Crime News

സവാഹിര്‍ വധം: മുഖ്യപ്രതിയും സഹായിയും അറസ്റ്റില്‍

Posted on: 05 Apr 2015


ചാവക്കാട്: അവിഹിതബന്ധം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചങ്ങാടി സ്വദേശികളായ ചാലില്‍ ചിന്നക്കല്‍ ഷാഹിദ് (26), പണ്ടാരത്തില്‍ കറുത്ത വീട്ടില്‍ റംഷാദ് (24) എന്നിവരെയാണ് ചാവക്കാട് സി.ഐ. പി. അബ്ദുള്‍ മുനീറും സംഘവും അറസ്റ്റ് ചെയ്തത്. ചാവക്കാട് അഞ്ചങ്ങാടി ആസ്പത്രി റോഡിന് സമീപം പുതിയകത്ത് മാമ്മുട്ടിയുടെ മകന്‍ സവാഹി (27)റിനെയാണ് വ്യാഴാഴ്ച രാത്രി സംഘം ചേര്‍ന്ന് തല്ലിക്കൊന്നത്.

സവാഹിറിന് അടുപ്പമുണ്ടായിരുന്നുവെന്നു പറയുന്ന യുവതിയുടെ ബന്ധുവാണ് കേസിലെ ഒന്നാംപ്രതിയായ ഷാഹിദ്. മൂസാറോഡിന് സമീപത്തെ കടപ്പുറത്തുവച്ച് സവാഹിറും ഷാഹിദും തമ്മില്‍ വാക്കേറ്റം നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു. സവാഹിറും ഷാഹിദും ഇതിനുശേഷം ഇരുവഴിക്ക് പോയി. പിന്നീട് സവാഹിര്‍ യുവതിയുടെ വീടിനടുത്തെത്തിയ വിവരം അറിഞ്ഞാണ് ഷാഹിദ് അവിടെയെത്തുന്നത്. കൂട്ടുകാരെയും കൂടെക്കൂട്ടി. അടിയേറ്റ് അവശനായി വീണ സവാഹിറിനെ പ്രതികള്‍ചേര്‍ന്ന് പെട്ടി ഓട്ടോറിക്ഷ വിളിച്ച് ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍ മരണം സ്ഥിരീകരിച്ചതോടെ ഇവര്‍ സ്ഥലം വിട്ടു.

തലയ്‌ക്കേറ്റ മാരകമായ മുറിവിലൂടെ ഉണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് സവാഹിര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടന്ന സ്ഥലത്ത് പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ചാവക്കാട് സി.ഐ. പി.അബ്ദുള്‍ മുനീര്‍, എസ്.ഐ.മാരായ മഹേന്ദ്രസിംഹന്‍, കെ.വി. അശോകകുമാര്‍, എ.എസ്.ഐ. കെ.വി. മാധവന്‍, സീനിയര്‍ സി.പി.ഒ. എ.കെ. സുരേന്ദ്രന്‍, സി.പി.ഒ.മാരായ സന്ദീപ് , സുനില്‍, ബിന്ദുരാജ്, വിന്‍സന്റ് എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും അവര്‍ക്കുവേണ്ടിയിട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമാണെന്നും സി.ഐ. പി.അബ്ദുള്‍ മുനീര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു. തൃശ്ശൂര്‍ റൂറല്‍ എസ്.പി. എന്‍. വിജയകുമാര്‍ ചാവക്കാട് സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്യുകയും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.

 

 




MathrubhumiMatrimonial