Crime News

കേരളത്തിലേക്ക് സ്വര്‍ണം കടത്തിയിരുന്നത് സോഫ്റ്റ് വെയര്‍ ബിസിനസിന്റെ മറവില്‍

Posted on: 15 Jul 2015


നെടുമ്പാശ്ശേരി: അയര്‍ലന്‍ഡ് സ്വദേശി എഡ്വിന്‍ ആന്‍ഡ്രു ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയിരുന്നത് സോഫ്റ്റ് വെയര്‍ ബിസിനസിന്റെ മറവില്‍. ദുബായിലെ 'നെക്‌സിജന്‍' എന്ന പേരിലുള്ള സോഫ്റ്റ് വെയര്‍ കമ്പനിയുടെ പ്രതിനിധിയായാണ് ഇയാള്‍ കേരളത്തില്‍ എത്തിയിരുന്നത്. സ്വര്‍ണക്കടത്തിനായി ബിസിനസ് വിസയും ഉപയോഗപ്പെടുത്തി. സാധാരണയായി ബിസിനസ് വിസയിലും ടൂറിസ്റ്റ് വിസയിലും എത്തുന്നവരെ വിമാനത്താവളത്തില്‍ അതിസൂക്ഷ്മമായി പരിശോധിക്കാറില്ല.

വിദേശത്ത് നിന്ന് എത്തുന്ന എല്ലാ യാത്രക്കാരെയും അതിസൂക്ഷ്മമായി പരിശോധിക്കുക എളുപ്പവുമല്ല. ബിസിനസ് വിസയില്‍ എത്തുന്നവരെ പലപ്പോഴും കര്‍ശനമായി പരിശോധിക്കാറില്ലെന്ന് മനസ്സിലാക്കിയാണ് സ്വര്‍ണക്കടത്ത് സംഘം അയര്‍ലന്‍ഡ് സ്വദേശിയെ കള്ളക്കടത്തിനായി ഉപയോഗപ്പെടുത്തിയത്.

കേരളത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന വിവിധ ഐടി കമ്പനികളുടെ വിവരങ്ങള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും ഐടി കമ്പനികളുമായി ഇയാളുടെ കമ്പനി സോഫ്റ്റ് വെയര്‍ ബിസിനസുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെട്ടിട്ടുണ്ടോ എന്ന് കസ്റ്റംസ് വിഭാഗം അന്വേഷിക്കുന്നുണ്ട്. ഇയാള്‍ പത്തിലധികം തവണ കേരളത്തിലെത്തിയിട്ടുണ്ട്. ആദ്യമൊക്കെ വിസിറ്റിങ് വിസയിലായിരുന്നു. പിന്നീടാണ് യാത്ര ബിസിനസ് വിസയിലാക്കിയത്. പുറംകരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന ഏതാനും ഐടി കമ്പനികളുടെ വിവരങ്ങളാണ് ഇയാളുടെ പക്കല്‍ ഉള്ളത്.

 

 




MathrubhumiMatrimonial