തിരുവനന്തപുരം: താന്‍ പാര്‍ട്ടിവിരുദ്ധനെന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെപ്പറ്റിയുള്ള വിശദീകരണവുമായി വി.എസ്.അച്യുതാനന്ദന്റെ പത്രക്കുറിപ്പ്. സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ചേര്‍ത്തിരുന്ന വാസ്തവവിരുദ്ധമായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയെന്നത് മനിസ്സിലാക്കുന്നു. അത് അത്രത്തോളം നല്ലതാണ്. പി.ബി. പരിശോധനയ്ക്കുശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കപ്പെടുമെന്ന് ആശിക്കുന്നതായും വി.എസ്. പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
വി.എസ്. ആലപ്പുഴയിലെ സമ്മേളന നഗരിയിലേക്ക് മടങ്ങിപ്പോകുമോ ഇല്ലയോ എന്ന സന്ദേഹങ്ങള്‍ക്കിടെയാണ് തിങ്കളാഴ്ച രാവിലെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പ് ഇറക്കിയത്.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ മൂന്ന് പാര്‍ട്ടി അംഗങ്ങളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് താന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം അതില്‍ ഒരാള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. മറ്റ് രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് മാത്രമല്ല, അവരെ പാര്‍ട്ടി കമ്മിറ്റികളില്‍ നേതാക്കന്മാരായി അവരോധിച്ചു. അവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും പാര്‍ട്ടിക്കുണ്ടായ ദുഷ്‌പേര് ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതായും വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ പാര്‍ട്ടിവിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന ബോധ്യംകൊണ്ടാണ് സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതായും വി.എസ്. വ്യക്തമാക്കി. ഇക്കാരണങ്ങളാല്‍ തനിക്ക് തിങ്കളാഴ്ചത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെവന്നിരിക്കുകയാണെന്നും തന്റെ നിസ്സഹായാവസ്ഥ പാര്‍ട്ടി സെക്രട്ടറിയെ തിങ്കളാഴ്ചയും രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വി.എസ്. അച്യുതാനന്ദന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി.