
കഷ്ടപ്പെടുന്നവരുടെ പക്കലേക്ക് ദൈവം എത്തുന്നതാണ് ക്രിസ്മസ്
Posted on: 16 Dec 2009

ഡോ. ഫിലിപ്പോസ് മാര്‍
ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത
ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത
ലോകസൃഷ്ടാവായ ദൈവം സൃഷ്ടിയുടെ മകുടമായ മനുഷ്യനോടൊന്നിച്ച് സഞ്ചരിച്ച് മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കുന്ന ദൈവിക പ്രവര്‍ത്തനമാണ് ലോകചരിത്രം. ഈശ്വരബന്ധത്താല്‍ ദൈവിക സ്വഭാവത്തില്‍ ഒരു കൂട്ടായ്മയായി ലോകത്തിന്റെ ഉദ്ദേശപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ ദൈവം മനുഷ്യന് സ്വാതന്ത്ര്യവും അധികാരവും നല്‍കി. മനുഷ്യനാകട്ടെ ദൈവകല്പനയ്ക്ക് അനുസൃതമായി വളര്‍ന്ന് ജീവിതസാഫല്യം കണ്ടെത്തുകയും ദൈവത്തെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതിനുപകരം സ്വാര്‍ഥകേന്ദ്രീകൃതവും നിഷേധാത്മകവുമായ ജീവിതം നയിച്ചു. അവന്റെ വിമതസ്വഭാവം സമൂഹത്തെ ശിഥിലീകരിച്ചു. ജീവിതപൂര്‍ണതയ്ക്ക് തടസ്സം സൃഷ്ടിച്ചു. ഈ പ്രതിസന്ധിയില്‍നിന്ന് മനുഷ്യനെ പ്രത്യാശാഭരിതമായ ജീവിതത്തിലേക്ക് നയിക്കാന്‍ ഈശ്വരന്‍ മനുഷ്യനായി അവതരിച്ചു.
ദൈവത്തോട് മത്സരിച്ച് സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ കലുഷിതമാക്കിയ ലോകത്തില്‍ ദൈവം മനുഷ്യനായി അവതരിച്ചതാണ് യേശുക്രിസ്തു. യേശുക്രിസ്തുവിന്റെ ജനനത്തെ ആഘോഷിക്കുന്ന വലിയപെരുന്നാള്‍ ആണ് ക്രിസ്മസ്. മനുഷ്യസൃഷ്ടിയുടെ യഥാര്‍ഥ ഉദ്ദേശ്യം നശിക്കാതെയിരിക്കുന്നതിനാണ് ദരിദ്രസാഹചര്യത്തില്‍ ഒരു സാധാരണ സ്ത്രീയുടെ മകനായി യേശുക്രിസ്തു ജനിച്ചത്. യേശുക്രിസ്തുവിന്റെ ജനനവാര്‍ത്ത ദൈവദൂതന്മാര്‍ ജനസമക്ഷത്തേക്ക് എത്തിച്ചു. ക്രിസ്മസ് ദിനത്തില്‍ ദൂതന്മാര്‍ പാടിയത് 'സര്‍വജനത്തിനും മഹാസന്തോഷം' എന്നാണ്. ആഹാരവും വസ്ത്രവും ഇല്ലാതെ, ചികിത്സയ്ക്കുപോലും പണം ഇല്ലാതെ കഷ്ടപ്പെടുന്ന അനേകായിരങ്ങളുടെ മധ്യത്തില്‍ വിലകൂടിയ വസ്ത്രങ്ങളും പ്രമേഹത്തിന്റെ അളവ് ഉയര്‍ത്തുന്ന വിലപിടിപ്പുള്ള ഭക്ഷണവും കഴിച്ച് പാടി ഉല്ലസിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ക്രിസ്മസ് ആചരിക്കുകയാണോ? കഷ്ടപ്പെടുന്നവരുടെ പക്കലേക്ക് ദൈവം എത്തുന്നതാണ് ക്രിസ്മസ് ദിനം. അങ്ങനെയുള്ളവരെ ഉപേക്ഷിച്ച് സ്വന്തം സന്തോഷം മാത്രം ലക്ഷ്യമാക്കി ആഡംബരപൂര്‍ണമായി നടക്കുന്ന ആഘോഷമായി ക്രിസ്മസ് മാറരുത്.
ആഘോഷങ്ങളില്‍ സന്തോഷിക്കുമ്പോഴും ലോകത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന് നമുക്ക് ചിന്തിക്കാം. അപ്പോള്‍ മാത്രമാണ് ഈ ആഘോഷം പൂര്‍ണമാകുന്നത്. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും ഈശ്വരബന്ധവും ലഭിക്കുന്നതിനായി ഭരണം കൈകാര്യം ചെയ്യുന്നവരും പ്രമുഖ വ്യക്തികളും സമൂഹവുമായി ക്രിയാത്മകമായി ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് എല്ലാ ദോഷവും കഴുകിക്കളയുന്ന വര്‍ഷമായി 2010 മാറട്ടെ. അതിന് സഹായകമായ നന്മ എല്ലാവരിലും വളരാന്‍ സന്തോഷകരവും അനുഗ്രഹദായകവുമായ ക്രിസ്മസും പുതുവര്‍ഷവും ഞാന്‍ ആശംസിക്കുന്നു.
