ആലപ്പുഴ : 'വി.എസ്. നനഞ്ഞ പടക്കമോ? കേരളത്തിന്റെ ബ്രഹ്മോസ് മിസൈലോ? 'ചോദ്യം സോഷ്യല്‍ മീഡിയയിലാണ്. നേതൃത്വവുമായി ഇടഞ്ഞ് വി.എസ്. സംസ്ഥാന സമ്മേളനവേദി വിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ വി.എസ്. തരംഗമാണ്. വി. എസ്സിന്റെ നിലപാടുകളെ അനുകൂലിച്ചും എതിര്‍ത്തും നൂറ്ുകണക്കിനാളുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സ്ത്രീകള്‍ വരെ നവമാധ്യമങ്ങളിലെ ചര്‍ച്ചയില്‍ സജീവം.
ചര്‍ച്ചകള്‍ക്ക് എരിവും പുളിയും നല്‍കി ഹിറ്റ് സിനിമയിലെ നായകനെയും വില്ലനെയും കൂട്ട് പിടിച്ചിട്ടുണ്ട്. 'മംഗലശ്ശേരി നീലകണ്ഠന് ഒത്ത എതിരാളി ഒരാളെ ഉണ്ടായിരുന്നുള്ളു. മുണ്ടയ്ക്കല്‍ ശേഖരന്‍. നീലകണ്ഠനില്ലാത്തിടത്ത് ശേഖരനില്ല. ശേഖരനില്ലാത്തയിടത്ത് നീലകണ്ഠനും വേണ്ട.' ഈ സിനിമ ഡയലോഗിനൊപ്പം വി.എസ്സിന്റെയും പിണറായിയുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. നീലകണ്ഠനും ശേഖരനും ആരെന്ന് ഊഹിക്കാന്‍ വായനക്കാര്‍ക്ക് വിട്ടിരിക്കുകയാണ്.
സി.പി.എമ്മിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പോസ്റ്റുകളാണ് വന്നിരിക്കുന്നത്. വി.എസ്സിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളില്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്നു. 'ലാല്‍സലാം സഖാവേ താങ്കളെ ഒരു ചുക്കും ആരും ചെയ്യില്ല' എന്നാണ് ഒരു പോസ്റ്റ്. 'കണ്ണൂര്‍ ലോബി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്‌തോ അന്ന് പാര്‍ട്ടിയുടെ അപചയം തുടങ്ങി' എന്നാണ് മറ്റൊരു കമന്റ് '. 'വിലങ്ങ് പൊട്ടിച്ച് പുറത്തുവരൂ സഖാവേ, മലയാളനാടിനെ രക്ഷിക്കൂ' എന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. കേരളത്തില്‍ സി.പി.എം. സ്വയംകുഴി തോണ്ടുകയാണെന്നാണ് ഒരു വിമര്‍ശം. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട സമയത്ത് തമ്മില്‍ തല്ലുന്നത് ബംഗാള്‍ ആവര്‍ത്തിക്കാനേ സഹായിക്കുകയുള്ളുവെന്ന മുന്നറിയിപ്പുമുണ്ട്.
വി.എസ്സിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന കമന്റുകളും കുറവല്ല. 29 കൊല്ലം മുമ്പ് എം.വി.രാഘവനെ പുറത്താക്കാന്‍ നേരം താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ അങ്ങനെയങ്ങ് മറക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് ഒരു പോസ്റ്റ്. ന്യായമാണ് പ്രധാനം, വ്യക്തികളല്ല എന്നാണ് അന്ന് വി.എസ്. പറഞ്ഞതെന്ന് ഇതില്‍ ഓര്‍മപ്പെടുത്തുന്നു. എത്ര ഉന്നതനായാലും ഭൂരിപക്ഷ തീരുമാനത്തിന് വഴങ്ങണമെന്നും ആവശ്യപ്പെടുന്നവരുണ്ട്. പാര്‍ട്ടിയില്‍ ഇല്ലെങ്കില്‍ വി.എസ്. ഒന്നുമല്ലെന്നും പാര്‍ട്ടി വി.എസ്സിന് നല്‍കിയ നാമം ആണ് സഖാവ് എന്നും ഒരു പോസ്റ്റ് പറയുന്നു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആഗ്രഹിക്കുന്ന വലത് - വര്‍ഗീയ ശക്തികളുടെ ചട്ടുകമായി മാറുന്നത് സാധാരണ പ്രവര്‍ത്തകരെയും അനുഭാവികളെയും വേദനിപ്പിക്കുന്നതായുമുണ്ട് പോസ്റ്റ്.