Crime News

സ്‌ഫോടകവസ്തു പൊട്ടിച്ച് പൈപ്പ് തകര്‍ത്തു; പെരുവേലില്‍ചാല്‍ പുഞ്ചയില്‍ പമ്പിങ് തടസ്സപ്പെട്ടു

Posted on: 22 Mar 2015


മാങ്കാംകുഴി: തഴക്കര പഞ്ചായത്ത് 11-ാംവാര്‍ഡ് വെട്ടിയാര്‍ കോട്ടേമലയില്‍ പെരുവേലില്‍ചാല്‍ പുഞ്ചയിലേക്ക് ജലസേചനത്തിനായി സ്ഥാപിച്ചിട്ടുള്ള ചെറുകിട ജലസേചന പമ്പ്ഹൗസിലെ ഇരുമ്പുപൈപ്പ് അജ്ഞാതര്‍ സ്‌ഫോടകവസ്തു പൊട്ടിച്ച് തകര്‍ത്തു. പൈപ്പ് തകര്‍ന്നതിനാല്‍ ശനിയാഴ്ച പുഞ്ചയിലേക്കുള്ള പമ്പിങ് തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. സ്‌ഫോടനത്തെത്തുടര്‍ന്ന് പത്തടി നീളമുള്ള ഇരുമ്പുപൈപ്പിന്റെ ഒരുവശം തകരുകയും വിള്ളലുകള്‍ വീഴുകയും ചെയ്തു.

പെരുവേലില്‍ചാല്‍ പുഞ്ചയുടെ സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവമായിരുന്നു വെള്ളിയാഴ്ച. അവിടെ വെടിക്കെട്ട് നടന്നിരുന്നു. അതിനാല്‍ പുഞ്ചയുടെ മറുകരയിലുള്ള പമ്പ്ഹൗസില്‍ സ്‌ഫോടനം നടന്ന വിവരം ശനിയാഴ്ച രാവിലെ പമ്പ്ഹൗസിലെത്തിയ ഓപ്പറേറ്റര്‍മാരാണ് കണ്ടത്. മൈനര്‍ ഇറിഗേഷന്‍ ചാരുംമൂട് ഓഫീസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശങ്കരപ്പിള്ള, ഓവര്‍സിയര്‍ ഡെയ്‌സി എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി പമ്പിങ് നിര്‍ത്തിവച്ചു.

കുറത്തികാട് പോലീസില്‍ പരാതി നല്‍കി. താത്കാലിക പമ്പ്ഹൗസില്‍നിന്ന് ബള്‍ബുകള്‍, ടാപ്പുകള്‍, പൈപ്പുകള്‍ എന്നിവ നിരന്തരം മോഷണം പോകാറുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ പൈപ്പുകള്‍ എത്തിച്ച് പമ്പിങ് പുനരാരംഭിക്കുമെന്ന് ചെറുകിട ജലസേചനവകുപ്പ് അധികൃതര്‍ പറഞ്ഞു.

 

 




MathrubhumiMatrimonial