Home>Yoga
FONT SIZE:AA

അറിയാം, ശീലിക്കാം യോഗ...

എന്തിനാണ് യോഗ? അസുഖങ്ങള്‍ക്ക് ഫലപ്രദമാണോ..സംശയം പലര്‍ക്കുമുണ്ട്. യോഗികള്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്നതാണെന്നും ശാരീരികമായി ഏറെ ബുദ്ധിമുട്ടുള്ളതാണ് ഇതെന്നുമാണ് പലരുടേയും ധാരണ. തീര്‍ത്തും ലളിതമാണ് യോഗയെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. യോഗാസനങ്ങളിലേക്ക് കടക്കുംമുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

വെറുതെ യോഗ ചെയ്‌തേക്കാം എന്നു കരുതരുത്. മാനസികമായി ആദ്യം തയ്യാറെടുക്കണം. ശരീരത്തെ ക്കുറിച്ച് ധാരണ ഉണ്ടാകണം.
ഏതുസമയത്തും ചെയ്യാമെങ്കിലും അതിരാവിലെയാണ് ഉത്തമം.
ഭക്ഷണം കഴിച്ച് മൂന്നോ നാലോ മണിക്കൂറെങ്കിലും കഴിയാതെ യോഗാ പരിശീലനം പാടില്ല
വെറും നിലത്തോ കിടക്കയിലോ കിടന്ന് യോഗ ചെയ്യരുത്
കട്ടിയുള്ള തുണിയോ പായയോ നിലത്ത് വിരിച്ചു വേണം ചെയ്യാന്‍
വായുസഞ്ചാരമുള്ള സ്ഥലത്തായിരിക്കണം യോഗ. ശക്തമായ കാറ്റുണ്ടാവാന്‍ പാടില്ല
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്
ആര്‍ത്തവസമയത്തും ഗര്‍ഭിണികളായിരിക്കുമ്പോഴും ലളിതമായ ആസനങ്ങള്‍മാത്രം ചെയ്യുക
ഭക്ഷണകാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷയില്ല
അസുഖമുള്ളവര്‍ യോഗാചാര്യന്റെ കീഴില്‍മാത്രം പരിശീലനം നേടുക
ലളിതമായ ആസനങ്ങള്‍ പുസ്തകങ്ങള്‍ നോക്കി ചെയ്യാം
ഓരോ ആസനങ്ങള്‍ക്കും അതിന്റേതായ രീതിയില്‍മാത്രം ശാസോച്ഛ്വാസം നിര്‍വഹിക്കുക
സാധാരണയുള്ള ശ്വസനപ്രക്രിയ തന്നെയാണെങ്കിലും ചില ആസനങ്ങള്‍ ചെയ്യുമ്പോള്‍ ശ്വസനത്തില്‍ പ്രത്യേകശ്രദ്ധ വേണം

യോഗയെന്നാല്‍ ആരോഗ്യം

ശരീരത്തിനും മനസ്സിനും വിശ്രാന്തി പകരുകയാണ് യോഗ. രോഗം വരാതിരിക്കാനും സ്വാസ്ഥ്യം നിലനിര്‍ത്താനുമാണ് യോഗ ചെയ്യുന്നത്.
രക്തയോട്ടം വര്‍ധിപ്പിക്കും, പേശികളെ കരുത്തുറ്റതാക്കും
മാനസികസംഘര്‍ഷം കുറയ്ക്കും
ശ്വാസം പിടിച്ചുവെക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവ് വര്‍ധിപ്പിക്കും
രോഗപ്രതിരോധശേഷി കൂട്ടും, രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സന്തുലിതമാക്കും, ഹൃദ്രോഗത്തെ ചെറുക്കും
നട്ടെല്ലിന്റെ ആരോഗ്യത്തിന് ഗുണകരം
ആത്മീയസൗഖ്യത്തിന് സഹായിക്കും. സന്തോഷം പകരും, ഏകാഗ്രത വര്‍ധിപ്പിക്കും
ശരീരത്തിന്റെ വഴക്കത്തിന് സഹായിക്കും

(കടപ്പാട്: യോഗാചാര്യ
എന്‍.വിജയരാഘവന്‍.
ഫോണ്‍: 9847651587)
Loading