
കോട്ടയ്ക്കലിലെ പീഡനം: അനിയത്തിയും ഇരയായി
Posted on: 08 Jul 2015
മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു
കോട്ടയ്ക്കല്‍: കോട്ടയ്ക്കലിനു സമീപത്തെ പുലിക്കോട്ടില്‍ പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പതിനൊന്ന് വയസുള്ള ഇളയസഹോദരിയും സഹോദരനും പലതവണ പീഡനത്തിനിരയായതായി ചൈല്‍ഡ് ലൈന്‍ മുമ്പാകെ മൊഴിനല്‍കിയിട്ടുണ്ട്. ഇവരുടെ മൂത്തസഹോദരനാണ് പീഡിപ്പിച്ചത്. ഇയാള്‍ നേരത്തെതന്നെ മോഷണം ഉള്‍പ്പെടെ നിരവധികേസുകളില്‍ പ്രതിയാണ്. ഇയാള്‍ ഇടനിലക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ നിരവധിപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ആരൊക്കെയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നറിയാന്‍ മാതാപിതാക്കളെ തിരൂര്‍ സി.ഐ. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരികയാണ്.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കുട്ടിയെ കോഴിക്കോട് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയിലായ സാഹചര്യത്തില്‍ മറ്റുനാലുകുട്ടികളെക്കൂടി ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തതായി ജില്ലാ കോ ഓഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു. മൂത്തസഹോദരിയുടെ കൂടെയായിരുന്നു ഇവര്‍. ചൊവ്വാഴ്ച സ്‌കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷമാണ് ഏറ്റെടുത്തത്. ഇതില്‍ പീഡനത്തിനിരയായ രണ്ടുകുട്ടികളുടെ കൂടെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തും. ചൈല്‍ഡ് ലൈനിന്റെ പരാതിപ്രകാരമാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. തിരൂര്‍ ഡിവൈ.എസ്.പിക്ക് കേസിന്റെ മേല്‍നോട്ടച്ചുമതല നല്‍കിയിട്ടുണ്ട്. ചൈല്‍ഡ്‌ലൈന്‍ സീനിയര്‍ കൗണ്‍സിലര്‍ മുഹ്‌സിന്‍പാരി, രജീഷ്ബാബു പട്ടത്ത്, റൂബിരാജ്, റാഷിദ് എന്നിവരാണ് കുട്ടികളെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്.
