Ramzan Banner

പള്ളിയില്‍ ഭജനം

Posted on: 11 Sep 2009

സി. മുഹമ്മദ് ഫൈസി



റംസാനിലെ ഒരു പ്രധാനകര്‍മമാണ് പള്ളിയില്‍ ഭജനമിരിക്കല്‍. ഇഅ്തികാഫ് എന്നാണ് സാങ്കേതികശബ്ദം. റംസാനിലെ അവസാനത്തെ പത്ത് ദിനരാത്രങ്ങളില്‍ ഇത് പ്രത്യേകം പുണ്യമുള്ളതാകുന്നു. മുഹമ്മദ്‌നബിയും അനുചരന്മാരും ശ്രദ്ധയോടെ ഈ ആചാരം നിര്‍വഹിച്ചിരുന്നു.
ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഏകാഗ്രതയും മാനസികമായ ഉല്‍ക്കര്‍ഷവും കിട്ടുന്നു. പള്ളിയില്‍ കടന്നുചെന്ന് ദീര്‍ഘനേരം ഇരിക്കുന്നതുവഴി ദൈവത്തിന്റെ സാമീപ്യം തിരിച്ചറിയുന്നു. ചീത്തവ്യക്തികളുമായി, മദ്യവും ലഹരിയും വിതരണം ചെയ്യുന്ന ക്യാമ്പുകളില്‍ സമയം വിനിയോഗിച്ച ദൗര്‍ഭാഗ്യവാന്മാര്‍, അത്തരം കുറ്റങ്ങള്‍ക്ക് സന്ദര്‍ഭം കൊടുക്കാതെ പള്ളിയിലേക്ക് അഭയംപ്രാപിക്കുകയാണ്.
മക്കത്തെ മസ്ജിദുല്‍ഹറാം എന്ന വലിയപള്ളി മുതല്‍ ഗ്രാമങ്ങളിലെ തൈക്കാവുകള്‍ വരെ എല്ലാ മസ്ജിദുകളിലും ഇഅ്തികാഫിന്റെ ആരവങ്ങള്‍ കേള്‍ക്കാം. സമൂഹത്തില്‍നിന്ന് ഒളിച്ചോടാനല്ല, സമൂഹത്തിന്റെ ദുഷിച്ച ബന്ധങ്ങളെ കൈവിട്ട് പള്ളിയില്‍ സമ്മേളിക്കുന്ന നല്ലവ്യക്തികളുമായി സൗഹൃദം ഊട്ടിയുറപ്പിക്കാനാണ് ഈ കര്‍മം ലക്ഷ്യമിടുന്നത്. പഴയകാലത്ത് മഹാചാര്യന്മാര്‍ മലയിലും ഗുഹയിലും തപസ്സിരുന്നതായി വേദങ്ങളും ഇതിഹാസങ്ങളും പറയുന്നുണ്ട്. അവര്‍ അതുവഴി നേടിയ പ്രകാശത്തിന്റെ കിരണങ്ങള്‍ ഏറ്റവും ആവശ്യമുള്ള കാലഘട്ടമാണിത്. മതങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ആചാരങ്ങള്‍ അര്‍ഥശൂന്യമല്ല. ദൈവവും നല്ലമനുഷ്യരും നമുക്ക് ഗുണംചൊരിയുന്നുണ്ട്. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍, നല്ലവ്യക്തികളുടെ സഹവാസത്തിലൂടെ അവരുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും സമ്പാദിക്കാന്‍ ഈ ആചാരങ്ങള്‍ക്ക് കഴിയുന്നുണ്ട്.
സംഘര്‍ഷഭരിതമായ പുതിയ സാഹചര്യത്തില്‍, ഒരു നല്ലമനസ്സും ശരീരവും സങ്കല്പിച്ചെടുത്ത് അഭിമാനബോധത്തോടെ മുന്നോട്ടുനീങ്ങാനുള്ള കരുത്ത് പ്രാര്‍ഥനകള്‍ നേടിത്തരും. അതാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന ഇഅ്തികാഫിന്റെ ലക്ഷ്യവും പൊരുളും.



MathrubhumiMatrimonial