ആലപ്പുഴ: സി.പി.എമ്മിനോട് വഴിപിരിയുന്ന വി.എസ്. അച്യുതാനന്ദന്‍ പുതിയ പ്രസ്ഥാനവുമായി ജനങ്ങളിലേക്കിറങ്ങുന്നു. പാര്‍ട്ടി സ്ഥാപകരിലൊരാള്‍ കൂടിയായ തന്നെ പാര്‍ട്ടി വിരുദ്ധന്‍ എന്നുവിളിച്ച് ആക്ഷേപിച്ചവരെ പൊതുജനങ്ങളെ അണിനിരത്തി നേരിടാനാണ് തൊണ്ണൂറ്റിരണ്ടാം വയസ്സിലും പോരാട്ടവീര്യം കൈവിടാത്ത വി.എസ്സിന്റെ നീക്കമെന്നാണ് സൂചന.
അഴിമതിക്കും വര്‍ഗീയതയ്ക്കും രാഷ്ട്രീയ കാപട്യത്തിനുമെതിരെ സന്ധിയില്ലാ സമരവുമായുള്ള പ്രസ്ഥാനമാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. ഇതില്‍ ഇടതു വലതുമുന്നണികളിലെ പല ഘടക കക്ഷികളും അണിചേരുമെന്നും അദ്ദേഹത്തിന്റെ നീക്കത്തിനൊപ്പമുള്ളവര്‍ സൂചിപ്പിച്ചു.
സംസ്ഥാന സി.പി.എം. നേതാക്കള്‍ തനിക്കെതിരെ അച്ചടക്കലംഘനം ആരോപിക്കുമ്പോള്‍ പാര്‍ട്ടി പ്രത്യയ ശാസ്ത്ര അച്ചടക്ക ലംഘനം നടത്തുന്നുവെന്നാണ് വി.എസ്സിന്റെ നിലപാട്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികളെ പുറത്താക്കാന്‍പോലും മടിക്കുന്ന പാര്‍ട്ടിയെ കൊലയാളി പാര്‍ട്ടി എന്ന നിലയ്‌ക്കേ കാണാനാവൂ. ഇത്തരം കാര്യങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തെ സമീപിച്ചിട്ടു പോലും അവര്‍ തിരുത്തിയില്ല. ഇങ്ങനെയുള്ള ഒരു പാര്‍ട്ടിയില്‍ തുടരുന്നതില്‍ കാര്യമില്ല. ഇതാണ് വി.എസ്. അടുപ്പക്കാരോട് പറഞ്ഞത്. തനിക്കൊപ്പം വരാന്‍ സി.പി.എമ്മില്‍ ഒരു നേതാവിനെയും വി.എസ്. നിര്‍ബന്ധിക്കുന്നില്ല. സാധാരണക്കാരെ മാത്രമാണ് ഒപ്പംകൂട്ടാന്‍ ആലോചിക്കുന്നത്. പാര്‍ട്ടിക്ക് പുറത്തുള്ള പല പ്രമുഖരും ഈ നീക്കത്തിനൊപ്പമുണ്ട്. ഡല്‍ഹിയില്‍ അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സത്യഗ്രഹം മുന്നേറ്റമായത് വി.എസ്സിന് പ്രചോദനമായിട്ടുണ്ട്. ഇവിടെ ഇടതു വലതു മുന്നണികളിലെ അഡ്ജസ്റ്റ്‌മെന്റ് സമരമടക്കം പല കാര്യങ്ങളും തുറന്നുകാട്ടിക്കൊണ്ടുള്ള നീക്കങ്ങളുമുണ്ടാകുമെന്നാണ് വിവരം.
വി.എസ്സിന് അനുകൂലമായി പാര്‍ട്ടിയില്‍നിന്ന് കൊഴിച്ചിലുണ്ടാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇതിനെ നേരിടാന്‍ പാര്‍ട്ടി ഘടകങ്ങള്‍ സക്രിയമായി രംഗത്തിറങ്ങി. ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ മുതല്‍ ബ്രാഞ്ച് നേതാക്കള്‍ വരെ ഞായറാഴ്ച പാര്‍ട്ടിയംഗങ്ങളുടെയും അനുഭാവികളുടെയും വീട് കയറുകയായിരുന്നു. വി.എസ് . അനുകൂല പ്രകടനങ്ങളോ മറ്റു നീക്കങ്ങളോ ഉണ്ടായാല്‍ സഹകരിക്കരുതെന്ന പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് നേതാക്കള്‍.