
ഒന്നാം ലോകമഹായുദ്ധത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യ സംരക്ഷണത്തിനായി ഫിലാറ്റിസ് വ്യായാമരീതി വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ പാശ്ചാത്യ വ്യായാമ ശൈലിയുടെ ആരാധകരില്‍ ഭൂരിഭാഗവും യുവാക്കളാണ്. അതുകൊണ്ടുതന്നെ നഗരത്തിലെ ഏക ഫിലാറ്റിസ് പരിശീലനകേന്ദ്രത്തില്‍ വ്യായാമം ചെയ്യാന്‍ എത്തുന്നവരില്‍ ഏറെയും വിവിധ കാമ്പസുകളിലെ യുവതീയുവാക്കളാണ്. എരഞ്ഞിപ്പാലത്തെ എജൈല്‍ എയ്‌റോബിക്‌സ് സെന്‍ററിലാണ് കോഴിക്കോട്ടെ ആദ്യത്തെ ഫിലാറ്റിസ് പരിശീലനം ആരംഭിച്ചിരിക്കുന്നത്.
1920-കളില്‍ അമേരിക്കക്കാരനായ ജോസഫ് എച്ച്. ഫിലാറ്റിസ് എന്ന കായിക പരിശീലകന്‍ വികസിപ്പിച്ച പദ്ധതി നട്ടെല്ലിനും ശരീരത്തിലെ മറ്റു പ്രധാന പേശികള്‍ക്കും കരുത്ത് പകരുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. മറ്റു വ്യായാമ ശൈലികളില്‍നിന്ന് വ്യത്യസ്തമായി തറയില്‍ കിടന്നുകൊണ്ട് ചെയ്യുന്ന വ്യായാമത്തില്‍ അരക്കെട്ടിനും അടിവയറിനും പിറകുവശത്തിനുമാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് എജൈല്‍ എയ്‌റോബിക്‌സിലെ മുഖ്യ പരിശീലകനായ ഡോ. ടി.കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
ശാരീരികക്ഷമതയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായ നാട്ടുകാരാണ് പുതിയ ശൈലി പരിശീലിക്കാന്‍ എത്തുന്നതെന്നും ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണ് ഒരുക്കിയിട്ടുള്ളതെന്നും എജൈല്‍ എയ്‌റോബിക്‌സ് മാനേജിങ് ഡയറക്ടര്‍ രോഹിത്ത് തയ്യില്‍ വ്യക്തമാക്കി. പെണ്‍കുട്ടികളും സ്ത്രീകളുമാണ് പരിശീലനം നേടാന്‍ എത്തുന്നവരില്‍ ഏറെയും. അതുകൊണ്ട് അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനായി ജിംനാസ്റ്റിക്‌സ് വിദഗ്ധയും പരിശീലകയുമായ സി. ബിന്ദ്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിന്ദ്യയുടെ മേല്‍നോട്ടത്തിലാണ് വ്യായാമങ്ങള്‍ പരിശീലിക്കുന്നത്.