കണ്ണൂര്‍: സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ കണ്ണൂരിന്റെ ആധിപത്യം തുടരുന്നു. പുതുമുഖമായി എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായ വി.ശിവദാസന്‍കൂടി സംസ്ഥാന കമ്മിറ്റിയിലേക്ക് വന്നതോടെ നിലവിലുള്ളതിനേക്കാള്‍ ഒരംഗം കണ്ണൂരിന് കൂടി.
ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സഹോദരിയും മുന്‍ വടകര എം.പി.യുമായ പി.സതീദേവിയും പി.ജയരാജനൊപ്പം സംസ്ഥാന കമ്മിറ്റിയിലുണ്ട്. ഇ.പി.ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ.ശ്രീമതി എം.പി. ഇവര്‍ ഇരുവരും സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്.
ഒഴിച്ചിട്ടതടക്കം 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 13 പേര്‍ കണ്ണൂരുകാരാണ്. ഇതുകൂടാതെ കാസര്‍കോട് ജില്ലക്കാരനായ സംസ്ഥാന കമ്മിറ്റിയംഗം പി.കരുണാകരനും കണ്ണൂരിന്റെ മരുമകനാണ്. എ.കെ.ജി.യുടെ മകള്‍ ലൈലയുടെ ഭര്‍ത്താവാണ് പി.കരുണാകരന്‍.
പാര്‍ട്ടിയുടെ കരുത്തുറ്റ നേതാക്കളായ മുന്‍ സെക്രട്ടറി പിണറായി വിജയന്‍, സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ കൂടാതെ കെ.കെ.ശൈലജ, എം.വി.ഗോവിന്ദന്‍, എം.വി.ജയരാജന്‍, കെ.പി.സഹദേവന്‍, കെ.കെ.രാഗേഷ്, ടി.വി.രാജേഷ്, ജയിംസ് മാത്യു എന്നിവരും കണ്ണൂരിനെ പ്രതിനിധീകരിച്ച് സംസ്ഥാന കമ്മിറ്റിയിലുണ്ട്.