സൂചിപ്പാറ: തിരുജടയില്‍ നിന്നൊരു ഗംഗ

Posted on: 26 Apr 2010

-കെ.കെ.രമേഷ്‌കുമാര്‍



പാറക്കെട്ടുകളില്‍ തട്ടി പതഞ്ഞൊഴുകി നൂറടി താഴ്ചയിലേക്ക് കുതിപ്പ്. സൂചിപ്പാറയുടെ ഈ സൗന്ദര്യം സഞ്ചാരികളുടെ മനസ്സില്‍ ഇടംനേടിയിട്ട് ഏറെ നാളായി. ഓരോ യാത്രയിലും ഇനിയും വരണമെന്ന തോന്നല്‍ ബാക്കിയാവുന്നു.

മേപ്പാടിയിലെ പച്ചപ്പട്ടു പുതച്ച തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ നൂല്‍ പിടിച്ചപോലെ പാതകള്‍. കുന്നുകളെ വലംവെച്ചു മനസ്സിന് കുളിരുപകര്‍ന്നുള്ള യാത്രാനുഭവം. ആഴങ്ങളിലെ ഭീകരതകളിലേക്ക് കാലൂന്നി സാഹസികമായൊരു മലയിറക്കം.

ഒടുവില്‍ പാറകളുടെ അടിത്തട്ടില്‍ വേനലിലും മഴ പാറുന്ന വെള്ളച്ചാട്ടത്തിനു സമീപം ആര്‍ത്തലയ്ക്കുന്ന ശബ്ദങ്ങള്‍ക്കിടയില്‍ ഒത്തിരി നേരം. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് സ്വാഭാവിക പ്രകൃതിയുടെ തനതുമുഖം കാണാന്‍ ഇവിടെയെത്തുന്നത്.

സൂചിപോലുള്ള പാറകള്‍ മാനത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഭൂമിയുടെ തുരങ്കമാണ് ഈ വിനോദകേന്ദ്രം. പാറയിടുക്കുകളില്‍ വളരെ കരുതലോടെ വേണം ഇറങ്ങിയെത്താന്‍. പടവുകളും കമ്പിവേലികളും സ്ഥാപിച്ചിട്ടുണ്ട്. ഈ വഴിയിലൂടെ മാത്രമാണ് സൂചിപ്പാറയിലേക്കുള്ള എളുപ്പവഴികള്‍. പാറക്കെട്ടുകളില്‍ വേരുപടര്‍ത്തിയ കുള്ളന്‍ മരങ്ങളും ജൈവവൈവിധ്യവും വെള്ളച്ചാട്ടം പോലെ തന്നെ ഏവരേയും ആകര്‍ഷിക്കും.

സൂചിപ്പാറയിലേക്കുള്ള വഴികള്‍ :
കല്പറ്റയില്‍ നിന്ന് മേപ്പാടി വഴി 23 കിലോമീറ്റര്‍ റോഡുമാര്‍ഗം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ചൂരല്‍ മലയിലെ തേയിലത്തോട്ടത്തിലൂടെ മാത്രം 13 കി.മീറ്റര്‍ ദൂരം സഞ്ചരിക്കണം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 43 കി.മീറ്ററും മാനന്തവാടിയില്‍നിന്ന് 58 കിലോമീറ്ററുമാണ് ദൂരം. സെന്റിനല്‍ റോക്ക് വാട്ടര്‍ ഫാള്‍സ് എന്ന പേരിലും സൂചിപ്പാറ വെള്ളച്ചാട്ടം അറിയപ്പെടുന്നുണ്ട്. വഴികാട്ടിയായി സൂചനാബോര്‍ഡുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്ഥാപിച്ചിട്ടുണ്ട്.

വാഹനപാര്‍ക്കിങ് സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ കാല്‍നടയാത്ര വേണം. ഡി.ടി.പി.സി.യും വനസംരക്ഷണസമിതിയും കൈകോര്‍ത്താണ് വിനോദകേന്ദ്രം സംരക്ഷിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനഫീസ്. കാറുകള്‍ക്ക് അഞ്ചു രൂപയും വലിയ വാഹനങ്ങള്‍ക്ക് 20 രൂപയും പാര്‍ക്കിങ് ഫീസ് നല്‍കണം. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രമാണ് പ്രവേശനം. ഡി.ടി.പി.സി.ഫോണ്‍: 04936 -255207.

താമസിക്കാനുള്ള ഇടങ്ങള്‍ :
മേപ്പാടിയിലും സമീപത്തുമായി ഒട്ടേറെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ഉണ്ട്. മീന്‍മുട്ടി ഹൈറ്റ്‌സ്: 9349892255, ഹോട്ടല്‍ പാരീസ്: 04936 282489, ഹോളിഡേ റിസോര്‍ട്ട്: 9947474888, ആരണ്യകം: 9447145448, സിറ്റി ടൂറിസ്റ്റ്‌ഹോം: 9744105150.




MathrubhumiMatrimonial