Home>Fitness
FONT SIZE:AA

ഓടി ആയുസ്സ് നേടാം

ഏറെക്കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഓട്ടം ഒരു ശീലമാക്കാനാണ് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരുടെ ഉപദേശം.

ഹൃദ്രോഗത്തെ മാത്രമല്ല, കാന്‍സറിനെയും അല്‍ഷൈമേഴ്‌സ് പോലുള്ള നാഡിസംബന്ധമായ രോഗങ്ങളെയും ബഹുദൂരം മാറ്റിനിര്‍ത്താന്‍ ഓട്ടത്തിനു കഴിയുമെന്ന് ആര്‍ക്കൈവ്‌സ് ഓഫ് ഇന്‍േറണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെയുള്ള 500 പേരെയാണ് ഗവേഷകസംഘം ഇരുപതിലേറെ വര്‍ഷം നീണ്ട നിരീക്ഷണത്തിനു വിധേയമാക്കിയത്.

1984-ല്‍ പഠനം തുടങ്ങുമ്പോള്‍ ഏതാണ്ട് ഒരേ സാമൂഹിക, സാമ്പത്തിക ചുറ്റുപാടില്‍നിന്നുള്ളവരും അന്‍പതു വയസ്സിനു മുകളില്‍ ഉള്ളവരുമായിരുന്നു ഇവര്‍. ഇവരില്‍ ഓട്ടം ശീലമാക്കിയവരുടെ മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം വരെ കുറവായിക്കണ്ടു. ആഴ്ചയില്‍ 200 മിനിറ്റിലധികം ഓട്ടത്തിനു സമയം കണ്ടെത്തിയവരായിരുന്നു കൂടുതല്‍ ആരോഗ്യവാന്മാര്‍.

എന്നാല്‍ ഓട്ടം തന്നെ വേണമെന്നില്ല. കടുത്ത ഏത് ശാരീരിക വ്യായാമവും ഫലം ചെയ്യുമെന്ന അഭിപ്രായമാണ് ഗവേഷകസംഘത്തിലെ ഡോ. ജയിംസ് ഫ്രൈസ് മുന്നോട്ടു വെക്കുന്നത്.
Tags- Running exercise
Loading