state budget

കണ്ണൂരിന് ചിറക്‌വിരിക്കാം; വിമാനത്താവളത്തിന് ആയിരം കോടിയുടെ കമ്പനി

Posted on: 05 Mar 2010


കണ്ണൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളനിര്‍മാണത്തിന് ആയിരംകോടി രൂപയുടെ അടച്ചുതീര്‍ത്ത മൂലധനമുള്ള കമ്പനി രൂപവത്കരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചത് ഉത്തരമലബാറിന് നേട്ടമായി. മൂര്‍ഖന്‍പറമ്പില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ഇത് ത്വരപ്പെടുത്തും. നോഡല്‍ ഏജന്‍സിയായ 'കിന്‍ഫ്ര' ഇതിനകം 1200 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു.

'സിയാല്‍' മാതൃകയിലാണ് കണ്ണൂര്‍ വിമാനത്താവളം സ്ഥാപിക്കുക. കമ്പനിയുടെ 26 ശതമാനം ഓഹരി സര്‍ക്കാരിനും 25 ശതമാനം പൊതുമേഖലാ-സഹകരണ സ്ഥപനങ്ങള്‍ക്കുമാണ്. ബാക്കി സ്വകാര്യമേഖലയില്‍ നിന്ന് സമാഹരിക്കും. സര്‍ക്കാരിനും പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്കുമായി 51 ശതമാനം ഓഹരിയുള്ളതിനാല്‍ കമ്പനിയുടെ നിയന്ത്രണം സര്‍ക്കാരിന് നഷ്ടമാവുകയുമില്ല.

ദേശീയ ജലപാതയുടെ നിര്‍മാണത്തിനും ഫീഡര്‍ കനാലുകളുടെ നവീകരണത്തിനുമായി 100 കോടി രൂപ വകയിരുത്തിയത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജലപാതയുടെ പൂര്‍ത്തിയാകാനുള്ള കനാലുകളുടെ നിര്‍മാണത്തിന് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. കനാലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഈ തുക പക്ഷേ അപര്യാപ്തമാണ്. കെ.എസ്.ടി.പി.യുടെ രണ്ടാംഘട്ടം തുടങ്ങുന്നതിന് 232 കോടി രൂപ അനുവദിച്ചത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുടങ്ങിക്കിടക്കുന്ന കെ.എസ്.ടി.പി. റോഡുകളുടെ പുനരുദ്ധാരണത്തിന് പ്രയോജനപ്പെടുമെന്ന് കരുതാം.

തലായി മത്സ്യബന്ധനതുറമുഖം ഈവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രാ നുമതി ലഭിച്ച ചെറുവത്തൂര്‍ ഫിഷിങ് ഹാര്‍ബറിന് 25 ലക്ഷം രൂപ അനുവദിച്ചു.

നീലേശ്വരത്ത് ഇ.എം.എസ്. സ്മാരക സ്റ്റേഡിയം നിര്‍മ്മിക്കാന്‍ രണ്ട്‌കോടിരൂപ അനുവദിച്ചു. തലശ്ശേരി സ്റ്റേഡിയം നവീകരണത്തിന് ഒരുകോടി രൂപയും വകയിരുത്തി. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ലീനിയര്‍ ആക്‌സിലേറ്റര്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പറയുന്നു.





MathrubhumiMatrimonial