വി.എസ്സിനെ തള്ളി; കീഴടങ്ങാന്‍ അന്ത്യശാസനം

ബിജു പരവത്ത്‌ Posted on: 23 Feb 2015

ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ സമ്മര്‍ദങ്ങള്‍ക്കും പരസ്യയുദ്ധത്തിനും ഇനി കീഴ് പ്പെടേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം കേന്ദ്രനേതാക്കളും അംഗീകരിച്ചു. സമ്മേളനത്തില്‍ പതിനാല് ജില്ലകളിലുമുള്ള പ്രതിനിധികള്‍ വി.എസ്സിനെതിരെ ഒന്നിച്ചു. വി.എസ്. പാര്‍ട്ടിവിരുദ്ധനാണെന്ന വിലയിരുത്തല്‍ മാറ്റണമെന്ന പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ഇതോടെ പാര്‍ട്ടിക്ക് കീഴടങ്ങാനും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഫോണില്‍ വിളിച്ച് വി.എസ്സിന് അന്ത്യശാസനം നല്‍കി.

നേരിടാന്‍ ശക്തിയുള്ള എതിരാളിയായി വി.എസ്. മാറില്ലെന്ന് വിലയിരുത്തിയ സി.പി.എം. നേതൃത്വം അദ്ദേഹത്തിന് പാര്‍ട്ടിയില്‍നിന്ന് സ്വയംവിരമിക്കലിന് അവസരം നല്‍കി. അല്ലെങ്കില്‍ വിധേയനായി തങ്ങള്‍ക്കരികിലേക്ക് വരികയെന്ന സന്ദേശം ജനറല്‍ സെക്രട്ടറിയെക്കൊണ്ട് നല്‍കിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്കായി. ഇതോടെ പരാതികള്‍ അക്കമിട്ട് നിരത്തിയ വി.എസ്സിന്റെ കുറിപ്പ് പരിഗണിക്കുകപോലും ചെയ്യാതെ സി.പി.എം. തള്ളി.

തനിക്കെതിരെയുള്ള സെക്രട്ടേറിയറ്റ് പ്രമേയം മരവിപ്പിക്കുകയും അത് പരസ്യമായി പറയുകയും ചെയ്യണമെന്നതായിരുന്നു വി.എസ്സിന്റെ ആവശ്യം. ഇത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രനേതൃത്വത്തിന് മുന്നില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളടങ്ങുന്ന സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി. പ്രമേയം പരസ്യപ്പെടുത്തിയത് സെക്രട്ടേറിയറ്റിന്റെ ഒറ്റക്കെട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സമ്മേളന നഗരിയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായി വിജയന്‍ വിശദീകരിച്ചു. വി.എസ്. അച്യുതാനന്ദന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണനും എം.എ.ബേബിയും ഇതേനിലപാട് ആവര്‍ത്തിച്ചു. യെച്ചൂരി മാത്രമാണ് മറിച്ചൊരഭിപ്രായം പറഞ്ഞത്. അതോടെ, പ്രമേയത്തെക്കുറിച്ച് വി.എസ്സിന്റെ പരാതി മുഴുവനംഗങ്ങളുമടങ്ങുന്ന പോളിറ്റ് ബ്യൂറോ യോഗം പിന്നീട് പരിഗണിച്ചാല്‍ മതിയെന്ന് അവയ്‌ലബിള്‍ പി.ബി. തീരുമാനിച്ചു.

യോഗത്തിനുശേഷം സമ്മേളന നഗരിയിലെത്തിയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധികളോട് ഇക്കാര്യം തുറന്നു പറഞ്ഞു.' വി.എസ്. ചെയ്തത്‌ െതറ്റാണ്. ആരുടെയും വിലപേശലിന് വഴങ്ങാന്‍ പാര്‍ട്ടി തയ്യാറല്ല. ഞാന്‍ അദ്ദേഹത്തെ നേരിട്ട് ഫോണില്‍ വിളിച്ച് ഇക്കാര്യം പറയും. സമ്മേളനത്തിലേക്ക് തിരികെ വരാനും ആവശ്യപ്പെടും. വി.എസ്. തന്നെ വിളിച്ചിരുന്നു. പത്രത്തില്‍ വന്നതിനെക്കുറിച്ച് പറയാനാണ് വിളിച്ചത്. അക്കാര്യം പരിശോധിക്കാമെന്ന് ഞാന്‍ പറഞ്ഞു. സമ്മേളന നഗരിയിലെത്തിയപ്പോഴും വി.എസ്. ഇക്കാര്യം ആവര്‍ത്തിച്ചു. പ്രമേയം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതും പരിശോധിക്കാമെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് സമ്മേളനത്തില്‍നിന്ന് പോകുകയാണെന്ന് വി.എസ്. അറിയിച്ചു. പോകരുതെന്നും ഇരിക്കണമെന്നും ആവശ്യപ്പെട്ടു. വി.എസ്. സമ്മേളനത്തില്‍ ഇരുന്നു. ആറ്് മിനിറ്റ് കഴിഞ്ഞപ്പോള്‍ അദ്ദേഹം എഴുന്നേറ്റുപോയി. പിന്നീട് തിരിച്ചുവന്നില്ല'-കാരാട്ട് പറഞ്ഞു.

ബഹിഷ്‌കരണത്തിന്റെ രാഷ്ട്രീയം സംഘടനാവിരുദ്ധമാണെന്ന സന്ദേശം വി.എസ്സിന് പരസ്യശാസനാരൂപത്തില്‍ നല്‍കാന്‍ നേതാക്കള്‍ തീരുമാനിച്ചു. ഇതാണ് പത്രസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചത്. ' വി.എസ്സിന് പരാതിയുണ്ടെങ്കില്‍ മടങ്ങിവന്ന് പാര്‍ട്ടി വേദിയില്‍ പറയണം. ഒരാളും പാര്‍ട്ടിക്ക് അതീതരല്ല. പാര്‍ട്ടി ഭരണഘടന എല്ലാ അംഗങ്ങള്‍ക്കും ബാധകമാണ്. ഛിദ്ര പ്രവര്‍ത്തനം അനുവദിക്കാനാവില്ല. അങ്ങനെ വന്നാല്‍ സി.പി.എം. തകരും. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന നിലയിലും പ്രതിനിധി എന്ന നിലയിലും സമ്മേളനത്തില്‍ പങ്കെടുക്കാത്ത വി.എസ്സിന്റെ നടപടി അംഗീകരിക്കാനാവില്ല. വിലപേശല്‍ നടത്താന്‍ ഒരാളെയും അനുവദിക്കില്ല. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം അംഗീകരിക്കില്ല. വി.എസ്. തെറ്റുതിരുത്തിവരണം. അങ്ങനെവന്നാല്‍ കാര്യങ്ങള്‍ പാര്‍ട്ടിവേദിയില്‍ ചര്‍ച്ച ചെയ്യാം'- കോടിയേരി പറഞ്ഞു.

ആരും അനുനയത്തിന് വരില്ലെന്ന് വി.എസ്സിനെ ബോധ്യപ്പെടുത്തലാണ് സി.പി.എം. നേതാക്കള്‍ ചെയ്തത്. ഇതിന് അദ്ദേഹം വഴങ്ങില്ലെന്നാണ് ഔദ്യോഗികപക്ഷ നേതാക്കളുടെ വിലയിരുത്തല്‍. അതിനാല്‍ എല്ലാ ജില്ലയിലേക്കും അവര്‍ അനൗദ്യോഗിക സന്ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര ഘട്ടവും നേരിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനായിരുന്നു നിര്‍ദേശം. ഒപ്പം, പൊതുസമ്മേളനം കരുത്ത് തെളിയിക്കുന്നതാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാജില്ലയില്‍നിന്നും പ്രവര്‍ത്തകരെ പൊതുസമ്മേളനത്തിലും പ്രകടനത്തിലും പങ്കെടുപ്പിക്കാനുള്ള ഒരുക്കവും നടത്തിയിട്ടുണ്ട്.



Photogallery

 

ga