പിണറായിയില്‍ നിന്ന് കോടിയേരിയിലേക്ക്‌

പി.പി.ശശീന്ദ്രന്‍ Posted on: 23 Feb 2015


കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയില്‍ എഴുപതുകളുടെ ആദ്യത്തില്‍ പോണ്ടിച്ചേരി സര്‍ക്കാര്‍ ആദ്യമായി ഒരു കേളേജ് തുറന്നു. പ്രീഡിഗ്രി ക്ലാസ്സുകള്‍ മാത്രമുള്ള മാഹി ഗവ. മഹാത്മാഗാന്ധി ആര്‍ട്‌സ് കോളേജില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്ന കാലം. തലശ്ശേരി നഗരത്തില്‍ നിന്ന് ഏറെ അകലെയല്ലാത്ത കോടിയേരി ഓണിയന്‍ ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസ്സായ കൗമാരക്കാരനും അവിടെ പ്രവേശനം തേടിയെത്തി. പേര് ബാലകൃഷ്ണന്‍. ജനനം 1953 നവംബര്‍ 16.

സ്‌കൂള്‍ അദ്ധ്യാപകനായ കോടിയേരിയിലെ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകന്‍. ഇന്നത്തെ എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്റെ ഓണിയന്‍ സ്‌കൂളിലെ യൂനിറ്റ് സെക്രട്ടറിയായിരുന്ന പയ്യന്‍ കോളേജിലെത്തിയപ്പോള്‍ അവിടെയും നേതാവായി. മാഹി കോളേജിന്റെ ചരിത്രത്തിലെ ആദ്യത്തെ ചെയര്‍മാനായി ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്നായിരുന്നു ആ യുവാവിന്റെ രാഷ്ട്രീയത്തിലെയും പൊതുജീവിതത്തിലെയും യാത്രയുടെ തുടക്കം.

ബിരുദ പഠനത്തിനായി തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി കോളേജിലെത്തി. അപ്പോഴേക്കും സി.പി.എമ്മിന്റെ ഉശിരുള്ള പ്രവര്‍ത്തകനായി ബാലകൃഷ്ണന്‍ രൂപപ്പെട്ടിരുന്നു. ഇടക്ക് എവിടെയോ വെച്ച് നാടിന്റെ പേര് സ്വന്തം പേരിനൊപ്പം ആ യുവാവ് ചേര്‍ത്തുവെച്ചു. അങ്ങിനെ ആ യാത്ര സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലെത്തി. ഒടുവില്‍ ഇപ്പോള്‍ സി.പി.എമ്മിന്റെ കേരളത്തിലെ അമരക്കാരന്‍ എന്ന പദത്തിലേക്കും എതിരില്ലാതെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ തന്നെ ഇന്നത്തെ ഏറ്റവും വലിയ ഘടകത്തിന്റെ അമരക്കാരന് ഇത് പുതിയ അംഗീകാരമാണ്.



പതിനാറുവര്‍ഷം പാര്‍ട്ടിയെ നയിച്ച പിണറായി വിജയനില്‍ നിന്ന് കോടിയേരി ബാലകൃഷ്ണനിലേക്ക് നേതൃത്വം മാറുമ്പോള്‍ വലിയ വെല്ലുവിളികളും പ്രതിസന്ധികളും മുന്നിലുണ്ട്. തലശ്ശേരിക്കടുത്ത പിണറായി എന്ന പ്രദേശത്തെ സ്വന്തം പേരിനോട് ചേര്‍ത്തുവെച്ച വിജയനില്‍ നിന്ന് കോടിയേരിയെ പേരിലേക്ക് ആവാഹിച്ച ബാലകൃഷ്ണനിലേക്ക് നേതൃത്വം മാറുമ്പോള്‍ പൊതുസമൂഹവും ഏറെ കൗതുകത്തോടെയാണ് ആ തുടര്‍ച്ചയെ സമീപിക്കുന്നത്. പിണറായി എന്ന പ്രദേശത്തുനിന്ന് കോടിയേരി എന്ന നാട്ടിലേക്ക് ചെറിയ ദൂരമേയുള്ളു.

എന്നാല്‍ വിജയനും ബാലകൃഷ്ണനും തമ്മില്‍ ആ ദൂരവ്യത്യാസം പോലുമില്ല. നാലാം ലോകവിവാദത്തില്‍ തുടങ്ങി ഒടുവില്‍ വി.എസ് അച്യുതാനന്ദന്റെ സമ്മേളന ബഹിഷ്‌കരണം വരെയെത്തിയ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ എക്കാലത്തും ബാലകൃഷ്ണന്‍ പിണറായിയോടൊപ്പമായിരുന്നു. എന്നാല്‍ ഒരു കാലത്തും വി.എസ്. അച്യുതാനന്ദനോട് വലിയ അകലം പാലിച്ചതുമില്ല. നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനവും വി.എസ്.മന്ത്രിസഭയിലെ അംഗത്വവും കോടിയേരിയെ വി.എസിനോടും അടുപ്പിച്ചു നിര്‍ത്തി. അതേ സമയം ഔദ്യോഗിക പക്ഷത്തിന്റെ നേതൃനിരയിലെ വിശ്വസ്തനുമായി നിന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പിണറായി പക്ഷത്തിന് വി.എസ്. അച്യുതാനന്ദനിലേക്കുള്ള ഒരു വഴി എന്നും കോടിയേരി ബാലകൃഷ്ണന്‍ തുറന്നുവെച്ചിരുന്നു.

പക്ഷെ അധികമാരും ആ വഴി സഞ്ചരിക്കാനുണ്ടായിരുന്നില്ലെന്ന് മാത്രം. പി.ബി.യിലേക്ക് ഔദ്യോഗിക പക്ഷം കോടിയേരി ബാലകൃഷ്ണനെ ആലോചിച്ചപ്പോള്‍ വി.എസിനും ആ പേരിനോട് വിയോജിപ്പുണ്ടായിരുന്നില്ല. കാരണം കോടിയേരിയോട് വി.എസിനും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. അതാണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവിന്റെ രാഷ്ട്രീയം. ഈ നയചാതുരി കോടിയേരിക്ക് സെക്രട്ടറി പദത്തില്‍ എങ്ങിനെ വിനിയോഗിക്കാം എന്ന് കാലം മറുപടി പറയും. പക്ഷെ കോടിയേരിയെ അടുത്തറിയുന്നവര്‍ക്ക് ഒന്നുറപ്പാണ്. ആരെയും വെറുപ്പിക്കാതിരിക്കാനുള്ള ഒരു രസതന്ത്രം കോടിയേരിക്ക് സ്വന്തമായുണ്ടെന്ന്. പിണറായിയുടെ കര്‍ക്കശ സ്വഭാവത്തില്‍ നിന്ന് ഏറെ ഭിന്നമാണ് എന്നും കോടിയേരി. ആരുമായും എളുപ്പത്തില്‍ ഇഴുകിച്ചേരാനും അവരിലൊരാളാവാനും കോടിയേരി ശ്രമിക്കാറുണ്ട്. ഒരു പക്ഷെ ദീര്‍ഘകാലത്തെ പാര്‍ലമെന്ററി രാഷ്ട്രീയം ആ നേതാവിനെ അത്തരത്തില്‍ രൂപപ്പെടുത്തിയതുമാവാം.

മാഹി കോളേജിലെ പ്രിഡിഗ്രി പഠനത്തിന് ശേഷം എസ്.എഫ്.ഐ നേതാവായാണ് ബാലകൃഷ്ണന്‍ പിന്നീട് പൊതുജീവിതത്തില്‍ ഉയരുന്നത്. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, എന്നീ സ്ഥാനങ്ങളിലൂടെ കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ കരുത്തനായ യുവനേതാവായി അദ്ദേഹം ഉയര്‍ന്നു. ഇതിനിടെ കടന്നുവന്ന അടിയന്തിരാവസ്ഥയില്‍ 16 മാസം മിസ തടവുകാരനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കപ്പെട്ടു. ഇത് ആ യുവാവിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വളര്‍ച്ചയുടെ ഗ്രാഫിന് ആക്കം കൂട്ടി. 1969 ല്‍ തന്നെ പാര്‍ട്ടിയില്‍ അംഗത്വം നേടിയ കോടിയേരിയുടെ തിരുവന്തപുരത്തെ പഠനവും രാഷ്ട്രീയവുമെല്ലാം സംസ്ഥാനതലത്തില്‍ തന്നെ അപ്പോഴേക്കും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയിരുന്നു.

1980ല്‍ ഡി.വൈ.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചു. വിവിധ ട്രേഡ് യൂനിയനുകളുടെയും അമരക്കാരനായി ഇതിനിടയില്‍ പാര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും വേദിയില്‍ കോടിയേരി സജീവ സാന്നിധ്യമായി. 1982 ല്‍ ആദ്യമായി തലശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരിയിലെ എം.എല്‍.എയായിരുന്ന എം.വി.രാജഗോപാലന്‍ മാസ്റ്ററുടെ പിന്തുടര്‍ച്ചക്കാരനായാണ് കോടിയേരി നിയമസഭയിലെത്തിയത്. രാജഗോപാലന്‍ മാസ്റ്റരുടെ മകള്‍ വിനോദിനി ജീവിത പങ്കാളിയുമായി.


എം.വി.രാഘവനെ സി.പി.എം പുറത്താക്കിയപ്പോള്‍ പാര്‍ട്ടി സജ്ജമാക്കാന്‍ ജില്ലയില്‍ വിയര്‍പ്പൊഴുക്കിയ പിണറായി വിജയന് കോടിയേരിയുടെ പൂര്‍ണ്ണ സഹകരണം ഉണ്ടായിരുന്നു. പിണറായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നീങ്ങിയപ്പോള്‍ ജില്ലയിലെ മുഖ്യധാരയിലേക്ക് കോടിയേരി എത്തി. അതിനിടെ സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ടി.ഗോവിന്ദന്‍ പാര്‍ട്ടിയുടെ ശാസനക്ക് വിധേയനായപ്പോള്‍ 1991 ല്‍ മധ്യസ്ഥനെന്ന പോലെ കോടിയേരി ആ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു. ഇതിനിടയില്‍ 1987 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോടിയേരിക്ക് തലശ്ശേരിക്കാര്‍ വിജയം സമ്മാനിച്ചിരുന്നു.

1988 ല്‍ സി.പി.എം. സംസ്ഥാന സമിതിയിലെത്തിയ കോടിയേരി 1994 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും നടന്നുകയറി. പിന്നെയും പടവുകള്‍ ഒന്നൊന്നായി കോടിയേരി പിന്നിട്ടു. ആര്‍ക്കും നീരസമുണ്ടാക്കാതെ, ചിരിക്കുന്ന മുഖത്തോടെ ജനകീയനായായിരുന്നു ആ യാത്രയത്രയും. 2001, 2006, 2011 തിരഞ്ഞെടുപ്പുകളിലെല്ലാം തലശ്ശേരിയുടെ ജനപ്രതിനിധിയായി തന്നെ നിയമസഭയിലെത്തി. ഇതിനിടയില്‍ 2003 ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും 2008 ല്‍ പോളിറ്റ്ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. വിഭാഗീയതയുടെ പേരില്‍ സി.പി.എമ്മില്‍ ചേരിപ്പോര് മൂര്‍ച്ഛിച്ചുനിന്ന ഘട്ടത്തില്‍ തന്നെയായിരുന്നു ഈ നേട്ടങ്ങളെല്ലാം എന്നതാണ് കോടിയേരിയുടെ ഏറ്റവും വലിയ സവിശേഷത.

ആറ് വര്‍ഷമാണ് സി.പി.എമ്മിനെ കണ്ണൂരില്‍ കോടിയേരി നയിച്ചത്. പാലക്കാട് സമ്മേളനത്തിലാണ് വി.എസ്സിന്റെ നേതൃത്വത്തില്‍ സി.പി.എമ്മിലെ വെട്ടിനിരത്തല്‍ ആരംഭിച്ചത്. സി.ഐ.ടി.യുവിന്റെ പ്രതാപം പാര്‍ട്ടിയില്‍ മങ്ങുന്നത് പാലക്കാട് സമ്മേളനത്തോടെയാണ്. അതിന് ശേഷം 2002 ല്‍ കണ്ണൂരില്‍ സേേമ്മളനം എത്തുമ്പോഴും വിഭാഗീയത വേറെ രൂപത്തില്‍ കത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ കണ്ണൂര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കിയ കോടിയേരിയുടെ അടവുനയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ അക്കാലത്തെ വലിയ ചര്‍ച്ചയായിരുന്നു. എല്ലാ വിഭാഗത്തെയും യോജിപ്പിച്ചുകൊണ്ട് സമ്മേളനം വന്‍വിജയമാക്കാന്‍ കോടിയേരിക്ക് കഴിഞ്ഞു. സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായിക്കാകട്ടെ ഇത് വലിയ സഹായവുമായി.


പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇടയില്‍ തന്നെ മികച്ച രീതിയില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനവും കോടിയേരി തുടര്‍ന്നു. രണ്ട് തവണ നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനവും വി.എസ് മന്ത്രിസഭയിലെ ആഭ്യന്തരവകുപ്പിന്റെ ചുമതലയും കോടിയേരിയെ ഭരണരംഗത്തും ശ്രദ്ധേയനാക്കി. ജനകീയ പോലീസ് എന്ന സംരംഭം കോടിയേരിയുടെ കാലത്താണ് യാഥാര്‍ത്ഥ്യമാവുന്നത്. തലശ്ശേരിയിലെ നിറഞ്ഞ സാന്നിധ്യമെന്ന നിലയില്‍ എന്നും തെരഞ്ഞെടുപ്പ വിജയം കോടിയേരിയോടൊപ്പമായിരുന്നു.

എന്നാല്‍ 2006 ലെ തിരഞ്ഞെടുപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ ചിത്രം മാറി. ഉണ്ണിത്താന്റെ വാക്ശരങ്ങള്‍ തലശ്ശേരിക്കാര്‍ ആസ്വദിച്ചു. ഉണ്ണിത്താന്റെ കളി കാര്യമാവുന്നു എന്ന് ആദ്യം തിരിച്ചറിഞ്ഞതും കോടിയേരി തന്നെയായിരുന്നു. അതോടെ കോടിയേരി താഴെത്തട്ടിലേക്ക് പ്രവര്‍ത്തനം വിന്യസിച്ചു. ജയിച്ചെങ്കിലും കോടിയേരി ആദ്യമായി തലശ്ശേരിയില്‍ അപകടം മണത്തത് ഈ തിരഞ്ഞെടുപ്പിലായിരുന്നു. ആ പാഠം കോടിയേരിയും തിരിച്ചറിഞ്ഞു. മണ്ഡലത്തില്‍ കുറെക്കൂടി ഇടപെടാന്‍ അദ്ദേഹം തയ്യാറായി. അതിനാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോടിയേരിയുടെ ജയം അനായാസവുമായിരുന്നു.

ഇടപഴകുന്നവരോട് നിറഞ്ഞ ചിരിയോടെയുള്ള സംസാരവും സ്വന്തമെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റവുമാണ് കോടിയേരിയെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാക്കിയത്. കൂടെയുള്ളവരുടെ തോളില്‍ കൈയിട്ട് കോടിയേരി നില്‍ക്കുന്ന ചിത്രം തലശ്ശേരിക്കാരുടെ നിത്യകാഴ്ചയാണ്. അതില്‍ ശരാശരി രാഷ്ട്രീയക്കാരന്റെ കാപട്യമോ നാട്യമോ ഇല്ലെന്നതാണ് ഏറെ ശ്രദ്ധേയം. പാര്‍ട്ടിയിലെന്ന പോലെ പുറത്തും ഒരു സമവായക്കാരന്റെ ചിത്രം സ്വയം സൃഷ്ടിക്കാന്‍ കോടിയേരിക്ക് കഴിഞ്ഞിട്ടുണ്ട്.


വി.എസ്. അച്യുതാനന്ദന്റെ സമ്മേളന ബഹിഷ്‌കരണവും അതുണ്ടാക്കിയ മുറിവുകളുമാണ് കോടിയേരിയെ പാര്‍ട്ടിയില്‍ കാത്തിരിക്കുന്ന ആദ്യ പ്രതിസന്ധി. അതേസമയം പിണറായി വിജയന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനും കച്ച മുറുക്കുകയാണ്. മനസ്സുകൊണ്ട് കോടിയേരി സെക്രട്ടറി പദം ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ഇഷ്ടമേഖല ഇപ്പോഴും എപ്പോഴും പാര്‍ലമെന്ററി പ്രവര്‍ത്തനം തന്നെയാണ്. എന്നാല്‍ പുതിയ സെക്രട്ടറി പദത്തിലേക്ക് കോടിയേരിയുടെ പേര് അല്ലാതെ മറ്റൊന്ന് ഉയര്‍ന്നുവന്നതേയില്ല.

അങ്ങിനെ വരുന്നപക്ഷം താന്‍ അതില്‍ നിന്ന് മാറിനില്‍ക്കുമെന്ന് കോടിയേരി തന്നെ നേരത്തെ അടുപ്പക്കാരോട് പറഞ്ഞിരുന്നു. പക്ഷെ അതിനുള്ള അവസരം പാര്‍ട്ടിയില്‍ ഉണ്ടായതേയില്ല. എല്ലാവരുടെയും ആശംസകളുമായാണ് ഈ തലശ്ശേരിക്കാരന്‍ സെക്രട്ടറി പദത്തിലേക്ക് കയറുന്നത്. രാഷ്ട്രീയം മാത്രമല്ല, സിനിമയെയും കളിയെയും സാംസ്‌കാരിക രംഗത്തെയുമെല്ലാം അടുത്തുനിന്ന് വീക്ഷിക്കാനും ഇടപെടാനും കോടിയേരി എന്നും ശ്രമിച്ചിരുന്നു. അതിന്റെ പ്രതിഫലനം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും തെളിയാറുണ്ട്. കുറെ നര്‍മ്മവും കൂടിയാവുമ്പോള്‍ കോടിയേരി പ്രസംഗവേദിയിലെ താരമായും മാറുന്നു.

തിരുവനന്തപുരത്ത് റിപ്പോഗ്രാഫിക് സെന്ററില്‍ ഉദ്യോഗസ്ഥയായിരുന്നു നേരത്തെ വിനോദിനി. ഗള്‍ഫിലുള്ള ബിനോയ് കോടിയേരിയും സിനിമാ നടനായ ബിനീഷ് കോടിയേരിയും മക്കളാണ്.




Photogallery

 

ga