ചെമ്മരുതിയില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ല

Posted on: 25 Nov 2014തിരുവനന്തപുരം: വര്‍ക്കല മണ്ഡലത്തില്‍പ്പെട്ട ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പലയിടതും തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി. നിരവധി തവണ പരാതിപ്പെട്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ അവഗണന തുടര്‍ന്നു. തചോട്, പട്ടരുമുക്ക്, ചാവടിമുക്ക്, പനയറ പ്രദേശങ്ങളിലെ ജനങ്ങള്‍ തെരുവ് വിളക്ക് ഇല്ലാത്തുമൂലം ദുരിതത്തിലാണ്. തെരുവ് നായ്ക്കള്‍, ഇഴജന്തുക്കള്‍, സാമൂഹ്യവിരുദ്ധര്‍ എന്നിവയെ ഭയന്ന് കഴിയുകയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍.

കഴിഞ്ഞ ദിവസം പട്ടരുമുക്കിന് സമീപം പലചരക്കുകട നടത്തുന്ന സ്ത്രീയുടെ മാല പിടിച്ചുപറിക്കാന്‍ ശ്രമം നടന്നു. അക്രമികള്‍ ഇരുളിന്റെ മറവില്‍ രക്ഷപ്പെട്ടു. പോലീസില്‍ പരാതിപ്പെടാന്‍ പലരും മടിക്കുന്നത് തുടര്‍ന്നുണ്ടാകുന്ന പുലിവാലുകള്‍ ഭയന്നാണ്. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അവയുടെ വംശവര്‍ധന തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തത് പ്രശ്‌നം രൂക്ഷമാക്കുന്നു. രക്ഷിതാക്കളുടെ സഹായമില്ലാതെ കൊച്ചുകുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവരും കാല്‍നട യാത്രക്കാരുമാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.


വാര്‍ത്ത അയച്ചത്: സുതന്‍ ആനന്ദന്‍