
ഹൃദയങ്ങളില്‍ യേശു പിറക്കട്ടെ
Posted on: 15 Dec 2009

ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍, കണ്ണൂര്‍ രൂപതാ ബിഷപ്പ്
'ആയിരം പ്രാവശ്യം പുല്‍ക്കൂട്ടില്‍ ഉണ്ണിയേശു പിറന്നാലും ഒരു പ്രാവശ്യം എന്റെ ഹൃദയത്തില്‍ പിറക്കുന്നില്ലെങ്കില്‍ എന്തു പ്രയോജനം'. അലക്‌സാണ്ടര്‍ പോപ്പിന്റെ വിശ്വവിഖ്യാത വാചകമാണിത്. ക്രിസ്മസ് യേശുക്രിസ്തുവിന്റെ ജനനത്തിരുനാളാണ്. ദൈവം മനുഷ്യനായി അവതരിച്ചതിന്റെ ആഘോഷം. ക്രിസ്മസ് അര്‍ത്ഥവത്താകുന്നത് ഓരോ മനുഷ്യന്റെയും ഹൃദയത്തില്‍ ഉണ്ണിയേശു പിറക്കുമ്പോഴാണ്. അതൊരു മാനസാന്തരാനുഭവമാണ്. യേശു ഹൃദയത്തില്‍ പിറക്കുമ്പോള്‍ എന്താണ് സംഭവിക്കുക? നാം ആത്മാവില്‍ ദരിദ്രരാകും; തിന്മ കാണുമ്പോള്‍ വിലപിക്കുന്നവരാകും; ശാന്തശീലരാകും; നീതിക്കുവേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്യുന്നവരാകും;
കരുണയുള്ളവരാകും; സമാധാനം സ്ഥാപിക്കുന്നവരാകും; ഹൃദയവിശുദ്ധിയുള്ളവരാകും; നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവരാകും; സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം തേടുന്നവരാകും; ലോകത്തിന്റെ ഉപ്പും പ്രകാശവുമാകും.
യേശു ഹൃദയത്തില്‍ പിറക്കുമ്പോള്‍ ഒരു വ്യക്തിക്കും നിസ്സംഗനായി ജീവിക്കുവാന്‍ സാധിക്കുകയില്ല. മദര്‍ തെരേസായുടെ ഹൃദയത്തില്‍ യേശു പിറന്നപ്പോഴാണ് നിരാലംബര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞത്. ഫാദര്‍ ഡാമിയന്റെ ഹൃദയത്തില്‍ യേശു പിറന്നപ്പോഴാണ് കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിക്കുവാനും കുഷ്ഠരോഗിയായി മരിക്കുവാനുമുള്ള ധൈര്യം കിട്ടിയത്.
അല്‍ഫോന്‍സാമ്മയുടെ ഹൃദയത്തില്‍ യേശു പിറന്നപ്പോളാണ് സഹനത്തിന്റെ പുത്രിയായി ജീവിച്ച് വിശുദ്ധയാകാന്‍ കഴിഞ്ഞത്. യേശു പിറക്കുന്ന വ്യക്തികളും സമൂഹങ്ങളും പ്രസ്ഥാനങ്ങളും സ്നേഹത്തിന്റെ പ്രവാഹമായിത്തീരും. യേശുവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ജീവിത പരിവര്‍ത്തനത്തിന് വിധേയരാകുമ്പോള്‍ ക്രിസ്മസ് ജീവിതഗന്ധിയായിത്തീരും.
