വി.എസ്സിനെ വെട്ടിനിരത്തിയത് തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യംവെച്ച്
ദിനകരന്‍ കൊമ്പിലാത്ത്
Posted on: 23 Feb 2015
കണ്ണൂര്‍: വി.എസ്സിനെ ഇത്തവണ സംസ്ഥാന കമ്മിറ്റിയില്‍ വെട്ടിനിരത്താനുള്ള നീക്കം ആസൂത്രിതമായ തിരക്കഥയുടെ അടിസ്ഥാനത്തില്‍.
രണ്ടുകാര്യങ്ങളാണ് ഔദ്യോഗികവിഭാഗം ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന രണ്ടു തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുള്ള നീക്കം. പക്ഷേ, വി.എസ്സിന്റെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ സമ്മേളനംപോലും അലങ്കോലമാക്കുന്ന രീതിയിലേക്ക് അതുമാറി. 16 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ ഒഴിയുകയും പാര്‍ലമെന്ററി രംഗത്ത്്് വരികയും ചെയ്യുക, തുടര്‍ന്ന് മുഖ്യമന്ത്രിയാവുക, കണ്ണൂര്‍ക്കാരന്‍ തന്നെയായ കോടിയേരിയെ സെക്രട്ടറിയാക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ തന്ത്രം. അതിന് വിലങ്ങുതടിയാവുന്ന വ്യക്തിയായി വി.എസ്. ഉണ്ടാവരുതെന്ന് ഔദ്യോഗികപക്ഷം തീരുമാനിച്ചു. ഭാവിമുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യത്തിന് വഴിയൊരുക്കുക എന്ന നിലയില്‍ രാഷ്ട്രീയത്തിനുപരി സാമൂഹിക സാംസ്‌കാരിക സിനിമാ മാധ്യമ വ്യക്തിത്വങ്ങളെ സംസ്ഥാന സമ്മേളനത്തില്‍ ക്ഷണിച്ചുകൊണ്ടു പുതിയൊരു രാഷ്ട്രീയമുഖം ഉണ്ടാക്കാനും പിണറായി ഇക്കുറി ശ്രമിച്ചിരുന്നു.
വി.എസ്. പാര്‍ട്ടിയില്‍ പഴയതുപോലെ ഉണ്ടെങ്കില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ വി.എസ്സായിരിക്കും പ്രചാരണരംഗത്ത് മുന്‍പന്തിയില്‍. നിലവില്‍ യു.ഡി.എഫ്. നേരിടുന്ന വെല്ലുവിളികള്‍ കാരണം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് വന്‍ തിരിച്ചടി സി.പി.എം. കണക്കുകൂട്ടുന്നുണ്ട്. അങ്ങനെവരുമ്പോള്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉണ്ടാകുന്ന നേട്ടം വി.എസ്സിന്റെ നേട്ടമായി കണക്കാക്കിയാല്‍ പിന്നീട്്് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വി.എസ്സായിരിക്കും മുഖ്യ പ്രചാരണരംഗത്ത്്. വി.എസ്സിനെ പ്രചാരണരംഗത്തുനിന്ന് ഒഴിവാക്കുന്നത് വലിയ പ്രശ്‌നമാകും. 2006, 2011 തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് അത് ബോധ്യപ്പെട്ടതുമാണ്.
പ്രതിപക്ഷനേതാവെന്നെ നിലയില്‍ കേസുകളും മറ്റുമായി ഉമ്മന്‍ ചാണ്ടിയെയും യു.ഡി.എഫിനെയും നിശിതമായി ആക്രമിക്കുന്ന വി.എസ്സിന്റെ ലക്ഷ്യം രാഷ്ട്രീയത്തില്‍നിന്ന്്് പിന്‍വാങ്ങലല്ല, മുന്‍നിരയിലേക്ക് കയറുകയാണെന്ന്് പിണറായിക്കറിയാം. ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയാവുകയോ അല്ലെങ്കില്‍ പിണറായി ഒഴികെ താന്‍ നിര്‍ദേശിക്കുന്ന ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുകയോ ചെയ്യുക എന്നതാണ് വി.എസ്സിന്റെ ലക്ഷ്യം എന്ന് ഔദ്യോഗിക വിഭാഗത്തിന് വ്യക്തമായി അറിയാം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേദിയില്‍ വി.എസ്. മത്സരിക്കാന്‍ പഴയപോലെ മുറവിളി ഉയരുന്നത് തടയാന്‍ വി.എസ്. അടുത്ത തിരഞ്ഞെടുപ്പുകളില്‍ നേതൃനിരയില്‍ ഉണ്ടാവരുത് എന്ന വ്യക്തമായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെയുള്ള നീക്കം.
കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായാണ് പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചയുടെ പൂര്‍ണരൂപവും അതില്‍ ഒരു മുതിര്‍ന്ന നേതാവിനെതിരെയുള്ള വ്യക്തമായ വിമര്‍ശനവും മാത്രം പരസ്യമായി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. അതുതന്നെ മാധ്യമങ്ങളുമായി ഒരിക്കലും ഉള്ളുതുറക്കാത്ത പാര്‍ട്ടി സെക്രട്ടറിതന്നെ ചെയ്യുമ്പോള്‍. വി.എസ്സിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉണ്ടാവുമെന്ന് മുന്‍കൂട്ടി അറിഞ്ഞുകൊണ്ടാണ് ഈ നീക്കമെന്ന് വ്യക്തം. ഇതേത്തുടര്‍ന്നുണ്ടാകുന്ന വി.എസ്സിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വലിയ അച്ചടക്കലംഘനമായി മാറുമെന്നും എളുപ്പത്തില്‍ അച്ചടക്കനടപടി ഉണ്ടാകുമെന്നും അവര്‍ കരുതി. മുമ്പത്തേതില്‍നിന്ന് വ്യത്യസ്ഥമായി 14 ജില്ലകളിലും സമ്പൂര്‍ണ മേധാവിത്വമുള്ള ഔദ്യോഗികപക്ഷം വി.എസ്സില്‍നിന്നുണ്ടാവുന്ന പൊട്ടിത്തെറി കാര്യമാക്കിയില്ല എന്നതാണ് സത്യം. അതേസമയം പാര്‍ട്ടിസമ്മേളനത്തിന് പിറ്റേന്ന് പതാക ഉയര്‍ത്തേണ്ട വ്യക്തി പാര്‍ട്ടിവിരുദ്ധനാണെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ തലേന്ന്്്്് മാധ്യമങ്ങളോട് വ്യക്തമാക്കിയത് ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. അത്രത്തോളം ഔദ്യോഗികവിഭാഗം പ്രതീക്ഷിച്ചില്ല.
സി.പി.എമ്മിന്റെ കരുത്തുറ്റ കോട്ടയായ കണ്ണൂരില്‍നിന്നുതന്നെയാണ് വെട്ടിനിരത്തല്‍ തിരുമാനം രൂപപ്പെട്ടത്. പ്രതിനിധിസമ്മേളനത്തില്‍ കടുത്ത വി.എസ്.വിമര്‍ശനം ഏറെയുണ്ടായത് കണ്ണൂരില്‍നിന്നുള്ളവരില്‍നിന്നായിരുന്നു എന്നതും ശ്രദ്ധേയം. വി.എസ്. ലക്ഷ്യംവെയ്ക്കുന്നത് ഔദ്യോഗികപക്ഷത്തെയല്ല, മറിച്ച് തന്നെ മാത്രമാണെന്ന് പിണറായിക്കറിയാം. ലാവലിന്‍ ഉള്‍പ്പടെ കേസുകള്‍ തനിക്കെതിരെ നിര്‍ണായക ഘട്ടത്തില്‍ ആയുധമാക്കി പിണറായിയെ വെട്ടിലാക്കാന്‍ വി.എസ്. എന്നും ശ്രമിച്ചിരുന്നു. തനിക്കുവേണ്ടി സംസാരിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍നിന്ന് ഒറ്റനേതാവും ഉണ്ടാവില്ലെന്ന് വി.എസ്സിനറിയാം. അതേസമയം കേന്ദ്രക്കമ്മിറ്റിയില്‍ തനിക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാകുമെന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ട്്്. ആലപ്പുഴ സമ്മേളനത്തിന്റെ മാധ്യമമുഖം വെറും രണ്ടുമണിക്കൂര്‍കൊണ്ടാണ് കണ്‍ടോണ്‍മെന്റ് ഹൗസിലേക്ക് മാറ്റിക്കളഞ്ഞത്. ഞെട്ടിക്കുന്ന ഈ പരിണാമം നടക്കുമ്പോള്‍ ആലപ്പുഴയിലെ നേതാക്കള്‍ പലരും ക്ഷീണിച്ചുറങ്ങുകയായിരുന്നു.
പാര്‍ട്ടി ബംഗാളില്‍ ചരിത്രത്തിലില്ലാത്തവിധം തകര്‍ന്നുതരിപ്പണമായ സ്ഥിതിയില്‍ ഒരു വര്‍ഷത്തിനുശേഷം കേരളത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കു മാത്രമല്ല പിണറായിക്കും നിര്‍ണായകമാണ്. നേതാക്കള്‍ കൂടെയില്ലെങ്കിലും ഒരു വലിയവിഭാഗം അണികള്‍ വി.എസ്സിനൊപ്പമുണ്ട്. കടുത്ത വിമര്‍ശനത്തിന്റെപേരില്‍ വി.എസ്. പ്രതിപഷനേതാവ് പദവി രാജിവെച്ചാല്‍ തന്നെ ഉണ്ടാകുന്ന ചില്ലറ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനെ ഉള്ളൂവെന്ന് പിണറായി വിഭാഗം കരുതി. ചന്ദ്രശേഖരന്‍ വധം ഉണ്ടാക്കിയ വെല്ലുവിളി പാര്‍ട്ടി തരണം ചെയ്തിട്ടുണ്ടെന്ന് അവര്‍ കരുതുകയും ചെയ്തു. പക്ഷേ, സംഗതി ആകെ കീഴ്‌മേല്‍ മറിഞ്ഞു. സംസ്ഥാനത്തെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടി സമ്മേളനം കൂപ്പുകുത്തുകയും ചെയ്തു.