
നിലയ്ക്കാത്ത ചിരി
Posted on: 25 Feb 2010
സന്തോഷ് വാസുദേവ്
മലയാളിയെ മനസ്സറിഞ്ഞു ചിരിപ്പിച്ച നടന്‍ കുതിരവട്ടം പപ്പു മണ്‍മറഞ്ഞിട്ട് ഫിബ്രവരി 25ന് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. രസിച്ചും രസിപ്പിച്ചും ജീവിച്ച പപ്പുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ മാമുക്കോയ
വര്‍ഷം 1996. ഷൂട്ടിങ് സൈറ്റുകളില്‍ േപരുകേട്ട ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയില്‍ സത്യന്‍ അന്തിക്കാട് ചിത്രമായ തൂവല്‍ക്കൊട്ടാരത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. എല്ലാവരും ഉച്ചഭക്ഷണത്തിനുപിരിഞ്ഞ നേരം. മനയായതുകൊണ്ട് നോണ്‍വെജിന് ഇവിടം നിരോധിത മേഖലയാണ്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഒരാള്‍ അവിടെ കാത്തിരുന്നു; ഉച്ചഭക്ഷണത്തിന് അല്‍പം അക്ഷമയോടെ. ഭക്ഷണ പാത്രം എത്തിയപ്പോള്‍ കാത്തിരിപ്പിനു വിരാമമായി. പക്ഷേ അപ്പോഴാണ് അപ്രതീക്ഷിതമായി അതു സംഭവിച്ചത്.
പാത്രം എങ്ങനെയോ താഴെ വീണു. നോണ്‍വെജ് നിരോധിത മേഖലയില്‍ മീന്‍ കറിയും മീന്‍ വറുത്തതും വീണു ചിതറി. സെറ്റിലുള്ളവരില്‍ ഏറെപ്പേര്‍ക്കും, ആര്‍ക്കാണ് മീന്‍ കൊണ്ടുവന്നതെന്ന് മനസ്സിലായില്ല. പക്ഷേ എല്ലാമറിയാമായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാത്രം ചിരിച്ചു. അതേ സമയം, ഇഷ്ടഭക്ഷണം നഷ്ടപ്പെട്ട വേദനയില്‍ ഒരാള്‍ വിഷണ്ണനായി ഇരുന്നു; മലയാളികള്‍ പപ്പു എന്നു വിളിക്കുന്ന കുതിരവട്ടം സ്വദേശി പത്മദളാക്ഷന്‍.
മലയാളിയെ മനസ്സറിഞ്ഞു ചിരിപ്പിച്ച നടന്‍ കുതിരവട്ടം പപ്പു മണ്‍മറഞ്ഞിട്ട് ഫിബ്രവരി 25ന് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. രസിച്ചും രസിപ്പിച്ചും ജീവിച്ച പപ്പുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുഹൃത്ത് നടന്‍ മാമുക്കോയ. പപ്പുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മാമുക്കോയയ്ക്ക് ആദ്യം ഓര്‍മ വരുന്നത് അദ്ദേഹത്തിന്റെ മീന്‍ഭ്രാന്താണ്. 'കോരപ്പന്‍ ദി ഗ്രേറ്റ്' എന്ന സിനിമയുടെ ഷൂട്ടിങ് മലമ്പുഴയില്‍ നടക്കുന്ന സമയം.
എത്തിയപാടെ പപ്പു സമീപത്തെ കടയില്‍നിന്ന് ഒരു ചൂണ്ട വാങ്ങി. ഇടവേളകളില്‍ മലമ്പുഴ ഡാമില്‍നിന്ന് മീന്‍പിടിത്തമായിരുന്നു പണി. ''പുറത്ത് 40 രൂപ കിലോവിന് വിറ്റിരുന്ന മീന്‍ അങ്ങനെ പപ്പുവേട്ടന്‍ വെറും അഞ്ചു രൂപയ്ക്ക് സ്വന്തമാക്കി''. സിനിമയും നാടകവുമല്ലാതെ പപ്പുവിനും മാമുക്കോയയ്ക്കും പൊതുവായി എന്തുണ്ടെന്നു ചോദിച്ചാല്‍ 'മീന്‍ഭ്രാന്ത്' എന്നായിരിക്കും ഉത്തരം.
''ഞാന്‍ സിനിമയിലെത്തുന്നതിന് എത്രയോ മുമ്പ് സിനിമയിലെത്തിയതാണ് പപ്പുവേട്ടന്‍. അതിനു മുമ്പ് ഞങ്ങളെല്ലാം നാടകരംഗത്തുണ്ട്. സിനിമയില്‍ കോമഡിരംഗത്ത് അടൂര്‍ ഭാസി-ബഹദൂര്‍ ടീം കത്തിനില്‍ക്കുന്ന സമയത്താണ് പപ്പുവേട്ടന്റെ രംഗപ്രവേശം. എന്റെ സുഹൃത്തും വഴികാട്ടിയും അങ്ങനെ എന്തെല്ലാമോ ആയിരുന്നു പപ്പുവേട്ടന്‍. ഷൂട്ടിങ് കഴിഞ്ഞാല്‍ ഞങ്ങള്‍ പപ്പുവേട്ടന്റെ മുറിയില്‍ ഒരുമിച്ചു കൂടുക പതിവായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമായിരുന്നു''.
നഗരങ്ങളില്‍ ചെന്നു രാപാര്‍ക്കാം, ആലഞ്ചേരി തമ്പ്രാക്കള്‍, ഡോക്ടര്‍ പശുപതി, വൃദ്ധന്മാരെ സൂക്ഷിക്കുക, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ പപ്പുവും മാമുക്കോയയും ഒരുമിച്ച് അഭിനയിച്ചു.
''വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന പടത്തിന്റെ ഷൂട്ടിങ് ഊട്ടിയില്‍ നടക്കുന്ന സമയം. തൊട്ടടുത്തു തന്നെ ധര്‍മേന്ദ്ര നായകനായ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. അല്‍പനേരം ഒഴിവു കിട്ടിയാല്‍ പപ്പുവേട്ടന്‍ ഹിന്ദി ചിത്രത്തിന്റെ സെറ്റില്‍ ചെന്നിരിക്കും. തിരിച്ചെത്തുമ്പോള്‍, 'ധര്‍മേട്ടന്റെ അടുത്തായിരുന്നു' എന്നു പറയും. ധര്‍മേന്ദ്രയെയാണ് നമ്മുടെ അടുത്ത ആള്‍ എന്ന നിലയില്‍ 'ധര്‍മേട്ടന്‍' എന്നു സംബോധന ചെയ്തത്. ഷൂട്ടിങ് തീരാറായപ്പോഴേക്കും ഇരുവരും നല്ല സുഹൃത്തുക്കളായി.
കാര്‍ണിവല്‍ ഷോകളില്‍ നിരന്തരം നാടകങ്ങള്‍ കളിക്കുക ഞങ്ങളുടെ പതിവായിരുന്നു. 'പൈലറ്റ് പപ്പു' എന്ന നാടകമൊക്കെ അന്നു ഞങ്ങള്‍ അങ്ങനെ കളിച്ചതാണ്. ജനങ്ങള്‍ ഇഷ്ടപ്പെട്ടാല്‍ പിന്നെ ആര്‍ക്കും ഒരു നടനെ തഴയാന്‍ കഴിയില്ലെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു പപ്പുവേട്ടന്‍''.
വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ പപ്പുവേട്ടന്‍ അനശ്വരമാക്കിയ കഥാപാത്രം യഥാര്‍ഥത്തില്‍ താന്‍ ചെയ്യാനിരുന്നതാണെന്ന് മാമുക്കോയ. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം ഷൊര്‍ണൂരില്‍ ഷൂട്ടിങ് തുടങ്ങിയ സമയത്തു തന്നെയാണ് വെള്ളാനകളുടെ നാടിന്റെ ഷൂട്ടിങ് കോഴിക്കോട്ടു തുടങ്ങുന്നത്. ''പൊന്മുട്ടയിടുന്ന താറാവില്‍ എനിക്ക് ആദ്യവസാന വേഷമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍കൂടി വിളിച്ചു പറഞ്ഞാണ് പപ്പുവേട്ടന്‍ ആ വേഷം ഏറ്റെടുക്കുന്നത്. പപ്പുവേട്ടന്‍ ചെയ്തപ്പോള്‍ അതിലെ 'താമരശേരി ചുരം...' ഏറെ ഹിറ്റായി.
ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം അയാളുടെ അഭാവം ചര്‍ച്ചചെയ്യപ്പെടുകയെന്നുള്ളതാണ്. 'പെരുമഴക്കാലം' എന്ന ചിത്രത്തില്‍ സലിംകുമാര്‍ ചെയ്ത റോള്‍ പപ്പുവിനെക്കൊണ്ടേ ചെയ്യാന്‍ പറ്റൂ എന്ന് തിരക്കഥാകൃത്ത് ടി.എ. റസാഖും സംവിധായകന്‍ കമലും പറഞ്ഞത് മാമുക്കോയ സ്മരിക്കുന്നു. പപ്പുവിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് അതുതന്നെയാണ്.
