
ഷൊറണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച അര്‍ധരാത്രി തലയ്ക്കടിയേറ്റ യാത്രക്കാരന്‍ മരിച്ചു
Posted on: 06 Aug 2015
ഒരാള്‍ ഗുരുതരാവസ്ഥയില്‍
അക്രമി യു.പി. സ്വദേശി മനോരോഗി
അക്രമി യു.പി. സ്വദേശി മനോരോഗി
ഷൊറണൂര്‍: ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ മനോരോഗിയായ യുവാവിന്റെ ആക്രമണത്തിനിരയായ യാത്രക്കാരന്‍ മരിച്ചു. പട്ടാമ്പി ശങ്കരമംഗലം കൊഴിക്കാട്ടിരി കിഴക്കേതില്‍ പുതുമനത്തൊടി പ്രേംകുമാര്‍ (52) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ തിരുവാരൂര്‍ സ്വദേശി കണ്ണന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കണ്ണന്‍ ന്യൂറോ-ഐ.സി.യു.വില്‍ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.
ചൊവ്വാഴ്ചരാത്രി പതിനൊന്നേമുക്കാലോടെയായിരുന്നു സംഭവം. ഇരുവരെയും ചൊവ്വാഴ്ചരാത്രിതന്നെ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ എട്ടരയ്ക്കാണ് പ്രേംകുമാര്‍ മരിച്ചത്. യു.പി. സ്വദേശിയായ മഖ്‌സൂദ് അഹമ്മദ് (30) ആണ് അക്രമി. മാനസികവിഭ്രാന്തി പ്രകടമാക്കിയ ഇയാളെയും മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
അര്‍ധരാത്രി അരമണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ വിളയാടിയ യുവാവ് യാത്രക്കാരെയും കച്ചവടക്കാരെയും ഭീതിയിലാഴ്ത്തി. അഞ്ചാമത്തെ പ്ലാറ്റ്‌ഫോമില്‍ തൂണിനുചുറ്റുമുള്ള ഇരിപ്പിടത്തില്‍ കിടന്നുറങ്ങുകയായിരുന്ന പ്രേംകുമാറിനെയും കണ്ണനെയും ഒരു മീറ്ററോളമുള്ള ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കയായിരുന്നു. കണ്ണനെയാണ് ആദ്യം അടിച്ചത്. തുടര്‍ന്ന്, ശബ്ദംകേട്ടുണര്‍ന്ന പ്രേംകുമാറിനെയും അടിച്ചു. ഇതുകണ്ട് പരിഭ്രാന്തരായ യാത്രക്കാര്‍ നാലുപാടും ചിതറിയോടി.
പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും യാത്രക്കാരും കച്ചവടക്കാരും റെയില്‍വേ ജീവനക്കാരും സ്ഥലത്തെത്തിയെങ്കിലും ആര്‍ക്കും അടുക്കാനായില്ല. ആക്രമണംകണ്ട് വിറങ്ങലിച്ചുനിന്ന യാത്രക്കാര്‍ ഒടുവില്‍ ഇയാളെ എറിഞ്ഞുവീഴ്ത്താനൊരുങ്ങുകയായിരുന്നു.
രണ്ടുപേര്‍ ഇഷ്ടികയെടുത്ത് എറിഞ്ഞതോടെ യാത്രക്കാര്‍ക്കുനേരേ പാഞ്ഞടുത്ത യുവാവ് കമ്പികൊണ്ട് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ ബാബുരാജിനെ അടിക്കാന്‍ ശ്രമിച്ചു.
ബാബുരാജിന് പരിക്കുണ്ട്. നാലാമത്തെ പ്ലാറ്റ്‌ഫോമിന്റെ വക്കില്‍ നില്‍ക്കയായിരുന്ന അക്രമിയെ ബാബുരാജ് തള്ളിമാറ്റി. പാളത്തിലേക്കുവീണ ഇയാളുടെ കൈയില്‍നിന്ന് കമ്പി തെറിച്ചുപോയി. തീവണ്ടിക്കടിയിലൂടെ നൂഴ്ന്ന് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് കയറി രക്ഷപ്പെടാന്‍ശ്രമിച്ച യുവാവിനെ എല്ലാവരുംചേര്‍ന്ന് കീഴടക്കുകയായിരുന്നു. കൈയും കാലും കയറിട്ട് കെട്ടിയശേഷം വിലങ്ങിട്ട് സ്ട്രച്ചര്‍ട്രോളിയിലാണ് യുവാവിനെ കൊണ്ടുപോയത്. റെയില്‍വേപോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സി.ഐ. ജൂബിമാത്യു ജോര്‍ജിനാണ് അന്വേഷണച്ചുമതല.
