goodnews head

മരണശേഷവും മറ്റുള്ളവര്‍ക്കായ്..

Posted on: 28 Oct 2007


കണ്ണൂര്‍: ജീവനുള്ളകാലം സഹജീവികള്‍ക്കുവേണ്ടി നിരവധി നല്ലകാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ മരണശേഷവും തങ്ങള്‍ക്ക് ആരെയെങ്കിലുമൊക്കെ സഹായിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരിലെ ഒരുകൂട്ടം ആളുകള്‍. മരണശേഷം ശരീരം ദാനം ചെയ്യുന്നതിലൂടേ പ്രാണനുവേണ്ടി പിടയുന്ന ആര്‍ക്കെങ്കിലും തങ്ങളുടെ അവയവങ്ങള്‍ പ്രതീക്ഷയേകുമെന്ന വിശ്വാസത്തിലാണിവര്‍. കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള 65 പേര്‍ മരണാനന്തരം ശരീരം ദാനം ചെയ്യാനുള്ള സമ്മതപത്രം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
ഒരുവര്‍ഷം മുന്‍പ്, കഴിഞ്ഞ ആഗസ്ത് 15 നായിരുന്നു ഇവരുടെ കൂട്ടായ്മയുടെ തുടക്കം. ഒരു സ്വകാര്യ ആസ്​പത്രിയില്‍ നടന്ന നേത്രദാന പക്ഷാചരണ പരിപാടിയായിരുന്നു പ്രചോദനം. ആദ്യം 12 പേര്‍ ശരീരം ദാനംചെയ്യാന്‍ തയ്യാറായി. പിന്നീട് ഇതിനായി നിരവധിപേര്‍ മുന്നോട്ടുവന്നു. തുടര്‍ന്ന് 'എവേയ്ക്ക്' എന്ന സംഘടനയായി. ഇപ്പോഴും നിരവധിപേര്‍ ശരീരം ദാനം ചെയ്യാന്‍ തയ്യാറായി സംഘടനയുമായി ബന്ധപ്പെടുന്നു. ഇതിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുന്നു.
ആദ്യം 12 പേരാണ് തീരുമാനമെടുത്തത്. കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണന്‍, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മുത്തുകൃഷ്ണന്‍, എടക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ലക്ഷ്മണന്‍ എന്നിവരടക്കമുള്ളവരായിരുന്നു തുടക്കക്കാര്‍. ഒരു വര്‍ഷത്തിനിടെ സമ്മതപത്രം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 65 ആയി. തീരുമാനമെടുത്ത എല്ലാവരും സ്വന്തം വീടിന്റെ പൂമുഖത്തുതന്നെ സമ്മതപത്രത്തിന്റെ കോപ്പി ഫ്രെയിംചെയ്ത് തൂക്കിയിട്ടുണ്ട്. മരണശേഷം ബന്ധുമിത്രാദികള്‍ തങ്ങളുടെ ആഗ്രഹം മറക്കാതിരിക്കാനാണിത്. ബന്ധുക്കളുടെ കൂടി അനുമതിയുണ്ടെങ്കിലെ മരണശേഷം ശരീരം ദാനം ചെയ്യാന്‍ സമ്മതപത്രം രജിസ്റ്റര്‍ ചെയ്യാനാകൂ.

 

 




MathrubhumiMatrimonial