Crime News

സിബി മരിച്ചത് തലയ്‌ക്കേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

Posted on: 15 Jul 2015


കോട്ടയം: പോലീസ് കസ്റ്റഡിയിലായിരുന്ന, മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ സിബി(40)മരിച്ചത് തലയ്ക്ക് പിന്നിലേറ്റ ക്ഷതംമൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദേഹത്തുള്ള മറ്റ് പാടുകള്‍ മര്‍ദ്ദനമേറ്റുള്ളതല്ല. അവയൊന്നും മാരകവുമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, കോട്ടയം മെഡിക്കല്‍ കോളേജിലെ െഫാറന്‍സിക് വിദഗ്ദ്ധര്‍ പാലാ ആര്‍.ഡി.ഒ. സി.കെ.പ്രകാശിനാണ് ചൊവ്വാഴ്ച കൈമാറിയത്.

ബുധനാഴ്ച പാലാ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേട്ടിനും സംസ്ഥാന മനുഷ്യാവകാശകമ്മീഷനും റിപ്പോര്‍ട്ട് കൈമാറും.
വീണാല്‍ തലയ്ക്ക് പിന്നില്‍ ഇത്തരം മുറിവുണ്ടാകില്ല. ഏതെങ്കിലും ഖരവസ്തുകൊണ്ടുള്ള ശക്തിയായ ഇടിയേറ്റാലേ ഇത്ര മാരകമായ ക്ഷതം ഉണ്ടാകൂ. ഇടിയേറ്റ ഭാഗത്ത് തലച്ചോറ് ഒരുചില്ല് നുറുങ്ങുന്നതുപോലെയായി. വീഴ്ചയിലാണ് ഇതുണ്ടായതെങ്കില്‍ തലയോടിന്റെ ചേര്‍പ്പുകള്‍ക്കും ഇളക്കം തട്ടുമായിരുന്നു. എന്നാല്‍, അതുണ്ടായിട്ടില്ല. രാസപരിശോധനാഫലംകൂടി വരാനുണ്ട്. അതുകൂടി കിട്ടിയാലേ പൂര്‍ണ ശാസ്ത്രീയ വിവരങ്ങളാകൂ.

ജൂണ്‍ 29ന് രാത്രിയിലാണ് മരങ്ങാട്ടുപിള്ളി എസ്.ഐ., കെ.എ.ജോര്‍ജുകുട്ടിയുടെ നേതൃത്വത്തില്‍ സിബിയെ കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ചതിനും അടിപിടിയുണ്ടാക്കിയതിനുമായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്. സിബിക്ക് മാരകമായ പരിക്കേറ്റത് ഈ അടിപിടിയിലാണെന്നും പോലീസ് പറയുന്നു.

രാത്രിയില്‍ സിബിയുടെ അച്ഛനമ്മമാര്‍ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഇദ്ദേഹത്തെ വിട്ടില്ല. തങ്ങള്‍ ചെല്ലുമ്പോള്‍ മഴ നനഞ്ഞ് പോലീസ് സ്റ്റേഷന്‍ മുറ്റത്താണ് മകനെ കണ്ടതെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, വണ്ടി ലഭിക്കാത്തതിനാലാണ് സിബിയെ അച്ഛനമ്മമാര്‍ രാത്രിയില്‍ കൊണ്ടുപോകാഞ്ഞതെന്നാണ് പോലീസ് ഭാഷ്യം.

പിറ്റേന്ന് പുലര്‍ച്ചയോടെ അവശനിലയില്‍ സിബിയെ ആദ്യം പാലാ ഗവണ്‍മെന്റ് ആസ്പത്രിയിലും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെവച്ച് ജൂലായ് പതിനൊന്നിന് മരിച്ചു.

ഒരാളെ കസ്റ്റഡിയിലെടുത്താല്‍ ദേഹപരിശോധന നടത്തണമെന്നുണ്ട്. പരിക്കുകളോ അവശതയോ ഉണ്ടെങ്കില്‍ ആസ്പത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കണമായിരുന്നു. സിബിയുടെ കാര്യത്തില്‍ ഇതുണ്ടാകാത്തത് പോലീസിന്റെ വാദങ്ങള്‍ ദുര്‍ബലമാക്കുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. ആരാണ് തലയ്ക്ക് ഇടിച്ചതെന്ന് അറിവായിട്ടില്ല. സിബിയുമായി അടിപിടിയുണ്ടാക്കിയ പതിനാറുകാരനെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 




MathrubhumiMatrimonial