തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമ്മേളനം നടക്കുന്ന ആലപ്പുഴയില്‍, ശനിയാഴ്ച വേലിക്കകത്ത് വീടായിരുന്നു ശ്രദ്ധാകേന്ദ്രമായതെങ്കില്‍, ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ കന്റോണ്‍മെന്റ് ഹൗസിലേക്കായിരുന്നു ഏവരുടെയും ശ്രദ്ധ. ആലപ്പുഴയില്‍നിന്ന് സമ്മേളനം ബഹിഷ്‌കരിച്ച് തലസ്ഥാനത്തേക്ക് തിരിച്ച പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇവിടെ എന്തെങ്കിലും പറയുമെന്ന പ്രതീക്ഷ രാത്രി വൈകിയും തുടര്‍ന്നു.
പുലര്‍ച്ചെ അഞ്ചേമുക്കാലോടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയ അദ്ദേഹം, തടിച്ചുകൂടിയിരുന്ന മാധ്യമപ്രവര്‍ത്തകരെ നിരാശരാക്കി വാഹനത്തില്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് പോയി. പതിവിന് വിപരീതമായി ഉടന്‍ കന്റോണ്‍മെന്റ് ഹൗസിന്റെ വലിയ ഗേറ്റ് അടയുകയും ചെയ്തു. പതിവുള്ള ഉറക്കത്തില്‍ കുറവുവന്ന വി.എസ്., തലസ്ഥാനത്തെത്തുമ്പോള്‍ നന്നേ ക്ഷീണിതനായിരുന്നു. പതിവ് നടത്തവും ഒഴിവാക്കി അദ്ദേഹം ഉറങ്ങാന്‍ പോയി. ആ സമയം മുതല്‍ ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു രാഷ്ട്രീയകേരളം.
ശനിയാഴ്ച രാത്രി ആലപ്പുഴയില്‍ വി.എസ്സിന്റെ വസതിക്കുമുന്നിലെ കാഴ്ചയില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു കന്റോണ്‍മെന്റിലെ കാഴ്ച. മാധ്യമപ്രവര്‍ത്തകരും നേരത്തെ പാര്‍ട്ടിനടപടിക്ക് വിധേയരായ ഏതാനും പേരും ഒഴിച്ചാല്‍ വി.എസ്സിന് സന്ദര്‍ശകരാരുംതന്നെ ഉണ്ടായില്ല. രാവിലെ ഒന്‍പതുമണിയോടെ അദ്ദേഹത്തിന്റെ മുന്‍ ഐ.ടി. ഉപദേഷ്ടാവ് ജോസഫ് സി.മാത്യു എത്തി. പതിവിന് വിപരീതമായി ഗേറ്റിലെ പോലീസുകാര്‍ അകത്തേക്ക് ഫോണില്‍ ചോദിച്ച ശേഷം ജോസഫിനെ അകത്തേക്ക് വിട്ടു. പിന്നീടെത്തിയത് അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായരായിരുന്നു. ഇരുവര്‍ക്കും പിന്നാലെ സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം വി.ജയപ്രകാശ് എത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ബലംവെച്ചു. വി.എസ്സിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായാണ് ജയപ്രകാശ് എത്തിയതെന്ന വാര്‍ത്തകള്‍ ശക്തമാകുകയും ചെയ്തു. ഉച്ചയോടെ അദ്ദേഹത്തിന്റ മകന്‍ അരുണ്‍കുമാറും മകള്‍ ആശയുമെത്തി.
വൈകുന്നേരത്തെ പി.ബി. യോഗത്തിന്റെ തീരുമാനത്തിനനുസൃതമായി വി.എസ്സില്‍നിന്ന് പ്രതികരണമുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു പിന്നീട്. ഇതിനിടെ വി.എസ്സിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍കൂടി എത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ബലംവെച്ചു. ഏറ്റവും അടുപ്പക്കാരുമായുള്ള ചര്‍ച്ച അദ്ദേഹം കടുത്ത തീരുമാനത്തിലേക്ക് പോകുമെന്ന ധാരണയുണ്ടാക്കി. എന്നാല്‍, പി.ബി. യോഗത്തിനുശേഷവും വി.എസ്സിന് അനുകൂലമായ നിലപാടുണ്ടാകാത്തതിനാല്‍ വീണ്ടും എല്ലാവരുടെയും ശ്രദ്ധ കന്റോണ്‍മെന്റ് ഹൗസിലേക്കുതന്നെയായി.
ഇതിനിടെ, വി.എസ്. തിങ്കളാഴ്ച പ്രതിപക്ഷനേതൃസ്ഥാനം രാജിവെയ്ക്കുമെന്ന വിവരം അദ്ദേഹത്തിന്റെ വിശ്വസ്ത കേന്ദ്രങ്ങളില്‍നിന്ന് വന്നു. ഇതോടെ കന്റോണ്‍മെന്റിന് മുന്നിലെ മാധ്യമപ്പട വീണ്ടും സക്രിയമായി. ഇതിനിടെയായിരുന്നു െപാളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ പത്രസമ്മേളനം. ഇത് ടി.വി.യില്‍ കണ്ടിരുന്ന അദ്ദേഹം ക്ഷുഭിതനായെന്ന വിവരവും പുറത്തേക്കുവന്നു. വി.എസ്. മാധ്യമങ്ങളെ കാണില്ലെന്ന വിവരം ലഭിച്ചതോടെ മാധ്യമപ്പടയില്‍ ഒരുസംഘം മടങ്ങി.