Home>Yoga
FONT SIZE:AA

എളുപ്പത്തില്‍ ചെയ്യാവുന്ന ആസനങ്ങള്‍

ശരീരം മയപ്പെട്ടുകഴിഞ്ഞാല്‍ യോഗാസനങ്ങള്‍ കുറേക്കൂടി ലളിതമായി അനുഭവപ്പെടും. എളുപ്പത്തില്‍ ചെയ്യാവുന്ന ചില ആസനങ്ങള്‍ പരിചയപ്പെടാം. ആസനങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം. ആദ്യമായി ചെയ്യുന്നവര്‍ യോഗപരിശീലകന്റെ സഹായം തേടുന്നതാണ് നല്ലത്

കണ്ഠരാസനം: മലര്‍ന്നുകിടന്ന് കാല്‍മുട്ടുകള്‍ മടക്കി, ഉപ്പൂറ്റി പൃഷ്ഠഭാഗത്തോട് ചേര്‍ത്തുവെക്കുക. ഇരുകൈകളുംകൊണ്ട് അതതുവശത്തെ കാല്‍നെരിയാണി പിടിക്കുക. പാദം നിലത്തു ചേര്‍ത്തുവെക്കുക. ശ്വാസം എടുത്തുകൊണ്ട് അരക്കെട്ടുയര്‍ത്തുക. സുഖമായി ശ്വാസമെടുക്കുക. തുടര്‍ന്ന് ശ്വാസംവിട്ടുകൊണ്ട് അരക്കെട്ട് താഴ്ത്തുക.

ഭുജംഗാസനം: കമിഴ്ന്നുകിടന്ന് കാലുകള്‍ ചേര്‍ത്തുവെക്കുക. കാല്‍വിരലുകള്‍ പുറത്തേക്ക് തള്ളിച്ചുനിര്‍ത്തുക. കൈപ്പത്തി ചുമലിന് മുകളിലായി നിലത്ത് ചേര്‍ത്തുവെക്കുക. ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് തലയും നെഞ്ചും പൊക്കിളിന്റെ ഭാഗംവരെ ഉയര്‍ത്തുക.

വജ്രാസനം: കാല്‍മുട്ടുകള്‍ പിറകിലേക്ക് മടക്കി, പൃഷ്ഠഭാഗം തറയില്‍ സ്പര്‍ശിക്കുന്നരീതിയില്‍ ഇരിക്കുക. അത് പറ്റുന്നില്ലെങ്കില്‍ കാല്‍വണ്ണയില്‍ ഇരിക്കാം. കൈകള്‍ മടിയില്‍വെച്ച് സാധാരണ ശ്വാസോച്ഛ്വാസത്തോടെ കണ്ണടച്ച് ഇരിക്കാം. ഭക്ഷണം കഴിച്ചയുടനെ ചെയ്യുന്നതുകൊണ്ട് ദോഷമില്ല.

പത്മാസനം: കാലുകള്‍ നീട്ടിവെച്ച് ഇരിക്കുക. കൈകളുടെ സഹായത്തോടെ വലതുകാല്‍ മടക്കി, കാല്‍പ്പാദം ഇടതുതുടയുടെ മുകളിലും ഇടതുകാല്‍ മടക്കി വലതുതുടയുടെ മുകളിലും വെക്കുക. കണ്ണടച്ച് നട്ടെല്ല് നിവര്‍ത്തി ഇരിക്കണം. ചിന്മുദ്ര പിടിച്ച് (തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തുപിടിച്ച്, മറ്റു വിരലുകള്‍ നിവര്‍ത്തിവെക്കുക) കൈപ്പത്തി കാല്‍മുട്ടിന് മുകളില്‍ മലര്‍ത്തിവെക്കുക. (പത്മാസനത്തില്‍ ഇരിക്കാന്‍ കഴിയാത്തവര്‍ക്ക് കാലുകള്‍ മടക്കി മുകളിലേക്ക് കയറ്റിവെക്കാതെ തറയില്‍ ചേര്‍ത്തുവെച്ച് അര്‍ധപത്മാസനത്തിലും ഇരിക്കാം).

നാഡീശോധന പ്രാണായാമം: ഒരു മൂക്ക് അടച്ചുപിടിച്ച് മറ്റേതിലൂടെ ശ്വാസം വലിച്ചെടുക്കുക. അതിനുശേഷം അടച്ചുപിടിച്ച മൂക്ക് തുറന്ന് അതിലൂടെ ശ്വാസം പുറത്തേക്കുവിടുക. ഇത് മാറി മാറി ചെയ്യുക.

ഭ്രാമരി: നട്ടെല്ല് നിവര്‍ത്തിയിരുന്ന് ചൂണ്ടുവിരല്‍കൊണ്ട് ഇരുചെവികളും അടച്ചുവെക്കുക. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോഴും പുറത്തേക്ക് വിടുമ്പോഴും വണ്ട് മൂളുന്നതുപോലുള്ള ശബ്ദം ഉണ്ടാക്കുക.

യോഗനിദ്ര: ഇരുകാലുകളും കുറച്ച് അകത്തിവെച്ച് മലര്‍ന്നുകിടക്കുക. കൈകളും ശരീരത്തില്‍നിന്ന് അല്പം വിട്ടുനിര്‍ത്തണം. കണ്ണുകളടച്ച് ശരീരത്തില്‍ ബലം പ്രയോഗിക്കാതെ കിടക്കുക. ഉറങ്ങാതെ ഉണര്‍ന്നിരിക്കണം. ഏതാനും നിമിഷം ഇങ്ങനെ നിന്നശേഷം ശ്വാസം വിട്ടുകൊണ്ട് പൂര്‍വസ്ഥിതിയിലേക്കെത്തണം.

കടപ്പാട്:

യോഗാചാര്യന്‍ എന്‍. വിജയരാഘവന്‍

9847651587

Loading