goodnews head

പൊതുശൗചാലയങ്ങള്‍ക്കായി ഒരു കുടുംബത്തിെന്റ കേരളയാത്ര

Posted on: 05 May 2015


തിരുവനന്തപുരം: ഒരു രൂപയ്ക്ക് അരി കിട്ടും. എന്നാല്‍ പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കാനോ? ജേപ്പി ഭൂമിക്കാരന്റെ ചോദ്യമാണിത്. പൊതു ശൗചാലയങ്ങള്‍ക്ക് വേണ്ടി മൂന്നാം കേരള യാത്ര നടത്തുകയാണ് ജേപ്പിയും കുടുംബവും. 'പൊതു ശൗചാലയങ്ങള്‍ പൊതുജനാവശ്യം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജേപ്പിയും ഭാര്യ ശ്രീകലയും കേരള യാത്ര നടത്തുന്നത്. 2013, 2014 വര്‍ഷങ്ങളിലും ഇതേ ആവശ്യവുമായി ഇവര്‍ കേരള യാത്ര നടത്തിയിരുന്നു. പൊതു ശൗചാലയവും കുടിവെള്ളവും എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നതാണ് ഈ കുടുംബത്തിന്റെ ലക്ഷ്യം.

ശ്രീകല നടത്തുന്ന ഭൂമിക്കാരന്‍ എന്ന മാസികയുടെ പേരിലാണ് ഇവര്‍ യാത്ര നടത്തുന്നത്. പതിന്നാല് ജില്ലകളില്‍ യാത്ര നടത്തിയ ഇവര്‍ നൂറ്റിപ്പത്തോളം എം.എല്‍.എമാരെ സന്ദര്‍ശിച്ചു. ജേപ്പിയുടെയും ശ്രീകലയുടെയും മൂന്നാം കേരള യാത്ര തിരുവനന്തപുരത്താണ് സമാപിക്കുന്നത്. യാത്രയിലുടനീളം ഇവര്‍ പൊതുജനങ്ങളില്‍ നിന്നും ഹര്‍ജിയില്‍ ഒപ്പ് ശേഖരിച്ചിരുന്നു. ഇത് രണ്ട് ദിവസത്തിനകം മുഖ്യമന്ത്രിയെ കണ്ട് ഒപ്പിട്ട ഹര്‍ജി സമര്‍പ്പിക്കും. ഏപ്രില്‍ ഒന്നിനാണ് ഇരുവരും ചേര്‍ന്ന് കാസര്‍കോട്ട് നിന്നും യാത്ര ആരംഭിച്ചത്. യാത്രയില്‍ കാണുന്നവര്‍ക്കായി വിവിധ പച്ചക്കറികളുടെ വിത്തുകളും ഇരുവരും നല്‍കുന്നുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ യാത്രയില്‍ മക്കളായ ജ്വാലയും ഉജ്വലും കൂടെയുണ്ടായിരുന്നു. ഒരു രൂപയ്ക്ക് അരി കിട്ടും എന്നാല്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അഞ്ച് രൂപ നല്‍കണം. പൊതു ശൗചാലയങ്ങില്‍ പൈസ നല്‍കിയാലും എന്താവശ്യത്തിനാണ് കയറുന്നതെന്ന് വിശദീകരിക്കേണ്ട ദുരവസ്ഥയാണ് ജനങ്ങള്‍ക്കുള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരവും തേടിയാണ് യാത്ര നടത്തുന്നതെന്ന് ജേപ്പി പറയുന്നു. കഴിഞ്ഞ രണ്ട് യാത്രയിലും കാര്യമായ ഗുണം ലഭിച്ചില്ല.

പലിശരഹിത ലഘു വായ്പ പദ്ധതി, ആദര്‍ശ വിവാഹ വേദി, ആത്മഹത്യാ പ്രതിരോധ പദ്ധതി, വിഷരഹിത അടുക്കളത്തോട്ട പ്രോത്സാഹന പദ്ധതി തുടങ്ങിയ സംരംഭങ്ങള്‍ കാലടിയിലും സ്വദേശമായ കൊല്ലത്തും ഇരുവരും നടത്തുന്നുണ്ട്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ജീവനക്കാരനാണ് ജേപ്പി. 1996ലാണ് ജേപ്പി ശ്രീകലയെ ജീവിതത്തില്‍ കൂടെ കൂട്ടുന്നത്. അന്ന് മുതല്‍ എല്ലാത്തിനും ജേപ്പിയോടൊപ്പം ശ്രീകലയുണ്ട്.

യാത്രയില്‍ ഇരുവരും താമസിക്കുന്നത് സുഹൃത്തുക്കളുടെ വീടുകളിലാണ്. മകള്‍ ജ്വാല പ്ലസ്ടുവിനും മകന്‍ ഉജ്വല്‍ പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്. സ്വന്തം നാടായ കൊല്ലത്താണ് 1987ല്‍ ജേപ്പി ഇതേ ആവശ്യവുമായി ആദ്യമായി സമരത്തിന് ഇറങ്ങിയത്.

 

 




MathrubhumiMatrimonial