Ramzan Banner

ആയിരങ്ങളുടെ രാത്രി

Posted on: 10 Sep 2009

സി. മുഹമ്മദ് ഫൈസി



മതങ്ങള്‍ പ്രകാശമാകുന്നു. ഇരുട്ടില്‍നിന്ന് മനുഷ്യന് മോചനം നല്‍കാന്‍ പ്രവാചകന്മാര്‍ വന്നു. അജ്ഞതയുടെയും ദുഃഖങ്ങളുടെയും ഇരുട്ട് വ്യാപിക്കുമ്പോള്‍ മനുഷ്യന്‍ ഭയചകിതനാകുന്നു. നിരാശബാധിച്ച് ആത്മഹത്യയ്ക്ക് ഒരുങ്ങുന്നു. ഇല്ല, ഈ രാത്രിക്കുശേഷം വീണ്ടും വെളിച്ചമുണ്ട്. കരയാതെ, ക്ഷമയോടെ കാത്തിരിക്കുക. രോഗങ്ങളും പ്രയാസങ്ങളും വരുമ്പോള്‍ ദൈവം എന്നെ കൈവിട്ടുവെന്ന് പരാതിപ്പെടരുത്. അവന്‍ തന്നെയാണല്ലോ സൃഷിച്ചതും വിവിധ കഴിവുകള്‍ നല്‍കിയതും. മണിക്കൂറുകള്‍ മാത്രം കഴിയട്ടെ. സൂര്യനുദിക്കും; രക്ഷയുടെ മാര്‍ഗ്ഗങ്ങള്‍ തുറന്നുകിട്ടും. റംസാനില്‍ എല്ലാ രാത്രികളും പ്രകാശപൂരിതമാണ്. തറാവീഹ് എന്ന പേരിലുള്ള 20 നിസ്‌കാരങ്ങള്‍... പ്രത്യേക പ്രാര്‍ത്ഥനകള്‍... പകലിനേക്കാള്‍ രാത്രിയില്‍ അധ്വാനങ്ങള്‍... സദ്യകളും സല്‍ക്കാരങ്ങളും... അതോടൊപ്പം മുപ്പതുരാത്രികളില്‍ ഒരു നാള്‍ 1000 മാസത്തിന്റെ ഇരട്ടിപ്പ് ലഭിക്കുന്ന ലൈലതുല്‍ ഖദ്ര്‍... റംസാന്‍ 20നും 30നും മധ്യേയാണ് ഈ രാത്രി വച്ചിട്ടുള്ളത്. ഗോപ്യമാണ്. അല്ലാഹുവിനു മാത്രമേ ഇത് കണിശമായി അറിയുകയുള്ളൂ- 83 വര്‍ഷത്തെ ആരാധനയുടെ പ്രതിഫലം ഈ ഒരു രാത്രികൊണ്ട് ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു.

ഒരു വ്യക്തിയുടെ ശരാശരി ജീവിതദൈര്‍ഘ്യം 70 വയസ്സാണല്ലോ. അത്രയും കാലംകൊണ്ട് പലതും നേടാന്‍ കഴിയും. ഒരാള്‍ തികച്ചും അശ്രദ്ധയിലും അലസതയിലും തെണ്ടിനടന്നു. എല്ലാം നഷ്ടപ്പെടുത്തിയ വ്യഥ ആ വ്യക്തിയെ വരിഞ്ഞുമുറുക്കി. സംഘര്‍ഷംകൊണ്ട് പൊറുതിമുട്ടി. മതം കടന്നുവരുന്നു. ദുഃഖിക്കരുത്, താങ്കള്‍ക്ക് വ്രതവും ആരാധനയും നിര്‍വഹിക്കാമോ? ഒരു സമ്മാനമുണ്ട്. ലൈലതുല്‍ ഖദ്ര്‍. അയാള്‍ മതത്തിന്റെ വിശുദ്ധി നേടാന്‍ മുന്നോട്ടുവന്നു.

പ്രാര്‍ത്ഥനയിലൂടെ മതം നല്‍കുന്ന മോട്ടിവേഷന് ഒരു ഉദാഹരണമാണിത്. മതങ്ങള്‍ സമ്മാനിക്കുന്ന ആനുകൂല്യങ്ങള്‍ ആധുനികലോകത്ത് ഏറ്റവും വലുതാണ്. പ്രതീക്ഷകളുടെ ലോകത്തേക്ക് മനുഷ്യനെ കൈപിടിച്ചുയര്‍ത്തുകയാണിവിടെ. എല്ലാം സൃഷ്ടിച്ചുക്രമപ്പെടുത്തിയ പ്രപഞ്ചനാഥന്‍ ചിലതിന് ചിലതിനേക്കാള്‍ മഹത്വം നല്‍കുന്നതില്‍ കുറ്റം കാണേണ്ടതില്ലല്ലോ.
രാത്രികള്‍ക്ക് പകലിനേക്കാള്‍ സൗന്ദര്യമുണ്ട്. ഏകാഗ്രതയിലൂടെ ലോകത്തെ അടുത്തറിയാന്‍ ദൈവവുമായി സംഭാഷണം നടത്താന്‍ മനുഷ്യന്‍ തിരഞ്ഞെടുക്കുന്നത് രാത്രികളുടെ ഭക്തിസാന്ദ്രവും വിജനവുമായ യാമങ്ങളെയാണ്. സ്വന്തത്തിന്റെ കുറ്റങ്ങള്‍ കണ്ടെത്തി സ്വയം തിരുത്താനുള്ള ശ്രമം.

മനുഷ്യന്റെ കൂടെ എപ്പോഴും പ്രവാചകന്‍ ഇല്ല. ഗുരുവും മാതാപിതാക്കളും എപ്പോഴും ഉണ്ടാകില്ല. എന്റെ ദൈവം എന്നെ കാണുന്നു. ഞാന്‍ പാപം ചെയ്താല്‍ അവന്‍ അറിയും. അവന്റെ തൃപ്തി നഷ്ടമാകും. ഞാന്‍ നന്മയുടെ ഏജന്റാകണം- മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യണം.

സഹവാസംകൊണ്ടും സാഹചര്യംകൊണ്ടും പാപിയായിത്തീര്‍ന്ന ഈ ശരീരത്തിന് മോചനമുണ്ടോ? ദാനധര്‍മങ്ങള്‍, പ്രാര്‍ത്ഥനകള്‍, അന്നദാനം, പിണങ്ങിയവരോട് ഇണങ്ങല്‍ തുടങ്ങിയ സദ്കര്‍മങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ രാത്രി ഉപയോഗപ്പെടുത്തുന്നു. സാഹചര്യങ്ങളെ പഴിക്കാതെ, കഴിഞ്ഞകാല ജീവിതത്തെ ശപിക്കാതെ പശ്ചാത്താപത്തിന്റെ വസന്തഭൂമിയിലേക്കുള്ള ഒരു പാലമായി ലൈലതുല്‍ ഖദ്ര്‍ നമ്മെ സ്വാഗതം ചെയ്യുന്നു.



MathrubhumiMatrimonial