ആലപ്പുഴ: ചെമ്പട്ടുടുത്ത വഴിത്താരകളില്‍ ആവേശത്തിരയിളക്കിയെത്തിയ പ്രകടനം സി.പി.എമ്മിന്റെ കരുത്തറിയിച്ചു. ചെങ്കൊടിക്കീഴില്‍ താളവും പാട്ടും മുദ്രാവാക്യവും മനം കവരുന്ന ദൃശ്യങ്ങളും നിറഞ്ഞ് നീങ്ങിയപ്പോള്‍ വഴിയോരങ്ങളില്‍ കാഴ്ചക്കാരും തിങ്ങിക്കൂടി. പാര്‍ട്ടിയുടെ മുഴുവന്‍ ശക്തിയും പ്രകടമാക്കിയാണ് സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള പ്രകടനം ഇ.എം.എസ്.സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച സമാപിച്ചത്.
ആദ്യം ചുവപ്പുസേനയുടെ മാര്‍ച്ചായിരുന്നു. ഇത് ആലപ്പുഴ എസ്.ഡി.വി. സ്‌കൂള്‍ മൈതാനത്തുനിന്ന് രണ്ടരയോടെ ആരംഭിച്ചു. ജില്ലയിലെ പതിനഞ്ച് ഏരിയയില്‍നിന്നുള്ള ആയിരക്കണക്കിന് വളന്റിയര്‍മാര്‍ നിറഞ്ഞ മാര്‍ച്ച്, വൈകിട്ട് ഏഴുമണിയോടെയാണ് സ്റ്റേഡിയം പരിസരത്ത് എത്തിച്ചേര്‍ന്നത്. അതിനിടയില്‍ അഞ്ചുമണിയോടെ പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനമെത്തി. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, എം.എ.ബേബി, ഇ.പി.ജയരാജന്‍, പി.കെശ്രീമതി, കെ.കെ.ശൈലജ, എം.സി.ജോസഫൈന്‍ തുടങ്ങിയവരായിരുന്നു ആദ്യനിരയില്‍.
വനിതകളുടെ വന്‍പങ്കാളിത്തമാണ് ചുവപ്പുസേനയെ ശ്രദ്ധേയമാക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍മുതല്‍ വീട്ടമ്മമാര്‍വരെ ചിട്ടയോടെ നീങ്ങി. ബാന്‍ഡും ചെണ്ടമേളവും ഇവരുടെ ചുവടുകള്‍ക്ക് ആവേശം പകര്‍ന്നു. എടുപ്പുകുതിര, മയിലാട്ടം, തെയ്യം, വേലകളി, ഗരുഡന്‍ പറവ, ഓട്ടന്‍തുള്ളല്‍ വേഷങ്ങള്‍ എല്ലാം ഇടകലര്‍ന്നെത്തിയ പ്രകടനം കാണികള്‍ക്ക് ഉത്സവവിരുന്നൊരുക്കി. ചുവപ്പും വെളുപ്പും കലര്‍ന്ന തൊപ്പികള്‍ ധരിച്ചെത്തിയവര്‍, ചെഗുവേരയുടെ ചിത്രം പതിച്ച ടവ്വലുകള്‍ തലയില്‍ കെട്ടിയ ചെറുപ്പക്കാര്‍, അരിവാള്‍ ചുറ്റിക പതിച്ച ബനിയനണിഞ്ഞവര്‍, ചുവപ്പ് മുണ്ടുടുത്തവരുടെ പാട്ടുകൂട്ടം... എല്ലാം വിപ്ലവപ്രതീക്ഷകളുടെ വൈവിധ്യം പ്രകടമാക്കിയാണ് നീങ്ങിയത്.
ചുവപ്പുസേനാ മാര്‍ച്ചും പ്രകടനവും വന്നുകയറി അഞ്ചുമണിയായപ്പോള്‍ത്തന്നെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. പൊതുസമ്മേളനം ആറുമണികഴിഞ്ഞാണ് തുടങ്ങിയത് അപ്പോഴും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വഴികളില്‍ പ്രകടനങ്ങളായി നില്ക്കുകയായിരുന്നു.