വിഎസ്: ഇനിയെന്ത്?

Posted on: 23 Feb 2015


വിഎസ് വഴങ്ങില്ല, എന്നാല്‍ പുറത്തു പോവുകയുമില്ല. അതാണ് മൂന്നു ദിവസം നീണ്ടുനിന്ന വിഎസ് വിവാദത്തിന്റെ ക്ലൈമാക്‌സ്. അല്ലെങ്കില്‍ ആന്റി ക്ലൈമാക്‌സ്.

പിണറായി പോയി, കോടിയേരി വരുന്നു എന്ന സവിശേഷമായ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വമായ ഒരു പത്രക്കുറിപ്പാണ് വിഎസ് ഇറക്കിയത്. പത്രസമ്മേളനം നടത്തേണ്ട എന്നു തീരുമാനിച്ചതിലൂടെ വലിയൊരു വിഷമവൃത്തത്തില്‍ നിന്ന് തല്‍ക്കാലത്തേങ്കെങ്കിലും രക്ഷപ്പെട്ടത് വിഎസ് മാത്രമല്ല, പാര്‍ട്ടി കൂടിയാണ്. പത്രസമ്മേളനം ഒഴിവാക്കി എന്നറിഞ്ഞതോടെ സിപിഎം സംസ്ഥാന സമ്മേളനത്തെ മൂടി നിന്ന കാര്‍മേഘങ്ങള്‍ക്കും അയവു വന്നു. അതേ സമയം, സമ്മേളനത്തില്‍ പങ്കെടുത്തേ തീരൂ എന്ന കാരാട്ടിന്റെ അന്ത്യശാസനം വാളു പോലെ വിഎസിന്റെ തലയ്ക്കു മേലേ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട്.

സംസ്ഥാന സമിതിയില്‍ നിന്നു നീക്കാന്‍ തീരുമാനിച്ചു എന്ന തിരിച്ചറിവും അതിന്റെ നീരസവും വിഎസിന്റെ ഓരോ വാചകത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധനെന്ന പരാമര്‍ശം നീക്കാത്തതിനാലാണ് അവിടെ തുടരാഞ്ഞത് എന്നാണ് വിഎസ് പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്. അത് അച്ചടക്കലംഘനം തന്നെയായി നിലനില്‍ക്കാന്‍ പോന്ന പ്രയോഗമാണ്. സമ്മേളനച്ചടങ്ങില്‍ പങ്കെടുക്കുന്നില്ല എന്നു വ്യക്തമാക്കുന്നതിനാല്‍ സമവായത്തിന്റെ സൂചനകളൊന്നും വിഎസിന്റെ നിലപാടില്‍ വായിച്ചെടുക്കാനും കഴിയില്ല. കടുത്ത നടപടികള്‍ ഒഴിവാക്കുമെന്ന് ആശിക്കുന്നതായി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്ന പത്രക്കുറിപ്പില്‍ പിബി ഇടപെടലിലും കേന്ദ്രക്കമ്മിറ്റി റിവ്യൂവിലും കോടിയേരിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നേക്കാവുന്ന പുതിയ സംസ്ഥാനകമ്മിറ്റിയിലും വിഎസ് പ്രതീക്ഷയര്‍പ്പിക്കുന്നതിന്റെ സൂചനകളുണ്ട്.

വാര്‍ത്താക്കുറിപ്പില്‍ നിസ്സഹായാവസ്ഥയാണ് വെല്ലുവിളിയല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നു വരുത്താന്‍ തന്ത്രപരമായി അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വാസ്തവവിരുദ്ധമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു കിട്ടിയതില്‍ സന്തോഷം എന്നു പറഞ്ഞു കൊണ്ടു തുടങ്ങുന്ന പത്രക്കുറിപ്പ് പക്ഷെ ടിപി കേസിലെ നടപടി ഓര്‍മിപ്പിച്ചതിലൂടെ സംസ്ഥാന സമിതിയുടെ പ്രമേയത്തിന്റെ അന്തസ്സത്തയെ വെല്ലുവിളിക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്. ഒരു പക്ഷെ പുറത്തു പോകേണ്ടി വന്നാല്‍ തന്നെ പിന്തുണയ്ക്കാന്‍ പോകുന്ന ഒരു വിഭാഗത്തെ മനസ്സില്‍ കണ്ടുള്ള വാക്കുകളാണ് ഇതെന്നും വ്യാഖ്യാനിക്കാം. ടിപി ചന്ദ്രശേഖരന്‍ കേസാണ് സംസ്ഥാന സമിതിക്ക് ഏറ്റവും നീരസമുള്ള വിഎസ് നിലപാടുകളില്‍ ഒന്ന്. ആ കാര്യത്തില്‍ തന്റെ വാദങ്ങള്‍ അദ്ദേഹം ഒട്ടും മയപ്പെടുത്തിയിട്ടില്ല. ജീവപര്യന്തം ശിക്ഷിച്ച മൂന്നില്‍ രണ്ടു പേരെയും പാര്‍ട്ടി ശിക്ഷിച്ചില്ല. ഇല്ലെന്നു മാത്രമല്ല, അവരെ മേല്‍ക്കമ്മിറ്റികളിലേക്ക് എടുക്കുകയും ചെയ്തു. അതു തിരുത്തുക തന്നെ വേണമെന്ന് വിഎസ് വാശി പിടിക്കുന്നു.

അകത്തായാലും പുറത്തായാലും വിഎസ് വഴങ്ങുമെന്നു കരുതാന്‍ പോന്ന സൂചനകളൊന്നും പത്രക്കുറിപ്പ് നല്‍കുന്നില്ല. അതേ സമയം കടുത്ത നടപടികള്‍ നേരിടാന്‍ വിഎസ് ഈ ഘട്ടത്തില്‍ തല്‍പ്പരനല്ല എന്നു വ്യക്തവുമാണ്. കാര്യങ്ങള്‍ മയപ്പെടുത്താനുള്ള ശ്രമം പത്രക്കുറിപ്പിന്റെ ആദ്യ ഭാഗത്ത് പ്രകടമാണ്. നിസ്സഹായത പ്രകടിപ്പിക്കുകയാണ് എന്ന വാക്കുകളിലൂടെ വിഎസ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നോ പിബിയില്‍ നിന്നോ ലഭിച്ചേക്കാവുന്ന അനുകൂല നിലപാടിന്റെ വാതിലുകള്‍ തുറക്കാനും ശ്രമിക്കുന്നുണ്ട്.

താന്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവും വലിയ ചലനങ്ങളൊന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായില്ല എന്നതും പത്രസമ്മേളനം ഒഴിവാക്കാനുള്ള തീരുമാനത്തിനു പ്രേരണയായി എന്നു കരുതുന്നവരുമുണ്ട്. എന്നാല്‍ പാര്‍ട്ടി വിട്ടു പുറത്തിറങ്ങുന്നു എന്നു പറയാത്തിടത്തോളം ജനം രംഗത്തിറങ്ങേണ്ട കാര്യമില്ല എന്നാണ് വിഎസ് ക്യാമ്പ് പറയുന്നത്. ജനം വരാത്തതില്‍ പ്രത്യേകതയൊന്നും ഇല്ല എന്നവര്‍ പറയുന്നു. അവിടെ തുടര്‍ന്നാലും ഇല്ലെങ്കിലും പാര്‍ട്ടി തീരുമാനം മാറാന്‍ പോകുന്നില്ല എന്ന കാര്യം വിഎസ്സിനു വ്യക്തമായി മനസ്സിലായിട്ടുണ്ട്. തീരുമാനം എടുക്കുന്നതിലും പത്രക്കുറിപ്പ് ഇറക്കിയതിലും സഹായികളായി നിന്നത് പാര്‍ട്ടി വിരുദ്ധരെന്നു പാര്‍ട്ടി മുമ്പു കണ്ടെത്തിയവര്‍ തന്നെയാണ്. ഇതും വിഎസിനു ഗുണകരമാവില്ല. പാര്‍ട്ടി വിരുദ്ധനാണ് എന്ന പരാമര്‍ശം വന്നതിനാല്‍ ഇനി താനെന്തിനു യോഗത്തില്‍ തുടരണം എന്ന ചോദ്യവും അച്ചടക്കലംഘനം എന്ന പാര്‍ട്ടി കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ്.

ഏതായാലും വിഎസ് ഇപ്പോള്‍ അകത്തല്ല, പുറത്തുമല്ല. എത്ര ദിവസം ഈ സ്ഥിതി തുടരും എന്നത് വരും ദിവസങ്ങളിലെ രണ്ടു പക്ഷത്തിന്റെയും നിലപാടുകളിലൂടെ അറിയാം. സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട് എന്ന കോടിയേരിയുടെ ആദ്യ പത്ര സമ്മേളനത്തിലെ പ്രസ്താവന വിഎസിനു തെറ്റു തിരുത്തി തിരിച്ചു വരാനുള്ള പരസ്യക്ഷണം തന്നെയാണ്. പാര്‍ട്ടി വിരുദ്ധന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടില്ല എന്നും കോടിയേരി പറയുകയുണ്ടായി. ഏതായാലും സിപിഎമ്മിലെ വിഎസ് യുഗം അവസാനിക്കുന്നു എന്നു പറയാറായിട്ടില്ല. അതിനല്‍പ്പം കൂടി കാത്തിരിക്കണം.





Photogallery

 

ga