ആ മുഖത്ത് ഒരു ചിരി വിടരുന്നത് അപൂര്‍വ്വമാണ്. അതേ ഗൗരവവും കാര്‍ക്കശ്യവുമാണ് പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നിലപാടുകള്‍ക്കും. നീണ്ട പതിനാറ് വര്‍ഷം പേരിനോട് ചേര്‍ത്തെഴുതിയ സി.പി.ഐ(എം) പാര്‍ട്ടി സെക്രട്ടറി എന്ന പദവിയില്‍ നിന്ന് പിണറായി പടിയിറങ്ങുമ്പോള്‍ കോടിയേരി ബാലകൃഷ്ണന് അദ്ദേഹം വെച്ചുനീട്ടുന്നത് കുത്തഴിഞ്ഞ ഒന്നിനെയല്ല. മറിച്ച് പതിനാറ് വര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ വടവൃക്ഷമായി വളര്‍ത്തിയടുത്ത ഇടതുപക്ഷ പ്രസ്ഥാനത്തെയാണ്.
നേതാവായി ജനിച്ച ഒരാളായിരുന്നില്ല പിണറായി വിജയന്‍. രാഷ്ട്രീയം വിളയുന്ന കണ്ണൂരില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനയിലൂടെ രാഷ്ട്രീയലോകത്തെത്തി, പിന്നീട് അളന്നു കുറിച്ച, കണിശ നീക്കങ്ങളിലൂടെ നേതൃസ്ഥാനത്തേക്കുയര്‍ന്ന ഒരാളായിരുന്നു. ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതമന്ത്രിയായി ചുമതലയേല്‍ക്കുന്നതോടെയാണ് പിണറായി വിജയനിലെ രാഷ്ടീയ നേതാവ് സടകുടഞ്ഞെണീക്കുന്നത്. ഇരുട്ടിലാണ്ട ജനതയ്ക്കുമുമ്പില്‍ വെളിച്ചം പരത്തിയ, കേരള വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന അതേ കാലഘട്ടം തന്നെയാണ് രാഷ്ടീയജീവിതത്തില്‍ നേട്ടങ്ങള്‍ക്കൊപ്പം കോട്ടങ്ങളും പിണറായിക്ക് സമ്മാനിച്ചത്. ഇന്നും പിണറായിയെ 'ജൂനിയര്‍ മാന്‍ഡ്രേക്കിനെ' പോലെ പിന്തുടരുന്ന ലാവ്‌ലിന്‍ കേസിന്റെ തുടക്കം അവിടെ നിന്നായിരുന്നു.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സഖാവ് ചടയന്റെ മരണത്തെ തുടര്‍ന്ന് സി.പി.ഐ(എം)-ന്റെ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പിണറായിയെ നിര്‍ദേശിക്കുന്നത് ഇന്ന് അദ്ദേഹത്തെ നഖശിഖാന്തം എതിര്‍ക്കുന്ന വി.എസ്. അച്യുതാനന്ദന്‍ തന്നെയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അത്രയേറെ സമ്മതനായിരുന്നു പിണറായി വിജയനെന്ന മലബാറുകാരന്‍.
വളരെ പെട്ടെന്നാണ് പിണറായി വിജയന്‍ മാധ്യമങ്ങളുടെ നിരന്തര വേട്ടയാടലിന് ഇരയാകുന്നത്. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയും ഒപ്പം ബൂര്‍ഷ്വാ ജീവിതം നയിക്കുകയും ചെയ്യുന്ന തനി രാഷ്ട്രീയക്കാരനായി പിണറായി വിജയന്‍ ചിത്രീകരിക്കപ്പെട്ടു. കൊട്ടാരസദൃശമായ വീടും, വെടിയുണ്ട കൈവശം വച്ചതും, ചെന്നൈയിലെ ടെക്‌നിക്കാലിയ എന്ന പിണറായിയുടെ ബിനാമി സ്ഥാപനവും, ലാവ്‌ലിന്‍ ഇടപാടിലെ കോഴപ്പണവും ഇതിനുള്ള തെളിവുകളായി നിരത്തി. പാര്‍ട്ടിക്കകത്ത് നിന്നും പുറത്തു നിന്നും ഒരുപോലെ ആരോപണങ്ങളും വെല്ലുവിളികളും അദ്ദേഹം നേരിട്ടു. പക്ഷേ പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന നിലപാടില്‍ തന്നെയായിരുന്നു പിണറായി.

സി.പിഎമ്മിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട സംസ്ഥാന സെക്രട്ടറി ആയിരുന്നിട്ടുകൂടി അധികാരത്തെ തന്നിലേക്ക് കേന്ദ്രീകരിക്കുന്നതില്‍ ഈ രാഷ്ടീയ ചാണക്യന്‍ വിജയിക്കുക തന്നെ ചെയ്തു. മലപ്പുറം സമ്മേളനത്തോടെ വി.എസ് വിഭാഗത്തില്‍ നിന്ന് പാര്‍ട്ടി പിടിച്ചെടുത്ത പിണറായി കോട്ടയം തിരുവന്തപുരം സമ്മേളനങ്ങളോടെ സംഘടന സംവിധാനം പൂര്‍ണ്ണമായും തന്റെ കൈക്കുള്ളിലാക്കി. പക്ഷേ സി.പി.എമ്മിനുള്ളിലെ വിഭാഗീയത മറനീക്കി പുറത്തു വന്നതും ശക്തമായതും ഇതേ കാലയളവില്‍ തന്നെ. രണ്ടു നേതാക്കള്‍ തമ്മിലുള്ള പരസ്യമായ ചെളിവാരിയെറിയലിലേക്ക് സിപിഎം എത്തിച്ചേര്‍ന്നു. വിഭാഗീയതയുടെ പുകമറയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോലും എല്‍ഡിഎഫ് ആദ്യമായി തോല്‍വി രുചിച്ചു. ഉറച്ച ഘടക കക്ഷികളായിരുന്ന ജനതാദളും ആര്‍എസ്പിയും മുന്നണി വിട്ടതിന്റെ കാരണമായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത് പിണറായിയുടെ കാര്‍ക്കശ്യ നിലപാടുകളെയാണ്. പരനാറി, കുലംകുത്തി, അല്‍പന്‍, അട്ടിപ്പേറവകാശം, നികൃഷ്ടം, വഷളന്മാര്‍ തുടങ്ങി പിണറായിയുടെ പദപ്രയോഗങ്ങള്‍ പോലും രാഷ്ട്രീയകേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു.
പക്ഷേ പിണറായിയുടെ വരവോടെ പാര്‍ട്ടിയിലുണ്ടായിട്ടുള്ള മാറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. പിണറായിയുടെ ആഞ്ജാശക്തിയുള്ള നേതൃപാടവവും നിലപാടുകളിലെ കണിശതയും പ്രതിസന്ധികളെ കവച്ചുവെച്ച് മുന്നോട്ട് യാത്ര തുടരാനുള്ള ധൈര്യവും ഉള്‍പ്പടെ ഒരു പാര്‍ട്ടി സംഘാടകന്‍ എങ്ങനെയായിരിക്കണമെന്ന വ്യക്തമായ ചിത്രം തന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്.
പാര്‍ട്ടി മാധ്യമങ്ങളായ കൈരളിക്കും ദേശാഭിമാനിക്കും ഉണ്ടായ വളര്‍ച്ചയും പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ ഉയര്‍ന്ന ആശുപത്രികളും വിസ്മയ പോലുളള അമ്യൂസ്‌മെന്റ് പാര്‍ക്കുകളും പാര്‍ട്ടിയുടെ ആദര്‍ശത്തെ ചോദ്യം ചെയ്യുന്നുവെന്ന പരാതികള്‍ ഉയരുമ്പോഴും ഇവക്കെല്ലാം ചുക്കാന്‍ പിടിച്ച പിണറായി വിജയന്‍ എന്ന ബുദ്ധികേന്ദ്രത്തിന്റെ ആശയങ്ങള്‍ കേരള നവോത്ഥാനത്തിനും ഫ്യൂഡല്‍ വ്യവസ്ഥിതി ഇല്ലായ്മ ചെയ്യാനും ചെറുതല്ലാത്ത പങ്ക് വഹിച്ചുവെന്ന് പറയാനാകും.
പാര്‍ട്ടി സെക്രട്ടറിയായി കൈപിടിച്ചുയര്‍ത്തിയ അതേ വി.എസിനെ പാര്‍ട്ടി വിരുദ്ധനെന്ന് ആക്ഷേപിച്ചും ലാവ്‌ലിന്‍ കേസിലും ടി.പി.ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലും തന്റെ പേര് വലിച്ചിഴച്ച് ഒരു കൊലപാതകിയും ക്രിമിനലുമായി ചിത്രീകരിക്കാന്‍ വി.എസ് ശ്രമിക്കുകയാണെന്ന് വികാരപ്പെട്ടും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തി ഔദ്യോഗിക പക്ഷത്തിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചുമാണ് പിണറായിയുടെ പടിയിറക്കം. അതുവെറുതെയുള്ള ഒരു സ്ഥാനമൊഴിയല്‍ മാത്രമല്ല വ്യക്തമായ ലക്ഷ്യങ്ങളോടെയുള്ള താല്ക്കാലികമായ ഒരു വിട്ടുനില്‍ക്കല്‍ മാത്രമാണ്.