
ഗീതാദര്‍ശനം - 481
Posted on: 23 Apr 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
ഈ ഉപമയെ ഈ രണ്ട് താത്പര്യങ്ങള്‍ക്കപ്പുറത്തേക്ക് നീട്ടാനാവില്ല. കാരണം, സൂര്യനാണ് എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നതെന്ന് നമുക്ക് പ്രത്യക്ഷമായി കാണാം. പക്ഷേ, ആത്മാവാണ് നമ്മുടെ മനോബുദ്ധികളെ മാത്രമല്ല സകല ചരാചരങ്ങളെയും പ്രകാശിപ്പിക്കുന്നതെന്ന് ഇങ്ങനെ കണ്ടറിയാന്‍ കഴിയില്ല. (സ്ഥൂലയാഥാര്‍ഥ്യമായ സൂര്യനെ സര്‍വാശ്ലേഷിയായ ഉദാഹരണമാക്കി സൂക്ഷ്മത്തെ അറിയാന്‍ നോക്കുമ്പോഴത്തെ ഏടാകൂടം ചെറുതല്ല. പ്ലാറ്റോ അദ്ദേഹത്തിന്റെ 'നിയമങ്ങള്‍' എന്ന സംവാദത്തില്‍ - ക്ലിനിയാസ്, അഥേനിയന്‍ എന്നിവരുമായുള്ള സംഭാഷണത്തില്‍ - ഈ വൈഷമ്യം വെളിപ്പെടുത്താന്‍ ശ്രമിക്കുന്ന കാര്യം ഗുരു നിത്യചൈതന്യയതി ചൂണ്ടിക്കാണിക്കുന്നു.)
പ്രപഞ്ചരഹസ്യം, തുടക്കം മുതല്‍ മനുഷ്യനില്‍ സാക്ഷാത്കാരദശയിലെ അനുഭവം വരെ, വിശദമായി വിവരിച്ചതില്‍പ്പിന്നെ അധ്യായം അവസാനിപ്പിക്കുന്നു.
ക്ഷേത്രക്ഷേത്രജ്ഞയോരേവം
അന്തരം ജ്ഞാനചക്ഷുഷാ
ഭൂതപ്രകൃതിമോക്ഷം ച
യേ വിദുര്‍യാന്തി തേ പരം
ക്ഷേത്രക്ഷേത്രജ്ഞന്മാര്‍ തമ്മില്‍ ഇപ്രകാരമുള്ള ഭേദത്തെയും ഭൂതപ്രകൃതിയില്‍നിന്നുള്ള മോക്ഷത്തെയും ജ്ഞാനചക്ഷുസ്സുകൊണ്ട് ആര്‍ അറിയുന്നുവോ അവര്‍ പരമമായ പദത്തെ പ്രാപിക്കുന്നു.
പരമപദം പ്രാപിക്കാനുള്ള വഴിയാണ് ഈ അധ്യായത്തില്‍ യുക്തിഭദ്രമായി പറഞ്ഞത്. അറിവിന്റെ കണ്ണുകൊണ്ട് യാഥാര്‍ഥ്യം തിരിച്ചറിയുകയേ വേണ്ടൂ. ലോകത്തെ മാത്രം കാണുന്ന കണ്ണിന് ആ കാഴ്ച കിട്ടില്ല. കാരണം, കാണുന്ന ഞാനും കാണുന്ന വസ്തുവും വേറെ എന്ന മട്ടില്‍ നോക്കിയാല്‍ കാണാവുന്നതല്ല പുരുഷോത്തമസ്വരൂപം. ശരീരവും ആത്മാവും തമ്മിലുള്ള ഭേദം ശരിയായി തിരിച്ചറിയണം. എവ്വിധമെന്ന് വിസ്തരിച്ചല്ലോ, ആ വിധം.
(തുടരും)
