
ഗീതാദര്‍ശനം - 472
Posted on: 12 Apr 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
പരംപൊരുളിന്റെ 'അനുഗ്രഹ'മോ 'സഹായ'മോ 'പ്രത്യേകപരിഗണന'യോ ആര്‍ക്കും ലഭ്യമല്ല, അതിനെ മൊത്തമായോ ചില്ലറയായിപ്പോലുമോ വില്‍ക്കാന്‍ ആര്‍ക്കും സാധിക്കയുമില്ല.
ക്ഷേത്രങ്ങള്‍ അവയുടെ ഗുണങ്ങളിലും വാസനകളിലും അനന്തവൈവിധ്യം പ്രകടിപ്പിക്കുന്നു. വിവേകികള്‍ പക്ഷേ, ഒന്നിനു മറ്റൊന്നില്‍നിന്നുള്ള വ്യത്യാസത്തെയല്ല എല്ലാറ്റിലും സമമായിരിക്കുന്ന പരമസൂക്ഷ്മമായ പുരുഷോത്തമനെയാണ് കാണുന്നത്. കാരണം, ഈ വ്യത്യാസങ്ങളും ഈ ക്ഷേത്രങ്ങള്‍തന്നെയും ഉണ്ടാവുകയും നശിക്കയും ചെയ്യുന്നവയാണ്.
ഈ പ്രാപ്തിയുടെ നിദാനം ആരോടും അനിഷ്ടമോ വിദ്വേഷമോ ഏതെങ്കിലും ഒരു വസ്തുവിനോട് അറപ്പോ ഇല്ലാതാകലും എല്ലാരെയും തന്നെപ്പോലെ സ്നേഹിക്കാന്‍ പഠിക്കലുമാണ്. കാതലായ നേരറിവിന്റെ വെളിച്ചത്തിലുള്ള ദ്വിമുഖപരിശീലനം ഇതിന് ആവശ്യമാണ്. ഒന്ന്, അന്യന്‍ കാട്ടിയേക്കാവുന്ന അരുതായ്മകളെ ശത്രുതയോ വിദ്വേഷമോ കൂടാതെ തിരുത്താനുള്ള പരിശീലനം. കറയറ്റ സഹിഷ്ണുത ഇതിനാവശ്യമാണ്. രണ്ട്, ഒരു വസ്തുവിനോടും അറപ്പില്ലാതെതന്നെ ശരീരവും മനസ്സും ശുചിയാക്കി വെക്കാനുള്ള പരിശീലനം. നേരറിവിന്റെ വെളിച്ചത്തില്‍ ജീവിക്കാന്‍ ഇതു രണ്ടും അത്യാവശ്യമാണ്. കാരണം, ഇതു രണ്ടുമില്ലാതെ പരമാത്മസാന്നിധ്യം സര്‍വത്ര അനുഭവിക്കാനാവില്ല.
ഈ പരിശീലനത്തിന്റെ പ്രാധാന്യം ഒരിക്കലും കുറച്ചുകാണാനാവില്ല. കുട്ടിക്കാലത്തേ തുടങ്ങിയാല്‍ എളുപ്പവും കൂടുതല്‍ ഫലപുഷ്ടിയുമുണ്ട് എന്നും വ്യക്തം. ഇതില്‍ ആദ്യത്തെ പരിശീലനം, അന്യനും ദൈവമാണ് എന്ന ഭാവനയില്‍നിന്നു തുടങ്ങാം. മറ്റൊരാള്‍ക്ക് വല്ലതും കൊടുക്കുമ്പോള്‍ അത് ദൈവത്തിനാവുന്നു. പരസഹായം ചെയ്യുമ്പോള്‍ ദൈവത്തെയാണ് സഹായിക്കുന്നത്. നാശമുള്ള ശരീരത്തോട് ബന്ധപ്പെടുത്തിയാണ് അറപ്പ് എന്ന വികാരം ഉണ്ടാകുന്നതെന്ന അടിസ്ഥാനപരമായ അറിവ് രണ്ടാമത്തെ പരിശീലനത്തിന് മതിയായ തുടക്കമാവും. ഈ ശരീരത്തിന് അനിഷ്ടമുള്ളതോ അനാവശ്യമോ ദ്രോഹകരമോ ആയതിനാല്‍ മാത്രമാണ് ഒരു വസ്തു 'ചീത്ത' ആകുന്നത്. അറപ്പ് വസ്തുനിഷ്ഠമല്ല, വ്യക്തിപരമാണെന്നര്‍ഥം. ഏത് മലീമസവസ്തു ഭക്ഷിച്ചും ആലയമാക്കിയും അനേകകോടി അണുജീവികള്‍ എങ്ങെങ്ങും പുലരുന്നുവല്ലോ. പക്ഷേ, നമ്മുടെ ശരീരത്തിന്റെ പരിരക്ഷ അവഗണിക്കാന്‍ ഈ നിലപാട് പ്രേരണയാകരുതുതാനും. മറിച്ച്, ഈശ്വരാലയമായ ശരീരം ശുചിയായും സുരക്ഷിതമായും തന്നെ നിലനിര്‍ത്തണം.
(തുടരും)
