അമരക്കാരനായി കോടിയേരി

Posted on: 23 Feb 2015


കലാപകലുഷിത അന്തരീക്ഷങ്ങളും വിഭാഗീയതയും നിറഞ്ഞ 16 വര്‍ഷം പാര്‍ട്ടിയെ നയിച്ച പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. പാര്‍ട്ടിയെ മുന്നോട്ട് നയിക്കേണ്ട ദൗത്യം ഇനി കോടിയേരി ബാലകൃഷ്ണന്. വിഭാഗീയത മൂര്‍ച്ഛിച്ച് എല്ലാ സീമകളും ലംഘിച്ച് പരസ്യമായ പോര്‍വിളികളും വാക്‌പോരിലൂടെയുമെല്ലാം കടന്നുപോയ പാര്‍ട്ടിയെ കോടിയേരിയുടെ കൈകകളിലേക്ക് പിണറായി എല്‍പിക്കുമ്പോള്‍ വിഭാഗീയത ഏറക്കുറേ അവസാനിച്ചതിന്റെ ആശ്വാസം അദ്ദേഹത്തിനുണ്ടാകും. എന്നാല്‍ അപ്പോഴും ഉറച്ചനിലപാടുമായി പിണങ്ങിയും ഇണങ്ങിയും നില്‍ക്കുന്ന വി.എസ് അച്യുതാനന്ദന്‍ എന്ന ഒറ്റയാള്‍ സൈന്യത്തെ കോടിയേരിയുടെ പാര്‍ട്ടിക്ക് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നതും കാത്തിരുന്നു കാണേണ്ടത് തന്നെ. ഒരു പക്ഷേ കോടിയേരി ബാലകൃഷ്ണന്‍ നേരിടേണ്ടിവരുന്ന ആദ്യത്തെ വെല്ലുവിളിയും വി.എസ്സിനെ മെരുക്കുകയായിരിക്കും.

ഒരു കണ്ണൂര്‍ക്കാരനില്‍ നിന്ന് മറ്റൊരു കണ്ണൂര്‍ക്കാരനിലേക്ക് അധികാരകൈമാറ്റം നടക്കുമ്പോള്‍ പാര്‍ട്ടിക്ക് മുന്നിലും പിണറായിയുടെ പകരക്കാരനായി കോടിയേരിയല്ലാതെ അത്ര ഉറച്ചമറ്റൊരു പേരില്ലായിരുന്നു. കോടിയേരിയുടെ പേര് തീരുമാനിക്കാന്‍ പാര്‍ട്ടിക്കും കാര്യമായ ആലോചനകള്‍ വേണ്ടിവന്നില്ല. സമ്മേളനത്തിന് മുമ്പ് തന്നെ അടുത്ത സെക്രട്ടറിയായി കോടിയേരി എന്ന നിലയ്ക്കാണ് ചര്‍ച്ചകളും നടന്നത്..

അപൂര്‍വ്വമായി മാത്രം ചിരിക്കുന്ന കര്‍ക്കശക്കാരനായ പിണറായിയില്‍ നിന്നും സൗമ്യനും ചിരിക്കുന്ന മുഖത്തിന് ഉടമയുമായ കോടിയേരി ബാലകൃഷ്ണനിലാണ് ഇനി പാര്‍ട്ടിയുടെ ബാറ്റണ്‍. കല്ലറ തലായി എല്‍.പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പരേതനായ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായ കോടിയേരി വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം മിസ തടവുകാരനായി ജയില്‍ കിടന്നിട്ടുണ്ട്. സി.പി.എം ഈങ്ങയില്‍പീടിക ബ്രാഞ്ച് സെക്രട്ടറി പദത്തില്‍ നിന്ന് വളര്‍ന്ന് ആറു വര്‍ഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1988 ല്‍ സംസ്ഥാന കമ്മിറ്റിയിലെത്തി. 1994 ലില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. വൈകാതെ കേന്ദ്രകമ്മിറ്റിയിലും ഇടംകിട്ടി. വി.എസ്-പിണറായി പോര് അരങ്ങുതകര്‍ത്ത കാലത്ത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ ആഭ്യന്തരവും ടൂറിസവും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.

തലശ്ശേരി മണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ എം.എല്‍.എയായ കോടിയേരി പ്രതിപക്ഷ ഉപനേതാവായിരിക്കെയാണ് പുതിയ ദൗത്യം തേടിവരുന്നത്. പാര്‍ലമെന്ററി രംഗത്ത് നിന്ന് കോടിയേരി ഇനി ചുവടുമാറുകയാണ്. 1982 ല്‍ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കെയാണ് പാര്‍ലമന്ററി രംഗത്ത് കന്നിയങ്കം.. ഭാര്യാപിതാവായ എം.വി രാജഗോപാലിന്റെ സീറ്റ് നിലനിര്‍ത്താനായിട്ടാണ് ആദ്യമായി മത്സരിക്കാനിറങ്ങിയത്. ആര്‍.എസ്.പി എസിലെ കെ.സി നന്ദനെ 17,100 വോട്ടിന് തോല്‍പിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. രണ്ടാം അങ്കത്തില്‍ കണ്ണൂര്‍ കോണ്‍ഗ്രസിലെ അതികായനായ കെ.സുധാകരനെ 5368 വോട്ടിന് വീഴ്ത്തി വീണ്ടും നിയമസഭാംഗമായി.

ഇടവേളയ്ക്ക് ശേഷം സജീവ് മറോളിയെ തോല്‍പിച്ച് 2001 ല്‍ വീണ്ടും തലശ്ശേരിയില്‍ നിന്ന് ജയിച്ചു. 2006 ല്‍ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് കോടിയേരിയോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. പിണറായി വിജയന്റെ വിശ്വസ്തന്‍ എന്ന വിശേഷണത്തില്‍ നിന്ന് എല്ലാവരുടേയും വിശ്വസ്തനായി വളര്‍ന്നാണ് കോടിയേരി പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. 2002 ല്‍ ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി അംഗത്വം ലഭിച്ചു. കോയമ്പത്തൂരില്‍ നടന്ന 19 ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് കോടിയേരി പരമോന്നത ഫോറമായ പൊളിറ്റ് ബ്യൂറോയിലെത്തുന്നത്. എസ്.എഫ്.ഐയില്‍ കൂടെയുണ്ടായിരുന്ന തോമസ് ഐസക്, എം.എ ബേബി, എ.കെ ബാലന്‍, ജി സുധാകരന്‍, എം.വിജയകുമാര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാര്‍ട്ടികമ്മിറ്റയുടെ നായക പദവിയാണ് കോടിയേരി ഏറ്റെടുക്കുന്നത്. പാര്‍ലമെന്ററി രംഗത്ത് നിന്ന് പാര്‍ട്ടിയുടെ അമരക്കാരനായി കോടിയേരി മാറുമ്പോള്‍ 16 വര്‍ഷം കൊണ്ട് പാര്‍ട്ടിയെ ഉള്ളംകൈയിലാക്കി സൂക്ഷിച്ച പിണറായിയുടെ അടുത്ത ദൗത്യമെന്താകും എന്നും കേരള രാഷ്ട്രീയം ഉറ്റുനോക്കുകയാണ്.




Photogallery

 

ga