വി.എസ്. വിഷയത്തില്‍ നിലപാട് മയപ്പെടുത്താതെ സി.പി.എം; കടുപ്പിക്കാതെ കോടിയേരി
ബിജു പരവത്ത്
Posted on: 24 Feb 2015
ആലപ്പുഴ: വി.എസ്. അച്യുതാനന്ദനെതിരെ കടുത്ത വാക്കുകളോ കനത്ത പ്രയോഗങ്ങളോ നടത്താതെ ഒന്നിച്ചുപോകാനുള്ള അവസരത്തിന് വഴിയൊരുക്കുന്നതായിരുന്നു പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്ത കോടിയേരി ബാലകൃഷ്ണന്റെ സമീപനം. അതേസമയം, വിട്ടുവീഴ്ച ചെയ്യേണ്ടതും തിരുത്തേണ്ടതും വി.എസ്സാണെന്ന സമ്മേളനത്തിന്റെ പൊതുവികാരവും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും അതേ അളവില്‍ വ്യക്തമാക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
വിലപേശല്‍വിട്ട് മടങ്ങിവന്നാല്‍ വി.എസ്സിന് പാര്‍ട്ടിയില്‍ ഇടം കിട്ടും. അല്ലെങ്കില്‍ പാര്‍ട്ടി അതിന്റെ വഴിക്ക് പോകും. അതാണ് നിലവിലെ സ്ഥിതി. വി.എസ്. നിലപാട് വ്യക്തമാക്കിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. എന്നാല്‍, അതിന്റെ മുന്നൊരുക്കങ്ങളെല്ലാം സമ്മേളനത്തില്‍ സി.പി.എം. നിര്‍വഹിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് വി.എസ്സിനെ ഒഴിവാക്കി. ഇതൊരാക്ഷേപമായി ഉയര്‍ന്നുവരാതിരിക്കാന്‍ ഒരു സീറ്റ് ഒഴിച്ചിട്ടു. സമ്മേളനം ബഹിഷ്‌കരിച്ച വി.എസ്സിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്ന കര്‍ശനനിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
80 വയസ്സുകഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കണമെന്ന ധാരണയാണ് നേരത്തെ നേതൃത്വത്തിലുണ്ടായിരുന്നത്. ഇതില്‍ വി.എസ്സിന് ഇളവ് നല്‍കണമെന്ന നിര്‍ദ്ദേശം കേന്ദ്രനേതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍, വി.എസ്. സമ്മേളനം ബഹിഷ്‌കരിച്ചതോടെ ഈ നിലമാറി. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ഇതോടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നും അദ്ദേഹം പുറത്തുപോകും. സെക്രട്ടേയറ്റില്‍നിന്ന് വി.എസ്സിനെ ഒഴിവാക്കാന്‍ നേരത്തെ ഔദ്യോഗിപക്ഷം ആഗ്രഹിച്ചതാണ്. അതിന് ബഹിഷ്‌കരണ പ്രതിഷേധത്തിലൂടെ വി.എസ്. തന്നെ അവസരമുണ്ടാക്കി.
രാഷ്ട്രീയസാഹചര്യത്തിനനുസരിച്ച് സംസ്ഥാന കമ്മിറ്റിയില്‍ പുതുതായി ആരെയെങ്കിലും ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടിക്ക് തോന്നിയാല്‍ അതിനുവേണ്ടിയാണ് ഒരു സീറ്റ് ഒഴിച്ചിട്ടതെന്ന് കോടിയേരി പറഞ്ഞു. ഇത് വി.എസ്സിന് നല്‍കുന്ന സന്ദേശമാണ്. എന്നാല്‍, ഇതിനൊപ്പം വി.എസ്സിനെ മാറ്റിനിര്‍ത്തിയെന്ന ആക്ഷേപമില്ലാതിരിക്കാനുള്ള വിശദീകരണം നല്‍കാനും കോടിയേരി ശ്രമിച്ചു. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ വി.എസ്സിന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാം. വി.എസ്. സംസ്ഥാന കമ്മിറ്റിയുടെ ഉപരിഘടകത്തിലെ അംഗമാണ്. അദ്ദേഹത്തിന് എല്ലാ പരിഗണനയും പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അതിനിയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വി.എസ്സിന് പാര്‍ട്ടിക്ക് വിധേയപ്പെടാന്‍ വഴിതുറന്നിട്ട കോടിയേരി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ശരിയെന്ന് ആവര്‍ത്തിച്ചു. വി.എസ്സിനെതിരെയുള്ള സെക്രട്ടറിയേറ്റിന്റെ പ്രമേയം തിരുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാതികളെല്ലാം ഉന്നയിക്കാന്‍ അവസരമുണ്ടായിട്ടും അത് ഉപയോഗിക്കാതിരുന്നത് വി.എസ്സാണ്. സമ്മേളനത്തിനിടെ പി.ബി.അംഗങ്ങളുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നു. ഇതില്‍ എല്ലാ പരാതികളും പറയാനും പി.ബി.അംഗങ്ങളെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിയുമായിരുന്നു. എന്നാല്‍, ഈ യോഗത്തില്‍ പങ്കെടുക്കാന്‍ വി.എസ്. തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റ് പ്രമേയത്തില്‍ പാര്‍ട്ടിവിരുദ്ധനെന്ന പരാമര്‍ശമുള്ളതിനാല്‍ ആലപ്പുഴയിലെ സമ്മേളന നഗരയിലേക്കില്ലെന്ന വി.എസ്സിന്റെ വിശദീകരണം കോടിയേരി തള്ളി. എന്നാല്‍, വി.എസ്സിനെ അകറ്റിനിര്‍ത്തുന്നവിധമുള്ളതായിരുന്നില്ല ഇതും. പ്രമേയത്തില്‍ പാര്‍ട്ടിവിരുദ്ധനെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. 'പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് വി.എസ്. തരംതാണു' എന്നായിരുന്നു പ്രമേയത്തിലെ പരാമര്‍ശം. പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയുള്ളയാള്‍ പാര്‍ട്ടി വിരുദ്ധനാകില്ലേയെന്ന് ചോദ്യത്തിന് കാര്യമായ വിശദീകരണം നല്‍കാന്‍ കോടിയേരി തയ്യാറായില്ല. പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്ന നിലപാടുകള്‍ ഒഴിവാക്കാനായിരുന്നു ഇത്.
പിണറായി വിജയനെയും അദ്ദേഹത്തിന്റെ നിലപാടുകളെയും കോടിയേരി പൂര്‍ണമായും പിന്തുണച്ചു. പ്രതിസന്ധിഘട്ടത്തില്‍ പതറാത നയിച്ച ധീരനായ കമ്യൂണിസ്റ്റാണ് പിണറായിയെന്ന് അദ്ദേഹം പറഞ്ഞു. പി.കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മരവിപ്പിച്ചതിന്റെ ക്രഡിറ്റും അദ്ദേഹം പിണറായിക്ക് നല്‍കി. ലാവ്‌ലിന്‍ കേസില്‍ വി.എസ്സിന്റെ പങ്കിനെക്കുറിച്ചുള്ളതാണ് പി.കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇത് സംഘടനാ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കണമെന്നത് വി.എസ്സിന്റെ ആവശ്യമായിരുന്നു. പിണറായി സെക്രട്ടേറിയറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് റിപ്പോര്‍ട്ട് മരവിപ്പിച്ചതെന്ന് കോടിയേരി പറഞ്ഞു. പി.ബി. സബ്കമ്മിറ്റി ഇക്കാര്യം പരിശോധിക്കുന്നതിനാല്‍ സംഘടനാറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് പിണറായി ആവശ്യപ്പെട്ടു. അത് അംഗീകരിച്ചാണ് മാറ്റിയതെന്ന് കോടിയേരി പറഞ്ഞു. ഉപാധികളില്ലാതെ വി.എസ്. വരിക, ഉപാധികളില്ലാതെ പാര്‍ട്ടി സ്വീകരിക്കും അതാണ് കോടിയേരിയും വി.എസ്സിന് നല്‍കിയ സന്ദേശം.