githadharsanam

ഗീതാദര്‍ശനം - 496

Posted on: 11 May 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


രജോഗുണാധാരം വികസ്വരതയാണ്. പിടിച്ചടക്കാനുള്ള ആര്‍ത്തിയും അടങ്ങിക്കിട്ടിയതിലുള്ള ആസക്തിയുമാണ് അതിന്റെ ലക്ഷണം. ഈ ആര്‍ത്തിയും ആസക്തിയും അന്തഃകരണത്തില്‍ അശുദ്ധികളായതിനാല്‍, ഇവയുള്ളപ്പോള്‍ വിവേകം തെളിയുന്നില്ല. പകരം അന്തഃകരണത്തില്‍ 'രാഗ'മുണ്ടാവുന്നു. സുഖവും അതു നേടാനുള്ള അറിവുംതന്നെയാണ് ഇവിടെയും ലക്ഷ്യം. പക്ഷേ, ഈ സുഖവും അറിവും നിര്‍മലമോ ആരോഗ്യകരമോ പ്രകാശമാനമോ അനാമയമോ അല്ല. കാരണം, അത് കൂടുതല്‍ക്കൂടുതല്‍ നേടാനുള്ള കര്‍മങ്ങളിലേക്കും അതുവഴി കൂടുതല്‍ അശുദ്ധിയിലേക്കും നയിക്കുന്നു. അഹന്ത കര്‍മാഭിമാനിയായി തീരുന്നു. നേടാനും നേടിയത് സംരക്ഷിക്കാനുമുള്ള വാശിയും ശാഠ്യവും മാത്രം ജീവിതത്തെ ഭരിക്കുന്നു. ആഴം കൂടുന്ന കര്‍മവാസന ജീവനെ കൂടുതല്‍ മുറുകിയ ബന്ധനത്തിലേക്ക് നയിക്കുന്നു. നിഷ്‌കാമമല്ലാത്ത, ഫലസംഗമുള്ള, കര്‍മം കര്‍ത്താവിനെ ബന്ധിക്കുന്നു എന്ന് നേരത്തേ പറഞ്ഞു. ('യജ്ഞാര്‍ത്ഥാത് കര്‍മണോ....' - 3, 9.) എങ്ങനെ രക്ഷപ്പെടാമെന്നു കാണിക്കാനായി, കുന്തീദേവിയുടെ വിശ്വപ്രസിദ്ധമായ ക്ഷമയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് 'കൗന്തേയ' എന്ന സംബോധന.
ഹിംസ്രജീവികള്‍ക്കുമുണ്ട് തൃഷ്ണയും ആര്‍ത്തിയുമെങ്കിലും അവയ്ക്ക് കര്‍മത്തില്‍ അഹന്തയില്ല. കിട്ടിയ ഇരയെച്ചൊല്ലി അഭിമാനമോ കൈവിട്ടുപോയതിനെക്കുറിച്ച് മാനഹാനിയോ അവയ്ക്കില്ല. ആയുഷ്‌കാലത്തേക്കുള്ളത് ഒന്നിച്ച് നേടി വെക്കണം എന്ന് അവ ആഗ്രഹിക്കാറുമില്ല. മനുഷ്യന്റെ കാര്യത്തിലാകട്ടെ, ആത്മസ്വരൂപമറിയാന്‍ ഉപയോഗിക്കാനുള്ള ഭാവനകൂടി കര്‍മസംഗത്തില്‍ പങ്കു ചേരുന്നു. രജോഗുണജന്യമായ ആത്മാഭിമാനം, താനാണ് പ്രപഞ്ചത്തിന്റെ നാഥനെന്നും ഉടമസ്ഥനെന്നും വരെ സങ്കല്പിക്കാന്‍ ഇടയാക്കുന്നു. മാരകമായ ആയുധങ്ങളെയും 'നക്ഷത്രയുദ്ധ'ത്തെയും പറ്റിയും, താരാകദംബങ്ങളെ കീഴടക്കാനുള്ള റോക്കറ്റുകളെയും യാത്രകളെയും കുറിച്ചും നാം 'ഗൗരവപൂര്‍വം' (ചിരിക്കാന്‍പോലും മറന്ന്) ആലോചിച്ചുകൊണ്ടിരിക്കുന്നു! തനിക്കു വേണ്ടിയാണ് പ്രപഞ്ചവും അതിലെ എല്ലാതും ഉണ്ടായിരിക്കുന്നത് എന്നിടംവരെ അഹന്ത വളരുന്നു. ഇതിന്റെ ദുരന്തമാണ് നാമിപ്പോള്‍ അനുഭവിച്ചുപോരുന്നത്. അദമ്യനും അജയ്യനുമാണ് മനുഷ്യനായ ഞാന്‍ എന്ന ധാരണ അടിസ്ഥാനരഹിതമാണ്. പരമസത്യത്തിന് മറയായിത്തീരുന്ന അത് എല്ലാ മഹാമാരണങ്ങളുടെയും ഉറവിടവുമാണ്.

(തുടരും)



MathrubhumiMatrimonial