
പേന സമരായുധമാക്കി അരവിന്ദാക്ഷന്‍
Posted on: 29 Apr 2015
നദീറ അജ്മല്‍

കത്തിടപാടുകളും എഴുത്തുകുത്തുകളും പൂര്‍ണമായും നിലച്ചു പോയാല്‍ പേനകള്‍ സമാരകങ്ങളാകുമെന്ന് ഓര്‍മപ്പെടുത്തുകയാണ് ബംഗലുരു മലയാളി അരവിന്ദാക്ഷന്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഉപയോഗത്തിലുണ്ടായിരുന്ന മഷിയില്‍ മുക്കി എഴുതുന്ന സ്റ്റീല്‍ പേനമുതല്‍
അത്യാധുനിക സാങ്കേതികത്തികവുള്ള പേനകള്‍ വരെ ഈ 68 കാരന്റെ ശേഖരത്തിലുണ്ട്.സുഖവിവരങ്ങളും ,വിശേഷങ്ങളും പ്രണയവുമൊക്കെ മഷിമണമുണങ്ങാത്ത കടലാസു തുണ്ടുകളായികുറിപ്പുകളായി നമ്മെ തേടിയെത്തിയ കാലത്തിന്റെ ഓര്‍മപുതുക്കുകയാണ് അരവിന്ദാക്ഷന്റെ പേനാകൂട്ടം.
ബെംഗളൂരു ലിംഗരാജ പുരത്തെ എച്ച ആര്‍ ബി ആര്‍ ലേ ഔട്ടിലെ വസതിയിലെത്തുന്നവരെ വിവിധ വര്‍ണ്ണങ്ങളിലും ആകൃതിയിലുമുള്ള പേനകളാണ് വരവേല്‍ക്കുക. ഓരോന്നിനും പറയാന്‍ ഓരോ കാലഘട്ടത്തിന്റെ കഥയുണ്ട്. ഐ ടി രംഗത്തെ കുതിച്ച് ചാട്ടത്തില്‍ പേനകളെ മറന്നതിലുള്ള വേദനകള്‍ ചിലരുടെ മനസിലെങ്കിലും തിരയടിച്ചേക്കാം.

പേനകളില്‍ കേമന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള സ്റ്റീല്‍ പെന്‍ എന്ന മഷിയില്‍ ഒപ്പിയെഴുതുന്ന പേനയാണ്. ഇതിന് നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ചരിത്രസിനിമകളില്‍ കണ്ട് പരിചയിച്ച സ്റ്റീല്‍ പേനക്ക് പ്രൗഡിയുടെ ഒരു ചരിത്രം തന്നെ പറയാനുണ്ട്. വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള പേനകള്‍, സ്വദേശിയും വിദേശിയുമായി 2500ഓളം വരും. .
അരവിന്ദാക്ഷന്റെ ശേഖരണത്തിലുള്ള പല പേനകളും ഇന്ന് ഉപയോഗത്തിലില്ല ചെറുപ്പത്തിന്റെ ആവേശത്തില്‍ വാങ്ങികൂട്ടിയതായിരുന്നു പേനകളെല്ലാം. യാത്ര പോകുന്നിടത്തു നിന്നെല്ലാം പേനകള്‍ ശേഖരിച്ചു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമെല്ലാം പേനകമ്പം കണ്ട് പേനകള്‍ സമ്മാനമായി നല്‍കാനും തുടങ്ങിയതോടെ ശേഖരണം ഗൗരവമായി കണ്ടു. അരവിന്ദാക്ഷന്‍ പറയുന്നു.
സര്‍വ്വതും ഡിജിറ്റല്‍മയമായ ആധുനിക കാലത്ത് പേനകളുടെ നിലനില്‍പ്പ് ഭീഷണിയിലാണെന്ന് ഇദ്ദേഹം ഓര്‍മപ്പെടുത്തുന്നു. മുമ്പ് എല്ലാഎഴുത്തു കുത്തുകളും നടത്താനുപയോഗിച്ചിരുന്ന പേനകള്‍ ഇന്ന് ഒപ്പ് പതിക്കാന്‍ മാത്രമായാണ് ചിലര്‍ ഉപയോഗിക്കുന്നത്.
പേനകളുടെ ഉപയോഗം കേവലം എഴുതുക എന്നതില്‍ ഒതുങ്ങുന്നില്ല. ആധുനിക യുഗത്തില്‍ പേനകള്‍ പെന്‍ ഡ്രൈവുകളും സ്‌പൈക്യാമറകള്‍ ഘടിപ്പിക്കാനുള്ള ഉപകരണവുമൊക്കെയായി പരിണമിച്ച കാര്യം ഈ തൃശൂര്‍ക്കാരന്‍ അംഗീകരിക്കുന്നു. അപ്പോള്‍ പിന്നെ പേനയുടെ ആധുനിക രൂപങ്ങള്‍ അതും സാങ്കേതികത്തികവില്‍ മുന്നില്‍ നില്‍ക്കുന്നവ തന്നെ ശേഖരത്തിലേക്കു ചേര്‍ക്കാനാണ് തീരുമാനം.
