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ത്തി തുടക്കംകുറിച്ച വി.എസ്. അച്യുതാനന്ദന്‍ തിങ്കളാഴ്ച സമാപന സമ്മേളനത്തില്‍ ഇല്ലായിരുന്നു. പാര്‍ട്ടിയോടു കലഹിച്ച് സമ്മേളനത്തില്‍നിന്ന് വിട്ടുനിന്ന സ്ഥാപകനേതാവിന്റെ അസാന്നിധ്യം പ്രസംഗങ്ങളിലും ദൃശ്യമാധ്യമ സംവാദങ്ങളിലും സജീവ ചര്‍ച്ചയായി. ഒന്നും വി.എസ്സിന് അനുകൂലമല്ലായിരുന്നുവെന്നുമാത്രം.
വി.എസ്. വിട്ടുനിന്നത് ശരിയായില്ലെന്ന് നേതാക്കള്‍ ഒരേ സ്വരത്തിലാണ് പ്രതികരിച്ചത്. അതേസമയം വി.എസ്. മടങ്ങിവരുമെന്ന പ്രതീക്ഷയും ചിലര്‍ പ്രകടിപ്പിച്ചു.
വി.എസ്സിനെതിരായ പരോക്ഷ വിമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെ അനുകൂലിച്ചുള്ള ആരവങ്ങളാണ് ജനക്കൂട്ടത്തില്‍നിന്നുണ്ടായത്. ആലപ്പുഴയില്‍ പുന്നപ്ര-വയലാര്‍ പോരാട്ടം അനുസ്മരിച്ചാണ് പ്രമുഖര്‍ പ്രസംഗം തുടങ്ങിയത്. ഈ സമയം പുന്നപ്ര-വയലാര്‍ സമരനായകന്‍കൂടിയായ വി.എസ്. വേദിയിലില്ലാതെ വിമര്‍ശിക്കപ്പെടുകയായിരുന്നു.