
സ്‌നേഹബന്ധം ഉറപ്പിച്ച മനുഷ്യാവതാരം
Posted on: 25 Dec 2009

ദൈവം മനുഷ്യനായി പിറന്ന ചരിത്രസംഭവമാണ് ക്രിസ്മസ്. വിണ്ണില്‍ നിന്നവന്‍ മണ്ണില്‍ അവതരിച്ച നിമിഷം. യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന് പിന്നിലെ കാരണം മനുഷ്യബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളാണ്. പാപം മൂലം ദൈവത്തില്‍ നിന്നും, സഹോദരന്മാരില്‍ നിന്നും, പ്രകൃതിയില്‍ നിന്നും അകന്ന മനുഷ്യന് ദൈവം തന്റെ സ്‌നേഹം അനേകരിലൂടെ പ്രകടമാക്കിയിട്ടും അത് ഉള്‍ക്കൊള്ളാനോ, മനസ്സിലാക്കാനോ സാധിച്ചില്ല. അവസാനം ദൈവംതന്നെ മനുഷ്യനായി പിറന്നു. മനുഷ്യനെ ദൈവികനാക്കാനും, മനുഷ്യബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കാനും കൂടിയാണ് യേശുക്രിസ്തു മനുഷ്യനായി അവതരിച്ചത്.
ബന്ധങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുന്നത്. ബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചകളും, വിള്ളലുകളും ഓരോ മനുഷ്യന്റെയും സമാധാനവും, സ്വസ്ഥതയും നശിപ്പിക്കുന്നതാണ്. ബന്ധങ്ങളിലെ ഈ തകര്‍ച്ചകളും, വിള്ളലുകളും പരിഹരിക്കപ്പെടുമ്പോള്‍ സമാധാനവും, സ്വസ്ഥതയും വീണ്ടെടുക്കുവാന്‍ സാധിക്കും. വ്യക്തികള്‍ തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലും ഉള്ള ബന്ധങ്ങളില്‍ ഇത് വാസ്തവമാണ്.
യേശുവിന്റെ കാലിത്തൊഴുത്തിലെ ജനനം മനുഷ്യബന്ധങ്ങളുടെ ഊഷ്മളത വിളിച്ചോതുന്നതായിരുന്നു. ദൈവ ദൂതന്മാരുടെ സങ്കീര്‍ത്തനാലാപനങ്ങള്‍. പൂജരാജാക്കന്മാരുടെ കാഴ്ചവയ്പുകള്‍, ആട്ടിടയന്മാരുടെ സാന്നിധ്യം പക്ഷിമൃഗാദികളുടെ കളകൂജനങ്ങള്‍-ഇവയൊക്കെ ഊഷ്മളമായ ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്. യേശുക്രിസ്തുവില്‍ എല്ലാവരും ഒന്നാകുന്ന അനുഭവം. തകര്‍ന്നുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുകയായിരുന്നു മനുഷ്യാവതാരത്തിലൂടെ. ഇതേ കാരണം കൊണ്ടാണ് മാലാഖമാര്‍ പാടിയത് 'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം' എന്ന്. ഒരു കരം ദൈവത്തിലേയ്ക്കും, മറുകരം സഹോദരങ്ങളിലേയ്കും എത്തിനില്‍ക്കുമ്പോഴാണ് നമുക്കോരോരുത്തര്‍ക്കും സമാധാനം ലഭ്യമാകുന്നത്.
നമ്മുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് സ്വസ്ഥതയാണോ അതോ വെറുപ്പും വിദ്വേഷവും പകയുമാണോ നല്‍കുന്നത് എന്ന് പരിശോധിക്കണം. ബന്ധങ്ങള്‍ കെട്ടിപ്പടുക്കേണ്ടവര്‍ അത് നശിപ്പിക്കാനുള്ള കോപ്പു കൂട്ടുകയാണിന്ന്. വിവാഹമോചനങ്ങളും, കുടുംബത്തകര്‍ച്ചകളും, കൊലപാതകങ്ങളും വര്‍ധിച്ചിരിക്കുന്നു. കുടുംബ ഭദ്രതയ്ക്ക് പേരുകേട്ടതാണ് ആര്‍ഷഭാരത സംസ്‌കാരം. കുടുംബ ബന്ധങ്ങളുടെ ഭദ്രതയ്ക്കുവേണ്ടിയാകണം ഈ ക്രിസ്മസിന് നമ്മുടെ പ്രാര്‍ത്ഥന. ഭീകരവാദവും സ്വാര്‍ത്ഥതയും കൂടുമ്പോള്‍ മനുഷ്യത്വത്തിന്റെ വക്താക്കളായി നമുക്കുമാറാം.
നഷ്ടപ്പെട്ടുപോയ കുടുംബ ബന്ധങ്ങളുടെ വര്‍ണനൂലുകളും, കീറിപിഞ്ചിയ കടലാസുകഷണങ്ങളും പെറുക്കിയെടുത്ത് നമുക്ക് ക്രിസ്മസിന് നക്ഷത്രവിളക്കുകള്‍ തൂക്കാം. പൊട്ടിപ്പോയ ബന്ധങ്ങളെ കൂട്ടിക്കെട്ടി, പൊട്ടിപ്പോയേക്കാവുന്നവയെ വിളക്കിച്ചേര്‍ത്ത് നമുക്ക് ജാഗ്രതയോടിരിക്കാം. പുല്‍ക്കൂട്ടിലെ രക്ഷകനെക്കണ്ട് പുതിയ പ്രതീക്ഷകളുടെ കുടനിവര്‍ത്തി നമ്മുടെ ബന്ധങ്ങളുടെ ഊഷ്മളത അനുഭവിക്കാം.
എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍.
