Crime News

ഷീനബോറ വധിക്കേസ്: ഇന്ദ്രാനിയെയും ഡ്രൈവറെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Posted on: 07 Sep 2015


മുംബൈ: ഷീനബോറ വധക്കേസ് പരിഗണിക്കുന്ന കോടതി മുഖ്യപ്രതികളായ ഇന്ദ്രാനി മുഖര്‍ജിയെയും അവരുടെ മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിയെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൂന്നാം പ്രതിയായ സഞ്ജീവ് ഖന്നയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലേക്ക് കൊണ്ടു പോകും.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് മുന്ന് പ്രതികളെയും ബാന്ദ്രയിലെ കോടതിയില്‍ തിങ്കളാഴ്ച്ച പോലീസ് ഹാജരാക്കിയത്. സ്പതംബര്‍ 21 വരെയാണ് ഇന്ദ്രാനിയുടെയും ഡ്രൈവറുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി.

2012ലാണ് ഷീനാ ബോറ കൊല്ലപ്പെടുന്നത്. മുംബൈയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡ് വനപ്രദേശത്തുനിന്നാണ് ഷീനയുടെ അസ്ഥിക്കൂടംപോലീസിന് ലഭിച്ചത്. ഈ കേസില്‍ ഇന്ദ്രാനിയുടെ ഡ്രൈവറെ പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇയാളില്‍നിന്നാണ് കൊലപാതകത്തില്‍ ഇന്ദ്രാനിക്കുള്ള പങ്കിനെക്കുറിച്ച് നിര്‍ണായകവിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്.

ചൊവ്വാഴ്ച അറസ്റ്റിലായ ഇന്ദ്രാനിയെ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തതിനുശേഷമാണ് ഷീന തന്റെ ആദ്യവിവാഹത്തിലെ മകളാണെന്ന് ഇന്ദ്രാനി പോലീസിനോട് വ്യക്തമാക്കിയത്. കൊല്ലപ്പെട്ടത് തന്റെ സഹോദരിയാണെന്നും തങ്ങള്‍ രണ്ടുപേരും ഇന്ദ്രാനിയുടെ മക്കളാണെന്നും ഷീനയുടെ സഹോദരന്‍ മിഖായില്‍ ബോറ വ്യക്തമാക്കിയതോടെ സത്യാവസ്ഥ കൂടുതല്‍ വെളിപ്പെടുകയായിരുന്നു.

ഇന്ദ്രാനിയുടെ ആദ്യവിവാഹത്തിലെ മക്കളാണ് ഷീനയും മിഖായിലുമെന്നാണ് പോലീസ് പറയുന്നത്. 2004വരെ ഷീനയും തന്നോടൊപ്പം ഗുവാഹാട്ടിയിലായിരുന്നുവെന്നും 2004നുശേഷം ഷീനയെ കണ്ടിട്ടില്ലെന്നും സഹോദരന്‍ മിഖായില്‍ പറഞ്ഞു.

ഷീന, ഇന്ദ്രാനിയുടെ മകളായിരുന്നുവെന്ന് ഇതുവരെ തനിക്കറിയില്ലായിരുന്നുവെന്ന് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി വ്യക്തമാക്കി. തന്റെ ആദ്യവിവാഹത്തിലെ മകന്‍ രാഹുല്‍ മുഖര്‍ജിയും ഇന്ദ്രാനിയുടെ മകള്‍ ഷീനയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും അവര്‍ ബാന്ദ്രയില്‍ ഒന്നിച്ചുതാമസിച്ചിരുന്നെന്നും പീറ്റര്‍ മുഖര്‍ജി പോലീസിനോട് പറഞ്ഞു. ഷീനയെപ്പറ്റി അന്വേഷിച്ചപ്പോള്‍ അവര്‍ അമേരിക്കയില്‍ പഠിക്കുകയാണെന്നാണ് പീറ്റര്‍ മുഖര്‍ജിയോട് ഇന്ദ്രാനി പറഞ്ഞിരുന്നത്.

മകളെ കാണാതായിട്ടും ഇന്ദ്രാനി പോലീസില്‍ പരാതിനല്‍കിയിരുന്നില്ല. ഡ്രൈവറില്‍നിന്നാണ് വിവരങ്ങള്‍ പുറത്തുപോയത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിനുകാരണമെന്ന് ഡ്രൈവര്‍ പോലീസില്‍ മൊഴിനല്‍കി. മൃതദേഹം കുഴിച്ചിട്ടസ്ഥലവും ഇയാള്‍ പോലീസിന് കാണിച്ചുകൊടുത്തു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുടെ ഭാഗം ഡി.എന്‍.എ. പരിശോധനയ്ക്ക് അയച്ചു. ഇന്ദ്രാനിയും ആദ്യഭര്‍ത്താവും ഡ്രൈവറും ചേര്‍ന്നാണ് ഷീനയെ കൊന്നതെന്ന് മുംബൈ പോലീസ് ചീഫ് പറഞ്ഞു.

മുന്‍ എച്ച്.ആര്‍. കണ്‍സള്‍ട്ടന്റായ ഇന്ദ്രാനിയെ 2002ലാണ് പീറ്റര്‍ മുഖര്‍ജി വിവാഹം ചെയ്യുന്നത്. പീറ്ററിനെ വിവാഹം കഴിക്കുന്നതിനുമുമ്പ് ഇന്ദ്രാനിക്ക് ആദ്യവിവാഹത്തിലുണ്ടായ മക്കളാണ് ഷീനാ ബോറയും മിഖായില്‍ ബോറയും. പീറ്റര്‍ മുഖര്‍ജിയും മുമ്പ് വിവാഹിതനായിരുന്നു.

ഐ.എന്‍. എക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് പ്രൊമോട്ടര്‍മാരായിരുന്നു പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാനിയും. 2010ലാണ് ഇവര്‍ ഈ സ്ഥാപനത്തിലെ മാനേജ്‌മെന്റ് പദവിയില്‍നിന്ന് ഒഴിവായത്. ആഗസ്ത് 31 വരെ ഇന്ദ്രാനി മുഖര്‍ജിയെ കോടതി റിമാന്റ് ചെയ്തു.

 

 




MathrubhumiMatrimonial