കേരളത്തിനു നേട്ടം - ഇ. അഹമ്മദ്

ന്യൂഡല്‍ഹി: കേരളത്തിന് റെയില്‍വേ ബജറ്റില്‍ കാര്യമായ നേട്ടമുണ്ടായിട്ടുണ്ടെന്ന് റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. ഇത്തവണ 417 കോടി രൂപയാണ് കേരളത്തിലെ റെയില്‍വേ വികസനത്തിന് നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 320 കോടി രൂപയായിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മലബാറിന് ഇക്കുറി നീതി കിട്ടിയിട്ടുണ്ട്. താന്‍ മന്ത്രിയായതിനുശേഷമാണ് ഇത്രയും തീവണ്ടികളും വികസനപദ്ധതികളും കേരളത്തിന് ലഭിച്ചതെന്ന് അഹമ്മദ് ചൂണ്ടിക്കാട്ടി. കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ മന്ത്രാലയം പൂര്‍ണസജ്ജമാണ്. എന്നാല്‍ ഭൂമി കിട്ടാനുള്ള പ്രശ്‌നമാണ് ഏറ്റവും വലിയ തടസ്സം. കുറ്റിപ്പുറം-ഗുരുവായൂര്‍ പാത താനൂരിലേക്കും പിന്നീട് തിരുനാവായയിലേക്കും നീട്ടാന്‍ അനുമതി നല്‍കിയെങ്കിലും ഭൂമി ഏറ്റെടുക്കല്‍ ഇതുവരെ നടന്നില്ല. മേല്‍പ്പാതകളുടെ കാര്യത്തിലും ഇതുതന്നെയാണ് പ്രശ്‌നമെന്ന് അഹമ്മദ് ചൂണ്ടിക്കാട്ടി.