ഇനിയെല്ലാം വി.എസ്. തീരുമാനിക്കട്ടെ -കോടിയേരി

Posted on: 23 Feb 2015

ആലപ്പുഴ: ഇനിയെല്ലാം വി.എസ്.അച്യുതാനന്ദന്‍തന്നെ തീരുമാനിക്കട്ടെയെന്ന് പി.ബി.അംഗം കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിവരിച്ച കോടിയേരി പന്ത് പൂര്‍ണമായും വി.എസ്സിന്റെ കോര്‍ട്ടിലേക്ക് തട്ടി. സംസ്ഥാന സമ്മേളനത്തിനിടെ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായത് പാര്‍ട്ടി ഗൗരവത്തോടെയാണ് കണ്ടത്. വി.എസ്സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന സമ്മേളനം നിര്‍ത്തിവെച്ചുവെന്നുവരെ പ്രചാരണം ഉണ്ടായി. എന്നാല്‍, അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. സമ്മേളനം അതിന്റെ അജണ്ടപ്രകാരംതന്നെ നടന്നുകൊണ്ടിരിക്കുകയാണെന്ന് കോടിയേരി വിശദീകരിച്ചു.

സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കിയപ്പോള്‍ വിമര്‍ശനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ സംസ്ഥാനകമ്മിറ്റിയില്‍ വെച്ചപ്പോള്‍ വി.എസ്. വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് സെക്രട്ടേറിയറ്റിന് കുറിപ്പുനല്‍കി. ഈ കുറിപ്പ് ചര്‍ച്ചചെയ്ത സെക്രട്ടേറിയറ്റ് അതില്‍ ഉന്നയിച്ച കാര്യങ്ങള്‍ നേരത്തെ പി.ബി.യും കേന്ദ്രകമ്മിറ്റിയും പരിഗണിച്ചതാണെന്നു കണ്ട് തള്ളി. വി.എസ്സിന്റെ അഭിപ്രായത്തെ തുടര്‍ന്ന് കുറിപ്പ് സംസ്ഥാനകമ്മിറ്റിയിലും അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി ഇത് വിശദമായി ചര്‍ച്ചചെയ്താണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനിടെ വി.എസ്. റിപ്പോര്‍ട്ടിനെതിരെ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചു. പിന്നീട്, അദ്ദേഹം ജനറല്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചു. എന്നാല്‍, തമിഴ്‌നാട് സമ്മേളനത്തിലാണെന്നും കേരളത്തില്‍ വരുമ്പോള്‍ ഇടപെടാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സംസ്ഥാന സമ്മേളനത്തിന് എത്തിയപ്പോള്‍ വി.എസ്. കാരാട്ടുമായി സംസാരിച്ചു.

സമ്മേളനത്തിനുവന്ന പി.ബി.അംഗങ്ങളുമായി ആലോചിച്ചശേഷം തീരുമാനം എടുക്കാമെന്ന് കാരാട്ട് മറുപടി നല്‍കി. സമ്മേളന ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ സ്റ്റിയറിങ് കമ്മിറ്റി കൂടുമ്പോള്‍, മാറ്റങ്ങള്‍ വേണമെങ്കില്‍ അപ്പോള്‍ ചര്‍ച്ചചെയ്യാമെന്ന് കാരാട്ട് ഉറപ്പുനല്‍കി. എന്നാല്‍, തന്റെ കത്ത് മാധ്യമത്തില്‍ വന്നതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റ് നടപടിയെടുത്തിരിക്കുകയാണെന്ന് വി.എസ്. സെക്രട്ടറിയെ അറിയിച്ചു. അങ്ങനെയൊരു നടപടി ഉണ്ടായിട്ടില്ലെന്ന് കാരാട്ട് വ്യക്തമാക്കി. ഇതുവരെയുള്ള കാര്യങ്ങളെല്ലാം എട്ട് പി.ബി.അംഗങ്ങള്‍ ആശയവിനിമയം നടത്തി തീരുമാനമെടുക്കുമെന്ന് കാരാട്ട് വി.എസ്സിന് ഉറപ്പുനല്‍കി. ഇതിനെല്ലാം ശേഷം രാവിലെ 11.15ന് സമ്മേളനവേദിയില്‍നിന്ന് പുറത്തുപോകുകയാണെന്ന് പറഞ്ഞുപോയ വി.എസ്. പിന്നെ തിരിച്ചെത്തിയിട്ടില്ല. മുതിര്‍ന്ന നേതാവെന്ന നിലയില്‍ വി.എസ്സിന്റെ സാന്നിധ്യത്തിലാണ് സമ്മേളനം നടക്കേണ്ടത്. പാര്‍ട്ടി ഐക്യത്തിലൂടെ മുന്നോട്ടുപോകുന്നുവെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിക്കുന്ന നടപടിയാണ് വി.എസ്സില്‍ നിന്നുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ പി.ബി.യോഗം ചേര്‍ന്ന് ഛിദ്രപ്രവര്‍ത്തനങ്ങളും ശിഥിലീകരണ പ്രവൃത്തികളും അനുവദിക്കില്ലെന്നും വിഭാഗീയത അനുവിദിക്കില്ലെന്നും തീരുമാനിച്ചു.

സി.പി.എമ്മില്‍ ഒരാളും പാര്‍ട്ടിക്ക് അതീതനല്ല. പാര്‍ട്ടി ഭരണഘടന എല്ലാവര്‍ക്കും ബാധകമാണ്. വി.എസ്സിന്റെ നടപടി തെറ്റാണെന്ന് കാരാട്ട് ടെലിഫോണിലൂടെ അറിയിക്കുകയും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സി.പി.എം. അംഗമെന്നനിലയിലും പ്രതിനിധിയെന്നനിലയിലും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി.എസ്. ബാധ്യസ്ഥനാണ്. ഒരുതരത്തിലുമുള്ള വിലപേശല്‍ നടത്താനും ആരേയും അനുവദിക്കില്ലെന്നും പി.ബി. വ്യക്തമാക്കി.
പാര്‍ട്ടി ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല. എന്നാല്‍, പാര്‍ട്ടിയില്‍ വി.എസ്. വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരാളും പാര്‍ട്ടിയില്‍നിന്ന് പോകരുതെന്നതിനാല്‍ അങ്ങേയറ്റം ക്ഷമാപൂര്‍വമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. വി.എസ്സിനെതിരെയുള്ള സംഘടനാറിപ്പോര്‍ട്ടില്‍ ഉള്ളകാര്യങ്ങള്‍ മരവിപ്പിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. സെക്രട്ടേറിയറ്റിന്റെ പ്രമേയത്തെക്കുറിച്ചുള്ള വി.എസ്സിന്റെ പരാതി പി.ബി.പിന്നീട് ചര്‍ച്ചചെയ്യേണ്ട കാര്യമാണ്. ഇപ്പോഴത്തെ പ്രശ്‌നം വി.എസ്. സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നതാണ്. ഇനിയെല്ലാം തീരുമാനിക്കേണ്ടത് അദ്ദേഹമാണ് -കോടിയേരി പറഞ്ഞു.



Photogallery

 

ga