Crime News

ട്രാക്കിലൂടെ പാഞ്ഞ ബൈക്ക് തീവണ്ടി തട്ടി തകര്‍ന്നു; യുവാവ് അറസ്റ്റില്‍

Posted on: 22 Aug 2015


കോട്ടയം: റെയില്‍വേ ട്രാക്കിലൂടെ രണ്ടു കിലോമീറ്ററോളം ബൈക്ക് ഓടിച്ചശേഷം വാഹനം അവിടെത്തന്നെ ഉപേക്ഷിച്ച് ഓടിമറഞ്ഞ യുവാവ് അറസ്റ്റില്‍. ചിങ്ങവനം പൂവന്തുരുത്ത് കൊച്ചുപറമ്പില്‍ ദീപു കെ.തങ്കപ്പനാണ്(35) കൊച്ചിയില്‍ അറസ്റ്റിലായത്.

മലബാര്‍ എക്‌സ്പ്രസ് തീവണ്ടിയിടിച്ച് ഒരു കിലോമീറ്ററിലധികം തള്ളിക്കൊണ്ടുപോയ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍പ്ലേറ്റ് ഉള്‍പ്പെടെ ഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തു.

മറ്റൊരിടത്ത്, ട്രെയിനിലേക്ക് വൈദ്യുതി നല്‍കുന്ന കമ്പിയില്‍ കാട്ടുവള്ളികളും മറ്റും വലിച്ചിട്ടിരുന്നു. കുറച്ചുമാറി, സര്‍വേക്കല്ലുകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ട്രാക്കില്‍ ഇട്ട നിലയിലും കണ്ടെത്തി. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥന്റെ കാറിന്റെ ചില്ലും തകര്‍ത്തു. ഇവയൊക്കെ ഇയാള്‍ത്തന്നെയാണോ ചെയ്തതെന്ന് ഉറപ്പില്ല.
കോട്ടയത്തിനും ചിങ്ങവനം റെയില്‍വേ സ്‌റ്റേഷനുമിടയില്‍ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് സംഭവം നടന്നത്. മലബാര്‍ എക്‌സ്പ്രസിനു പിന്നാലെ വന്ന അമൃത, വിവേക് എക്‌സ്പ്രസുകള്‍ പാളത്തിനുള്ളില്‍ വെച്ചിരുന്ന കരിങ്കല്ലുകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തട്ടിത്തെറിപ്പിച്ചാണ് കടന്നുപോയത്.

വ്യാഴാഴ്ച രാത്രി 10.30ഓടെ ചിങ്ങവനം പാക്കില്‍ റെയില്‍വേ മേല്‍പാലത്തിനു സമീപം വെച്ചാണ് ബൈക്കില്‍ തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോയ മലബാര്‍ എക്‌സ്പ്രസ് ഇടിച്ചത്. എന്‍ജിനില്‍ കുടുങ്ങിയ ബൈക്കുമായി ഓടിയ തീവണ്ടി രണ്ടു കിലോമീറ്ററിനപ്പുറം മൂലേടം റെയില്‍വേ ഗേറ്റിനു സമീപം മുത്തന്‍മാലിയില്‍ നിര്‍ത്തിയിട്ടു. ബൈക്ക് മാറ്റിയ ശേഷം ഓടിയ തീവണ്ടി കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചേ 3.30ഓടെ പാലക്കാടിനുള്ള അമൃത എക്‌സ്പ്രസ് കടന്നുപോയപ്പോള്‍ അസ്വാഭാവിക ശബ്ദം കേട്ടതായി തീവണ്ടി ഓടിച്ചിരുന്ന ലോക്കോപൈലറ്റ് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് പാളത്തില്‍നിന്ന് കാര്‍ഡ്‌ബോര്‍ഡും ഇലക്ട്രിക് ഉപകരണങ്ങളും കണ്ടെത്തിയത്.

ഇലക്ട്രിക് വയറുകള്‍, പഴയ വീഡിയോ ക്യാമറ, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ പതിപ്പിക്കുന്ന ബോര്‍ഡ് എന്നിവ കണ്ടെത്തിയതില്‍ ഉള്‍പ്പെടും.

വെള്ളിയാഴ്ച രാവിലെ 4.25ഓടെ ഇതുവഴി പോയപ്പോഴും അസ്വാഭാവിക ശബ്ദം കേട്ടതായി വിവേക് എക്‌സ്പ്രസ് ഓടിച്ചിരുന്ന ലോക്കോപൈലറ്റ് അറിയിച്ചു.

പരിശോധനയില്‍ പാക്കില്‍ ഭാഗത്ത് പാളത്തിനോടു ചേര്‍ന്ന് രണ്ടു വലിയ കരിങ്കല്‍ കഷണങ്ങളും സര്‍വേക്കല്ലും കണ്ടെത്തി. കല്ലുകള്‍ വെച്ചത് പാക്കില്‍ മേല്‍പ്പാലത്തിനു സമീപവും വയറുകളും ഇലക്ട്രിക്ക് ഉപകരണങ്ങളും വെച്ചത് ഒരു കിലോമീറ്ററിന് അപ്പുറമുള്ള ചാന്നാനിക്കാട് മേല്‍പ്പാലത്തിനു സമീപമുള്ള പാളത്തിലുമായിരുന്നു.ദീപുവിന്റേതുതന്നെയാണ് ബൈക്കെന്ന് പോലീസ് പറഞ്ഞു. പന്ത്രണ്ടു വര്‍ഷമായി മാനസികരോഗത്തിനു ചികിത്സയിലായ ഇയാള്‍ വീട്ടിലേക്ക് ബൈക്ക് ഓടിച്ചുകൊണ്ടുവരുമ്പോള്‍ തീവണ്ടിയുടെ ശബ്ദംകേട്ട് വാഹനം ട്രാക്കില്‍ ഉപേക്ഷിച്ചുപോയതാകാമെന്നും സംശയിക്കുന്നു.

 

 




MathrubhumiMatrimonial