
അമൃതവര്‍ഷമായ് കര്‍ണാടികാ സഹോദരന്മാരുടെ രാഗഭാവങ്ങള്‍
Posted on: 14 Nov 2009

പാലക്കാട്: സുന്ദരരാഗഭാവങ്ങള്‍ അമൃതവര്‍ഷമായ് പെയ്ത കര്‍ണാടികാ സഹോദരന്മാരുടെ കച്ചേരിയോടെ ഇത്തവണത്തെ മാതൃഭൂമി-കല്പാത്തി സംഗീതോത്സവത്തിന് സമാപനമായി.
അപൂര്‍വ രാഗങ്ങള്‍ക്കൊപ്പം ജനപ്രിയ രാഗങ്ങളും ആകര്‍ഷകമായി അവതരിപ്പിച്ച കര്‍ണാടികാ സഹോദരര്‍ ശശികിരണും ഗണേഷും കല്പാത്തി കാത്തിരുന്ന കീര്‍ത്തനങ്ങളാണ് ആലപിച്ചത്.
സരസിജനാഭ... എന്നുതുടങ്ങുന്ന കാംബോജി രാഗത്തിലെ അടതാളവര്‍ണത്തോടെയായിരുന്നു തുടക്കം. അന്നമാചാര്യര്‍ദിനമായ വെള്ളിയാഴ്ച ഭക്തിഭാവത്തിന് മുന്‍തൂക്കമുള്ള കൃതികള്‍ അഗ്രഹാരം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. ശ്രീമന്നാരായണ എന്ന ആദിതാളത്തിലെ അന്നമാചാര്യകൃതിയില്‍ മനോധര്‍മസ്വരങ്ങളുടെ അവതരണം ഏറെ ശ്രദ്ധേയമായി. പരിപാലയമാം എന്ന സ്വാതിതിരുനാള്‍ കൃതിയുടെ അവതരണത്തിനിടെ ഹ്രസ്വമായ നിരവലിനുശേഷം സ്വരപ്രസ്താരത്തിനാണ് ഗായകര്‍ ഊന്നല്‍ നല്‍കിയത്.
ത്യാഗരാജസ്വാമികളുടെ പഞ്ചരത്‌ന കൃതിയായ സാധിംചനേ...ഓ..മനസാ... എന്നുതുടങ്ങുന്ന കൃതിയുടെ അവതരണത്തില്‍ പതിവ് പഞ്ചരത്‌ന ആലാപനരീതിയില്‍ നിന്ന് വ്യത്യസ്തമായി ഹ്രസ്വമായ നിരവലും അവതരിപ്പിച്ചു.
ബ്രോചേവാരവരുരാ... എന്ന ആദിതാളത്തിലുള്ള മൈസൂര്‍ വാസുദേവാചാര്യരുടെ കൃതിയുടെ അവതരണം ഏറെ ശ്രദ്ധേയമായി. കമാസ് രാഗത്തിന്റെ ഭാവപ്രകാശനം പൂര്‍ണമാക്കാന്‍ തുടക്കത്തിലേ ഗണേഷിന് കഴിഞ്ഞു.
അമൃതവര്‍ഷിണി രാഗത്തിന്റെ ആലാപനത്തികവോടെയാണ് ശശികിരണ്‍ ദണ്ഡപാണിദേശികരുടെ 'എന്നെ നീ'... എന്നുതുടങ്ങുന്ന തമിഴ്കൃതി അവതരിപ്പിച്ചത്. ശ്യാമാശാസ്ത്രികളുടെ അംബമായമ്മ എന്ന കീര്‍ത്തനം സദസ്സിന് ഭക്തിഭാവം പകര്‍ന്നു. അപൂര്‍വരാഗമായ സുമനേശരഞ്ജിനിയിലെ 'സംഗീതസാഹിത്യ പ്രവീണ താളപ്പാക്ക അന്നമയ്യ' എന്ന സാഹിത്യം രാഗം താനം പല്ലവി രൂപത്തില്‍ ഖണ്ഡത്രിപുടതാളത്തില്‍ പ്രധാനയിനമായി അവതരിപ്പിച്ചു.
വയലിനില്‍ ഭാവദീപ്തി പകര്‍ന്ന് കോവൈ എം. ബാലസുബ്രഹ്മണ്യനും പക്വമായ മൃദംഗവാദനശൈലിയുമായി കുഴല്‍മന്ദം രാമകൃഷ്ണനും ട്രിച്ചി മുരളി (ഘടം), എ.എസ്. കൃഷ്ണന്‍ (മുഖര്‍ശംഖ്) എന്നിവരും കച്ചേരിക്ക് ഓജസ്സ് പകര്‍ന്നു.
