Crime News

പൂജപ്പുര ജയില്‍ ചാടിയയാള്‍ പിടിയില്‍

Posted on: 14 Jul 2015


മൂലമറ്റം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയയാളെ കാഞ്ഞാറില്‍ പിടികൂടി. തിരുവനന്തപുരം അരുവിക്കരയ്ക്ക് സമീപം കുതിരകുളം മേലേകുളത്ത് കുന്നുംപുറത്ത് വീട്ടില്‍ ഗോപിയെയാണ് കാഞ്ഞാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവെ, ഇയാള്‍ ജയില്‍ ചാടുകയായിരുന്നു.
കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയിംസിന് കിട്ടിയ രഹസ്യവിവരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയസ് ജോര്‍ജിന് കൈമാറിയിരുന്നു. കാഞ്ഞാര്‍ എസ്.ഐ. സുധാകരന്‍, എസ്.ഐ. നാസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്‍സില്‍ റഷീദ്, സുനി എന്നിവര്‍ ഞായറാഴ്ച വൈകീട്ട് ഗോപി താമസിച്ചിരുന്ന മൂലമറ്റം എ.കെ.ജി. കോളനിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയില്‍ ചാടിയതിന് പൂജപ്പുര സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. കൂടെ താമസിച്ച സ്ത്രീ കുട്ടി മരിച്ച വിഷമത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. മൂലമറ്റത്ത് മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. പ്രതിയെ പൂജപ്പുര പോലീസിന് കൈമാറും.

 

 




MathrubhumiMatrimonial